ഫ്രഞ്ച് ഫ്രൈസ് അമിതമായി കഴിച്ചാൽ വിഷാദരോഗമുണ്ടാകുമോ? സത്യാവസ്ഥ ഇതാണ്...
|ഭക്ഷണത്തിലെ അനാരോഗ്യകരമായ തെരഞ്ഞെടുപ്പുകൾ പല രോഗങ്ങൾക്കും വഴി വയ്ക്കാറുണ്ട്
എന്ത് ഫുഡ് ഓർഡർ ചെയ്താലും ഒപ്പം ഫ്രഞ്ച് ഫ്രൈസ് കൂടി ഓർഡർ ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിച്ചോളൂ, ഇന്നല്ലെങ്കിൽ നാളെ വിഷാദരോഗം നിങ്ങളെ പിടികൂടാൻ സാധ്യതയുണ്ട്.
ഫ്രഞ്ച് ഫ്രൈസ് പോലെ വറുത്തെടുത്ത ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നവരിൽ വിഷാദവും അമിത ഉത്കണ്ഠയും വർധിക്കുമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റിയിലെ സെന്റ് ലൂയിസ് സ്‌കൂൾ ഓഫ് മെഡിസിനിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. വറുത്ത ഉരുളക്കിഴങ്ങുകൾക്ക് വിഷാദരോഗമുണ്ടാക്കാനുള്ള കഴിവ് കൂടുതലാണെന്നും പഠനം പറയുന്നു.
പഠനത്തിനായി 140728 പേരെയാണ് ഗവേഷകർ തെരഞ്ഞെടുത്തത്. ഇവരിൽ ഫ്രൈഡ് ഫൂഡ്‌സ് സ്ഥിരം കഴിക്കുന്നവരിൽ അമിത ഉത്കണ്ഠയും വിഷാദരോഗവും 12 ശതമാനവും 7 ശതമാനവും ഉള്ളതായി കണ്ടെത്തി. വറുത്ത ഭക്ഷണത്തിലുള്ള അക്രൈൽ അമൈഡുകളാണ് രോഗത്തിലേക്ക് നയിക്കുന്നത്. ശരീരത്തിലെ ലിപിഡ് മെറ്റബോളിസം തകർക്കുന്ന ഇവ മാനസികാരോഗ്യത്തെ കാര്യമായി ബാധിക്കും.
പിഎൻഎഎസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ട് പ്രകാരം പുരുഷന്മാരും യുവതീയുവാക്കളും പുകവലിക്കുന്നവരുമാണ് ഫ്രൈഡ് ഫൂഡ്‌സിന്റെ ആരാധകർ. ഇവരിലാണ് വിഷാദരോഗത്തിന് സാധ്യത കൂടുതലും. ഫ്രൈഡ് ഫൂഡ്‌സ് കൊണ്ടു മാത്രം ഇവ ഉണ്ടാകില്ലെങ്കിലും വറുത്ത ഭക്ഷണങ്ങൾക്ക് ഒരു പരിധി വരെ വിഷാദരോഗത്തെ സ്വാധീനിക്കാൻ കഴിവുണ്ടെന്നാണ് ഹൂസ്റ്റണിലെ മെമ്മോറിയൽ ഹെർമനിലെ ബേരിയാട്ടിക് സർജൻ ഡോ.ഫെലിക്‌സ് സ്പീഗൽ പറയുന്നത്.
ഭക്ഷണത്തിലെ അനാരോഗ്യകരമായ തെരഞ്ഞെടുപ്പുകൾ പല രോഗങ്ങൾക്കും വഴി വഴി വയ്ക്കാറുള്ളത് കൊണ്ടു തന്നെ ജങ്ക് ഫൂഡും ഫ്രൈസും ഒന്നും പരിധിയിൽ കൂടുതൽ കഴിക്കാതിരിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും.