Health
ക്യാൻസർ വരെ അകറ്റും; ചില്ലറക്കാരനല്ല മാതളം..
Health

ക്യാൻസർ വരെ അകറ്റും; ചില്ലറക്കാരനല്ല മാതളം..

Web Desk
|
5 Oct 2022 11:57 AM GMT

മാതളത്തിന്റെ പുറംതോട് ചർമത്തിനും നല്ലതാണ്

നാം കഴിക്കുന്ന ഭക്ഷണമാണ് പ്രധാനമായും നമ്മുടെ ആരോഗ്യത്തെ നിർണയിക്കുന്നത്. വിറ്റാമിൻ ധാരാളം അടങ്ങിയ പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉത്തമമാണ്. അത്തരം ആരോഗ്യഗുണങ്ങൾ നിറയെ അടങ്ങിയിട്ടുള്ള ഒരു പഴമാണ് മാതളനാരങ്ങ. ക്യാൻസർ, ഹൃദ്രോഗം അടക്കമുള്ള പല ഗുരുതര രോഗങ്ങളെയും അകറ്റി നിർത്താൻ മാതളം സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അൽപം പുളിയോട് കൂടിയ മധുരമുള്ള ഈ പഴം ജ്യൂസ് ആക്കിയോ, സലാഡിനൊപ്പമോ കഴിക്കാവുന്നതാണ്. ഭക്ഷ്യയോഗ്യമല്ലാത്ത മാതളത്തിന്റെ പുറംതോട് ചർമത്തിനും നല്ലതാണ്. ഇത് ഉണക്കി ഫേസ്‌പാക്കായും ഉപയോഗിക്കാം. മാതളം ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ക്യാൻസർ സാധ്യത കുറയ്‌ക്കുന്നു

സ്‌തനാർബുദം, ശ്വാസകോശം, വൻകുടൽ എന്നിവിടങ്ങളിൽ ഉണ്ടാകുന്ന ക്യാൻസർ ഇവയെ പ്രതിരോധിക്കാൻ മാതളനാരങ്ങ ഫലപ്രദമാണെന്ന് ആരോഗ്യ വിദഗ്‌ധർ പറയുന്നു. മാതളത്തിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും ഫ്ലേവനോയ്ഡുകളും ചർമത്തിനും ശ്വാസകോശ സംബന്ധമായ രോഗങ്ങൾ അകറ്റുന്നതിനും ഉത്തമമാണ്.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

പോളിഫിനോൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ മാതളനാരങ്ങ ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന് സൂചനയുണ്ട്. മാതളനാരങ്ങയുടെ സത്ത് രക്തസമ്മർദ്ദം കുറയ്‌ക്കുകയും ധമനികളിലുണ്ടാകുന്ന വീക്കം തടയുകയും ചെയ്യും. ശരീരത്തിലെ രക്തപ്രവാഹം സുഗമമാക്കാനും മാതളം സഹായിക്കും.

പ്രമേഹത്തെ പറ്റി പേടി വേണ്ട

പ്രമേഹ രോഗികളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണമെന്ന് ഡോക്‌ടർമാർ നിർദ്ദേശിക്കുന്ന പഴങ്ങളിലൊന്നാണ് മാതളം. മാതളനാരങ്ങ ജ്യൂസ് കുടിക്കുന്ന പ്രമേഹരോഗികളിൽ ഇൻസുലിൻ പ്രതിരോധം മെച്ചപ്പെട്ടതായി കണ്ടെത്തലുകളുണ്ടായിരുന്നു. മാത്രമല്ല, ആരോഗ്യകരമായ ഭാരം നിലനിർത്താനും മാതളം സഹായിക്കും.

വൃക്കയിലെ കല്ലിനെ ചെറുക്കുന്നു

ഭൂരിഭാഗം ആളുകളെയും അലട്ടുന്ന പ്രശ്‌നമാണ് വൃക്കയിലുണ്ടാകുന്ന കല്ലുകൾ. പ്രധാനമായും വെള്ളത്തിന്റെ അഭാവമാണ് ഈ അവസ്ഥക്ക് കാരണം. മാതളനാരങ്ങയുടെ സത്ത് വൃക്കയിൽ കല്ലുകൾ ഉണ്ടാകുന്നത് തടയും.

കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്നു

ധമനികളിൽ കൊഴുപ്പും കൊളസ്ട്രോളും അടിഞ്ഞുകൂടുന്നത് രക്തപ്രവാഹം തടസപ്പെടുത്തുകയും ഹൃദ്രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യും. ധമനികളെ തടസപ്പെടുത്തുന്ന മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്‌ക്കാൻ മാതള ജ്യൂസ് ഉത്തമമാണ്. കൂടാതെ, ലിപ്പോപ്രോട്ടീൻ കൊളസ്ട്രോൾ അല്ലെങ്കിൽ നല്ല കൊളസ്‌ട്രോൾ ഉയർത്താനും മാതളം സഹായിക്കും.

അണുബാധകളെ തടയും

അസുഖങ്ങൾ മൂലമോ മുറിവുകൾ കൊണ്ടോ ശരീരത്തിലുണ്ടാകുന്ന വീക്കം കുറയ്‌ക്കാൻ മാതളം സഹായിക്കും. മുറിവുകൾ മൂലമുണ്ടാകുന്ന അണുബാധകൾ തടയാനും ബാക്ടീരിയകളെ അകറ്റാനും മാതളം പ്രയോജനകരമാണ്.

തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കുന്നു

തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ ഫലപ്രദമായ ഒരു പഴമാണ് മാതളം. മസ്തിഷ്‌ക കോശങ്ങളുടെ ആരോഗ്യം വർധിപ്പിക്കുന്നതിന് മാതളം സഹായിക്കുന്നു. കൂടാതെ, തലച്ചോറിനെ ബാധിക്കാൻ സാധ്യതയുള്ള അൽഷിമേഴ്‌സ്, പാർക്കിൻസൺസ് എന്നീ രോഗങ്ങളെ തടയാനും മാതളം ഫലപ്രദമാണ്.

ഒരു കുഞ്ഞൻ പഴത്തിൽ ഇത്രയും ഗുണങ്ങളോ എന്ന് അതിശയിക്കേണ്ടതില്ല. ഡയറ്റിൽ ഒരു മാതളം കൂടി ഉൾപ്പെടുത്തൂ, ആരോഗ്യകരമായ ജീവിതം നയിക്കാൻ ഈ കുഞ്ഞൻ പഴം നിങ്ങളെ സഹായിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

Similar Posts