ബൂസ്റ്റർ ഡോസ് ആർക്കൊക്കെ? എങ്ങനെ ബുക്ക് ചെയ്യാം
|ഡോസ് ലഭിക്കാൻ അർഹതയുള്ള മുഴുവൻ പേരും ഒമിക്രോൺ സാഹചര്യത്തിൽ അവരവരുടെ ഊഴമനുസരിച്ച് കരുതൽ ഡോസ് സ്വീകരിക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു
കോവിഡ് പ്രതിരോധ വാക്സിനേഷന്റെ ബൂസ്റ്റർ ഡോസ് വിതരണം തിങ്കളാഴ്ച ആരംഭിക്കുകയാണ്. സംസ്ഥാനത്തും അന്നു മുതൽ ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ഡോസ് ലഭിക്കാൻ അർഹതയുള്ള മുഴുവൻ പേരും ഒമിക്രോൺ സാഹചര്യത്തിൽ അവരവരുടെ ഊഴമനുസരിച്ച് കരുതൽ ഡോസ് സ്വീകരിക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു.
ആർക്കൊക്കെ ലഭിക്കും?
ആരോഗ്യ പ്രവർത്തകർ, കോവിഡ് മുന്നണി പോരാളികൾ, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. രണ്ടാം ഡോസ് വാക്‌സിൻ എടുത്തുകഴിഞ്ഞ് ഒൻപതുമാസം കഴിഞ്ഞവർക്കാണ് കരുതൽ ഡോസ് ലഭിക്കുക.
ബുക്കിങ് എന്നു മുതൽ?
കരുതൽ ഡോസിനുള്ള ബുക്കിങ് ഞായറാഴ്ച ആരംഭിക്കും. നേരിട്ടും ഓൺ ലൈൻ ബുക്കിങ് വഴിയും ബൂസ്റ്റർ ഡോസ് സ്വീകരിക്കാം. ഓൺലൈൻ വഴി ബുക്ക് ചെയ്ത് വാക്‌സിൻ സ്വീകരിക്കാൻ പോകുന്നതായിരിക്കും സമയം നഷ്ടപ്പെടാതിരിക്കാൻ നല്ലത്.
എങ്ങനെ ബുക്ക് ചെയ്യാം?
ബൂസ്റ്റർ ഡോസിനായി വീണ്ടും റജിസ്റ്റർ ചെയ്യേണ്ടതില്ല. മറിച്ച് നേരത്തെ റജിസ്റ്റർ ചെയ്ത കോവിൻ പോർട്ടലിൽ ബുക്ക് ചെയ്താൽ മതി. ബുക്കിങ് ഇങ്ങനെ:
https://www.cowin.gov.in എന്ന ലിങ്കിൽ പോകുക. നേരത്തെ രണ്ട് ഡോസ് വാക്‌സിനെടുത്ത അതേ ഫോൺ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.രണ്ട് ഡോസ് വാക്‌സിൻ എടുത്തതിനു താഴെ കാണുന്ന പ്രിക്കോഷൻ ഡോസ് എന്ന ഐക്കണിന്റെ വലതുവശത്ത് കാണുന്ന ഷെഡ്യൂൾ പ്രിക്കോഷൻ ഡോസ് എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക. അവിടെ വാക്‌സിനേഷൻ സമയവും ബുക്ക് ചെയ്യാം.