വ്യായാമത്തിന് മുമ്പ് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ
|നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ വ്യായാമത്തിന്‍റെ ഫലത്തെ ബാധിക്കും
ആരോഗ്യമുള്ള ശരീരത്തിനും മനസിനും വ്യായാമം കൂടിയേ തീരു. വ്യായാമമില്ലായ്മയാണ് പല രോഗങ്ങളെയും വിളിച്ചുവരുത്തുന്നത്. ജീവിത തിരക്കുകൾക്കിടയിൽ പ്രഭാത നടത്തത്തിനൊന്നും പലർക്കും കാര്യമായി നേരം കിട്ടാറില്ല. അതുകൊണ്ട് തന്നെയാണ് ജിമ്മിൽ പോയി വ്യായാമം ചെയ്യുന്നവരാണ് കൂടുതലും. എന്നാൽ വ്യായാമത്തിന് മുമ്പ് എന്ത് കഴിക്കുമെന്ന് പലർക്കിപ്പോഴും അറിയില്ല.വയറുനിറയെ ഭക്ഷണം കഴിച്ച് വ്യായാമത്തിലേർപ്പെടുന്നവരുണ്ട്. വ്യായാമത്തിന് പോലെ പ്രധാനമാണ് നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങളും. വ്യായാമത്തിന് മുമ്പ് ഒരിക്കലും കഴിക്കാൻ പാടില്ലാത്ത നിരവധി ഭക്ഷണങ്ങളുണ്ട്.
പ്രോട്ടീൻ ബാറുകൾ
പ്രോട്ടീൻ ബാറുകൾ കഴിച്ചാണോ വ്യായമത്തിന് പോകുന്നത്. എന്നാൽ ആ ശീലം നിർത്തിക്കോളൂ.ഇതിൽ ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ വ്യായാമത്തിന്റെ ലക്ഷ്യത്തെ ഇല്ലാതാക്കും.
കോളിഫ്‌ളവറുകൾ, ബ്രൊക്കോളി
നാരുകളടങ്ങിയ പച്ചക്കറികൾ നമ്മുടെ ആരോഗ്യത്തിന് ഒരുപാട് ഗുണം ചെയ്യും. ബ്രൊക്കോളി,കോളിഫ്‌ളവർ ഇവയിലെല്ലാം ധാരാളം ഫൈബറുകൾ അടങ്ങിയിട്ടുണ്ട്. എന്നാൽ വ്യായാമത്തിന് മുമ്പ് ഇത്തരം പച്ചക്കറികൾ കഴിച്ചിട്ടുണ്ടെങ്കിൽ ദഹിക്കാൻ പ്രയാസമായിരിക്കും.
മാത്രമല്ല,വ്യായാമം അസ്വസ്ഥമാക്കുകയും ചെയ്യും. വേവിച്ച ഉരുളക്കിഴങ്ങ് പോലെ പെട്ടന്ന് ദഹിക്കുന്ന രീതിയിലുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കുക.
തൈര്
പ്രോട്ടീൻ ബാറുകൾ പോലെ പഞ്ചസാരയും കൊഴുപ്പും ഇതിലും ഉയർന്ന അളവിലുണ്ട്. ഇതും ദഹനത്തിന് പ്രശ്‌നമുണ്ടാക്കുകയും നിങ്ങളുടെ വ്യായാമം ദുഷ്‌കരമാക്കുകയും ചെയ്യും.
സ്മൂത്തികൾ
സ്മൂത്തിയിൽ ഉയർന്ന അളവിൽ കലോറി അടങ്ങിയിട്ടുണ്ട്. വ്യായാമത്തിന് മുമ്പ് സ്മൂത്തികൾ കുടിക്കുന്നത് നല്ലതല്ലെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
ഫാസ്റ്റ് ഫുഡ്
ഫാസ്റ്റ് ഫുഡുകൾ കഴിക്കാൻ ഇഷ്ടമല്ലാത്തവരാണ്..ജിമ്മിലേക്ക് പോകുന്നവഴി അൽപം ഫാസ്റ്റ് ഫുഡ് കഴിച്ചേക്കാമെന്ന് വിചാരിക്കുന്നുണ്ടെങ്കിൽ അത് മണ്ടൻ തീരുമാനമെന്ന് അറിയുക. മിക്ക ഫാസ്റ്റ് ഫുഡുകളിലും ഉയർന്ന അളവിൽ കൊഴുപ്പും പഞ്ചസാരയും അടങ്ങിയിട്ടുണ്ടാകും.
എനർജി ഡ്രിങ്കും സോഡയും
എനർജി ഡ്രിങ്കുകൾ നിങ്ങളുടെ ഹൃദയമിടിപ്പും രക്തസമ്മർദവും വർധിപ്പിക്കും. വ്യായാമം കഴിയുന്നതുവരെ എനർജി ഡ്രിങ്കുകൾ ഒഴിവാക്കുന്നതാണ് നല്ലത്. സോഡ കുടിക്കുമ്പോൾ ഊർജവും കലോറിയും ധാരാളം ലഭിക്കുമെങ്കിലും പ്രത്യേകിച്ച് പോഷകമൂല്യമമൊന്നും കിട്ടുന്നില്ല. ശരീരത്തിലെ ജലാംശം പെട്ടന്ന് ഇല്ലാതാകുകയും ചെയ്യും.