റിസ്റ്റ് ബാൻഡുകളുടെ ആരാധകരാണോ? എങ്കിൽ ഈ വരും വരായ്കകളെ പറ്റിയും അറിഞ്ഞോളൂ...
|റിസ്റ്റ് ബാൻഡുകളിലൂടെ ഗുരുതര രോഗങ്ങൾ ഉണ്ടാകാമെന്നാണ് ഫ്ളോറിഡ അറ്റ്ലാന്റിക് യൂണിവേഴ്സിറ്റിയിൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നത്
ഫ്രണ്ട്ഷിപ്പ് ഡേ, വാലന്റൈൻസ് ഡേ എന്നിവയ്ക്കൊക്കെ കൈകളിൽ റിസ്റ്റ് ബാൻഡുകൾ കെട്ടിക്കൊടുക്കുന്നത് സ്കൂളുകളിലെയും കോളജുകളിലെയുമൊക്കെ സ്ഥിരം കാഴ്ചയാണ്. ഇത് കാലാകാലങ്ങളോളം കയ്യിൽ കിടക്കുകയും ചെയ്യും. പ്രിയപ്പെട്ടവരുടെ ഓർമയ്ക്കായി കെട്ടുന്നത് കൊണ്ടു തന്നെ ഇതെത്ര നാൾ കയ്യിൽ കിടക്കുന്നുവോ അത്രയും സന്തോഷമാണ് നമുക്ക്.
എന്നാൽ ഇത്തരം റിസ്റ്റ് ബാൻഡുകളിലൂടെ ഗുരുതര രോഗങ്ങൾ ഉണ്ടാകാമെന്നാണ് ഫ്ളോറിഡ അറ്റ്ലാന്റിക് യൂണിവേഴ്സിറ്റിയിൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നത്. റിസ്റ്റ് ബാൻഡുകൾ ബാക്ടീരിയകളുടെ വിളനിലമാണെന്ന് യൂണിവേഴ്സിറ്റിയിലെ ചാൾസ് ഇ-ഷ്മിഡിറ്റ് കോളജ് ഓഫ് സയൻസസിലെ ഗവേഷകർ നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. ഇ-കോളി, സ്റ്റെഫലോകോക്കസ് ഉൾപ്പടെയുള്ള ബാക്ടീരിയകൾ റിസ്റ്റ് ബാൻഡുകളിൽ സ്ഥിരമാണെന്നാണ് പഠനത്തിൽ പറഞ്ഞു വയ്ക്കുന്നത്. പഠനത്തിനെടുത്ത 95 ശതമാനം റിസ്റ്റ് ബാൻഡുകളിലും ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ചർമത്തിലും ശ്വാസകോശത്തിലും കാണപ്പെടുന്ന ബാക്ടീരിയകളാണ് ഈ ബാൻഡുകളിലും കണ്ടെത്തിയത്.
പ്ലാസ്റ്റിക്, റബ്ബർ ബാൻഡുകളിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കൂടുതലായി കണ്ടെത്തിയത്. മെറ്റൽ ബാൻഡുകൾ ബാക്ടീരിയകൾ താരതമ്യേന കുറവായിരുന്നതായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു
റിസ്റ്റ് ബാൻഡുകളിൽ ബാക്ടീരിയകൾ കയറിക്കൂടുന്നതെങ്ങനെ...
ചർമവുമായി ചേർന്ന് കിടക്കുന്നവയാണ് റിസ്റ്റ് ബാൻഡുകൾ. ചർമത്തിലെ ചൂടും ഈർപ്പവുമെല്ലാം ബാക്ടീരിയയ്ക്ക് വളരാനുള്ള അന്തരീക്ഷമൊരുക്കും.
ശരീരം വിയർക്കുമ്പോഴുണ്ടാകുന്ന നനവ് ബാക്ടീരിയയുടെ വളർച്ചയ്ക്ക് സഹായിക്കും. വിയർപ്പിലെ ഉപ്പും മറ്റ് ഘടകങ്ങളും ഇവയുടെ വളർച്ച പ്രോത്സാഹിപ്പിക്കും. റിസ്റ്റ് ബാൻഡുകൾ പോലെ തന്നെ സ്മാർട്ട് വാച്ചുകളും ഫിറ്റ്നസ് ട്രാക്കറുകളുമൊന്നും വൃത്തിയാക്കാത്തതും ബാക്ടീരിയകളുടെ വളർച്ചയ്ക്ക് കാരണമാകാറുണ്ട്.
റിസ്റ്റ് ബാൻഡുകൾ എന്നും വൃത്തിയാക്കുകയാണ് ബാക്ടീരിയകളെ തടയാനുള്ള ഏക പോംവഴി. ഒരേ ബാൻഡ് ഒരുപാട് നാൾ ഉപയോഗിക്കുന്നതും ഒഴിവാക്കാം.