Health
Why does heartbreak hurt so much?
Health

വേർപിരിയലുകൾ മാനസികവേദന ഉണ്ടാക്കുന്നതെങ്ങനെ? ശാസ്ത്രത്തിന് ഉത്തരമുണ്ട്...

Web Desk
|
27 March 2023 12:24 PM GMT

ബ്രേക്ക്അപ്പ് ഉണ്ടാകുമ്പോൾ തോന്നുന്ന മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ വെറും തോന്നലല്ല എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്

പ്രിയപ്പെട്ടവരിൽ നിന്നുള്ള വേർപിരിയലുകൾ കടുത്ത മാനസിക വേദന ഉണ്ടാക്കാറുണ്ട്. അത് പ്രണയമാകട്ടെ,സൗഹൃദമാകട്ടെ... പറഞ്ഞറിയിക്കാനാവാത്ത ഒരു തരം വിങ്ങലാണ് അനുഭവപ്പെടുക.

ഇതൊക്കെ നമ്മുടെ തോന്നലാണെന്ന് എത്ര ആശ്വസിക്കാൻ ശ്രമിച്ചാലും ആ വേദന കൂടുന്നതല്ലാതെ കുറയാറില്ല. വേർപിരിയലുകൾ ഇത്തരത്തിൽ മാനസികവും ശാരീരികവുമായ വേദനയുണ്ടാക്കുന്നതിന് ശാസ്ത്രീയമായ കാരണമുണ്ട്. അത് വിശദീകരിക്കുകയാണ് ഇംഗ്ലണ്ടിലെ ഡോ.ഫോക്‌സ് ഓൺലൈൻ ഫാർമസിയിലെ മെഡിക്കൽ റൈറ്റർ ആയ ഡോ.ഡെബോറാ ലീ. ബ്രേക്ക്അപ്പ് ഉണ്ടാകുമ്പോൾ തോന്നുന്ന മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ വെറും തോന്നലല്ല എന്നാണ് ലീ പറയുന്നത്.

"പ്രണയത്തിലാവുമ്പോൾ ശരീരത്തിൽ കഡിൽ ഹോർമോൺ എന്നറിയപ്പെടുന്ന ഓക്‌സിറ്റോസിൻ, ഫീൽ ഗുഡ് ഹോർമോൺ ആയ ഡോപമിൻ എന്നിവ ഉത്പാദിപ്പിക്കപ്പെടും. എന്നാൽ പ്രണയം നഷ്ടപ്പെടുമ്പോൾ ഇവയുടെ അളവ് കുറയുകയും പകരം സ്‌ട്രെസ് ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവ് കൂടുകയും ചെയ്യും. ഇത് രക്തസമ്മർദം കൂടുന്നതിനും അമിതവണ്ണത്തിനും ഉത്കണ്ഠയ്ക്കുമൊക്കെ കാരണമായേക്കാം".

"പ്രണയം തകരുമ്പോൾ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോണുകൾ നാഡീവ്യൂഹത്തിന്റെ സിംപതറ്റിക്കും പാരാസിംപതറ്റിക്കുമായ ഭാഗങ്ങളെ ഉത്തേജിപ്പിക്കും. ഒന്ന് മറ്റൊന്നിനെ ബാലൻസ് ചെയ്താണ് ഇവ പ്രവർത്തിക്കുക. സിംപതറ്റിക് ഭാഗം ഹൃദയമിടിപ്പ് കൂട്ടുന്നതിനും ശ്വസനത്തിനുമൊക്കെ സഹായിക്കുമ്പോൾ പാരാസിംപതറ്റിക് നെർവസ് സ്റ്റിസം ശരീരത്തിനാവശ്യമായ വിശ്രമം പ്രദാനം ചെയ്യുന്നു. രണ്ടും ഒരേ സമയം ഉത്തേജിപ്പിക്കപ്പെടുന്നത് തലച്ചോറിലേക്കും ഹൃദയത്തിലേക്കുമുള്ള സന്ദേശങ്ങൾ വ്യക്തമാകാതെ പോകുന്നതിന് കാരണമാകും. ഇത് ഹൃദയത്തിന്റെ മുഴുവനായുള്ള ആരോഗ്യത്തെ കാര്യമായി ബാധിച്ചേക്കാം. പങ്കാളികൾ മരിച്ചവരിൽ 41 ശതമാനവും ആറ് മാസത്തിനുള്ളിൽ തന്നെ മരണപ്പെടുന്നതിന് ഒരു കാരണമിതാണ്". ലീ വ്യക്തമാക്കുന്നു.

ഒരു ബന്ധം തകരുമ്പോൾ ഉണ്ടാകുന്ന ന്യൂറോബയോളജിക്കൽ ആയിട്ടുള്ള പ്രത്യാഖ്യാതങ്ങൾ നെഞ്ചുവേദന, അമിത ഭയം തുടങ്ങിയവയ്ക്ക് കാരണമാകുമെന്നാണ് ഇംഗ്ലണ്ടിലെ കപ്പിൾസ് തെറാപ്പി ക്ലിനിക്കിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റും തെറപ്പിസ്റ്റുമായ എറിക് റൈഡൻ പറയുന്നത്.

ബ്രേക്ക് അപ്പുകളും സമൂഹത്തിൽ നിന്നുള്ള ഒറ്റപ്പെടലുമെല്ലാം ശാരീരികമായ ബുദ്ധിമുട്ടുകളിലേക്ക് നയിച്ചേക്കാമെന്ന് 2011ൽ ബയോളജിക്കൽ സയൻസസ് പ്രസിദ്ധീകരിച്ച ഒരു പഠനവും സൂചിപ്പിച്ചിരുന്നു.

ചില ആളുകളിൽ ബ്രേക്ക്അപ്പുകൾ ടാക്കോസുബോ കാർഡിയോമയോപ്പതി എന്ന രോഗാവസ്ഥയ്ക്ക് കാരണമാവാറുണ്ട്. ബ്രോക്കൺ ഹാർട്ട് സിൻഡ്രോം എന്നാണ് ഇത് അറിയപ്പെടുന്നത് തന്നെ. കഠിനമായ ശാരീരിക-വൈകാരിക സമ്മർദം മൂലം സംഭവിക്കുന്ന ഇത് ശസ്തക്രിയ മൂലവും ശാരീരികമായ മറ്റ് അസുഖങ്ങൾ മൂലവും ചിലപ്പോൾ ഉണ്ടാകാം.

രക്തം പമ്പു ചെയ്യുന്ന സ്വാഭാവിക രീതിക്ക് മാറ്റം വരുത്തുന്ന ഈ രോഗാവസ്ഥ രക്തം പമ്പ് ചെയ്യുന്നതിന് ഹൃദയത്തിൽ കൂടുതൽ സമ്മർദം ചെലുത്തുകയും ഇതിന്റെ ഫലമായി നെഞ്ചു വേദന അനുഭവപ്പെടുത്തുകയും ചെയ്യും.

Similar Posts