കുട്ടികളിലെ ഹൃദയാഘാതം; ഡോക്ടർമാർക്ക് പറയാനുള്ളത്...
|പുകവലിക്കുന്നവരുമായുള്ള ഇടപെഴകലും കുട്ടികളിലെ ഹൃദയാഘാതത്തിന് കാരണമായേക്കാം
ഗുജറാത്തിൽ പ്ലസ്ടു വിദ്യാർഥിനി ഹൃദയാഘാതം മൂലം മരിച്ചത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്. ക്ലാസ്സിലേക്കുള്ള പടികൾ കയറുന്നതിനിടെ പെട്ടെന്ന് കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയും മരിക്കുകയുമായിരുന്നു. ഏപ്രിലിൽ ഹൃദയാഘാതം മൂലം 13കാരി മരിച്ചതും വാർത്തയായി. തെലങ്കാനയിലായിരുന്നു ഈ സംഭവം.
പണ്ടൊക്കെ പ്രായക്കൂടുതലുള്ളവരിൽ മാത്രം കണ്ടുവന്നിരുന്ന ഹൃദയാഘാതം ഇന്ന് പ്രായഭേദമന്യേ കൊച്ചു കുട്ടികളുടെ പോലും ജീവനെടുക്കാൻ തുടങ്ങി. എന്താണ് കുട്ടികളിലെ ഹൃദയാഘാതത്തിന് കാരണം? വിവരങ്ങൾ പങ്കു വയ്ക്കുകയാണ് ഹൈദരാബാദ് യശോദ ഹോസ്പിറ്റൽസിലെ കാർഡിയോളജിസ്റ്റ് ഡോ.വി രാജശേഖർ, ഗുരുഗ്രാം സി.കെ ബിർള ഹോസ്പിറ്റലിലെ നിയോനാറ്റോളി ആൻഡ് പീഡിയാട്രിക്സ് കൺസൾട്ടന്റ് ഡോ.ശ്രേയ ദൂബെ എന്നിവർ.
കുട്ടികളിലെ ഹൃദയാഘാതത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തൊക്കെ?
ഒരു പ്രധാന ഘടകം ജനനസമയത്ത് തന്നെ ഹൃദയത്തിനുള്ള പ്രശ്നങ്ങളാണ്. ഹൃദയത്തിന്റെ ഘടനയിലും മറ്റുമുള്ള വ്യത്യാസങ്ങൾ അതിന്റെ പ്രവർത്തനത്തെയും ഭാവിയിൽ ബാധിച്ചേക്കാം. ജനിതകമായ കാരണങ്ങളും, കാർഡിയോമയോപതീസ്, കവസാക്കി പോലുള്ള രോഗങ്ങൾ മൂലവും കുട്ടികളിൽ ഹൃദയാഘാതമുണ്ടായേക്കാം.
മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കുട്ടികളുടെ ഹൃദയാരോഗ്യത്തിന് ഭക്ഷണശീലം വളരെ സ്വാധീനം ചെലുത്തുന്നുണ്ട്. തെറ്റായ ഭക്ഷണരീതി മൂലം ചെറുപ്പത്തിലെ ഉണ്ടാകുന്ന
അമിതവണ്ണം, പ്രമേഹം, അമിത രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവയ്ക്ക് കാരണമാകും. കുട്ടികളിൽ പുകവലി കുറവാണെങ്കിലും പുകവലിക്കുന്നവരുമായുള്ള ഇടപെഴകലും അവരിലെ ഹൃദയാഘാതത്തിന് കാരണമായേക്കാം. മതിയായ വ്യായാമമില്ലാത്തതും ഹൃദയാഘാതത്തിലേക്ക് നയിക്കും.
ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ എന്തൊക്കെ?
ചർമത്തിൽ നീലനിറം പ്രത്യക്ഷപ്പെടുന്നതാണ് ഹൃദയാഘാതത്തിന് ശരീരം കാട്ടുന്ന പ്രധാന ലക്ഷണം. ചുണ്ടുകൾക്ക് ചുറ്റുമാണ് ഇത് പ്രധാനമായും കാണപ്പെടുക. ഭക്ഷണം കഴിക്കാനുള്ള വിമുഖത, ശ്വാസതടസ്സം, വിളർച്ച, സന്ധിവേദന, നെഞ്ചുവേദന, പെട്ടെന്ന് ബോധം കെടുക തുടങ്ങിയവും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണ്.
മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട ഹെൽത്ത് ടിപ്പുകൾ
കുട്ടിയുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ചെക്ക് അപ്പുകൾ നടത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. ലക്ഷണങ്ങൾ നേരത്തേ കണ്ടെത്തി വേണ്ട ചികിത്സ നൽകിയാൽ ഹൃദയാഘാതം ഒരു പരിധി വരെ തടയാം.
പഴങ്ങളും പച്ചക്കറികളും കുട്ടികളുടെ ഡയറ്റിന്റെ ഭാഗമാക്കുകയാണ് ഏറ്റവും പ്രധാനം. ഭക്ഷണം ക്രമീകരിക്കുന്നതിനൊപ്പം വ്യായാമത്തിനും സമയം കണ്ടെത്തണം.