തൈര് രാത്രിയില്‍ കഴിച്ചാല്‍ ?
|പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുള്ള തൈര് കുടലിന്റെ ആരോഗ്യത്തിനും നല്ലതാണ്
ഒരുപാട് പോഷകഗുണങ്ങളുള്ള ആഹാരമാണ് തൈര്. ദഹനം ശരിയാക്കാനും പ്രതിരോധ ശേഷി വർധിപ്പിക്കാനുമൊക്കെ തൈര് ഏറ്റവും മികച്ച ആഹാരമാണ്. പാൽ കുടിക്കാൻ ഇഷ്ടമില്ലാത്തവരോട് തൈര് ഇഷ്ടമാണെങ്കിൽ കഴിക്കാൻ പറയാനുണ്ട്. പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുള്ള തൈര് കുടലിന്റെ ആരോഗ്യത്തിനും നല്ലതാണ്. പേശികളുടെ വളർച്ചക്കും എല്ലുകൾക്ക് ബലം നൽകുന്നതിനുമുള്ള കാൽസ്യവും പ്രോട്ടീനും തൈരിലുണ്ട്.
ചിലരാകട്ടെ, രാവിലെയും ഉച്ചക്കുമെല്ലാം തൈര് കൂട്ടിയാണ് ഭക്ഷണം കഴിക്കാറ്.എന്നാൽ പലരും രാത്രി തൈര് കഴിക്കാറില്ല. പഴമക്കാർ പറയുന്നതുകൊണ്ടാണ്. തൈര് കഴിച്ചാൽ അപകടം പറ്റുമെന്നൊക്കെയാണ് പലരുടെയും ധാരണ. യഥാർഥത്തിൽ തൈര് രാത്രിയിൽ കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്‌നമുണ്ടോ?..
തൈര് രാത്രി കഴിക്കുന്നതുകൊണ്ട് പറഞ്ഞുകേൾക്കുന്ന രീതിയിലുള്ള അപകടമൊന്നുമില്ലെന്നാണ് ചില ഡോക്ടർമാർ പറയുന്നത്. അതേസമയം, തൈര് രാത്രിയിൽ കഴിക്കുന്നത് മൂലം ദഹനപ്രശ്‌നങ്ങൾ ഉണ്ടാകുകയും ഇതുമൂലം ഉറക്കെ ബാധിക്കുകയും ചെയ്യും. വെറും വയറ്റിലാണ് തൈര് കഴിക്കുന്നതെങ്കിൽ അസിഡിറ്റിക്കും കാരണമാകും. ഇതിന് പുറമെ വയറിന് അസ്വസ്ഥതകളും ഉണ്ടാക്കും.
രാത്രിയിൽ തൈര് കഴിക്കുന്നത് കഫം വർധിക്കാൻ കാരണമാകുമെന്നാണ് ആയുർവേദത്തിൽ പറയുന്നത്. മധുരവും പുളിപ്പും ചേർന്ന തൈര് കഫം വർധിപ്പിക്കുമെന്നും ചുമ, മൂക്കടപ്പ് ഉള്ളവർ തൈര് രാത്രി കഴിക്കരുതെന്നും ആയുർവേദം പറയുന്നു. ഇക്കാരണത്താലാണ് തൈര് രാത്രി കഴിക്കരുതെന്ന് പറയുന്നത്.
അപ്പോള്‍ തൈര് എപ്പോള്‍ കഴിക്കാം... തൈര് കഴിക്കാൻ ഏറ്റവും നല്ല സമയം പകലാണ്. രാവിലെയോ ഉച്ചക്കോ തൈര് കഴിക്കാം. ഇത് ദഹനത്തെ സഹായിക്കുകയും ശരീരത്തിന് ഊർജം നൽകുകയും ചെയ്യും.