Health
Health
ഇനിയല്‍പ്പം യോഗ ചെയ്യാം; കോവിഡ് നല്കിയ ടെന്‍ഷനും സങ്കടവും കുറയ്ക്കാം...
|21 Jun 2021 2:26 AM GMT
'യോഗ, സൌഖ്യത്തിനായി' എന്നതാണ് ഈ വര്‍ഷത്തെ യോഗ ദിനത്തിന്റെ തീം
കോവിഡ് പിടിമുറുക്കിയതിന് ശേഷം വരുന്ന രണ്ടാമത്തെ രാജ്യാന്തര യോഗാ ദിനമാണ് ഇന്ന്. വ്യക്തികളുടെ മാനസികാരോഗ്യത്തെ കോവിഡ് വളരെയേറെ ബാധിച്ചിട്ടുണ്ട്. ലോക്ക്ഡൌണ്‍ ഇളവുകളുണ്ടെങ്കിലും വര്‍ക്ക് ഫ്രെം ഹോമും ഓണ്‍ലൈന്‍ ക്ലാസുകളും എല്ലാമായി പലരും വീടിനകത്ത് തന്നെയാണ്.
മാനസിക സമ്മര്‍ദ്ദവും വിഷാദവും ഉത്കണ്ഠയും മൂലമുള്ള വിഷമതകളിലാണ് പ്രായഭേദമന്യേ ലോകമെങ്ങുമുള്ള ഭൂരിപക്ഷം മനുഷ്യന്മാരും. ഈ വിഷമതകളെ പ്രതിരോധിക്കാനായി ആളുകള്‍ അവസാനം അഭയം കണ്ടെത്തുന്നത് യോഗയിലായി മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ 'യോഗ, സൌഖ്യത്തിനായി' എന്നതാണ് ഈ വര്‍ഷത്തെ യോഗ ദിനത്തിന്റെ തീം പോലും. കാരണം കോവിഡ് കാലത്തെ ഉത്കണ്ഠ കുറയ്ക്കാന്‍ യോഗ സഹായിക്കുമെന്ന് ഐക്യരാഷ്ട്രസഭയും പറയുന്നു.
എന്താണ് യോഗയുടെ ഗുണങ്ങള്‍
- മാനസിക പിരിമുറുക്കം കുറയ്ക്കുന്നു.
- ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കുന്നു.
- ബ്ലഡ് പ്രഷര്‍ കുറയ്ക്കുന്നു.
- കൊളസ്ടോള് ലെവല്‍ കുറയുന്നതിന് സഹായിക്കുന്നു.
- ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നു
- ദഹനപ്രക്രിയയെ സഹായിക്കുന്നു.
- മുഖക്കുരു, അകാല വാര്‍ധക്യം എന്നിങ്ങനെ ശരീരത്തിനുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നു.
- മസിലിന് നല്ല അയവും ശരീരത്തിന്റെ കരുത്ത്, സ്റ്റാമിന എന്നിവ വര്‍ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
- ശ്വസനേന്ദ്രിയങ്ങളെ സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കുന്നു.
- മനസിനെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു
- സ്വഭാവ രൂപീകരണത്തിനും യോഗ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
യോഗ ചെയ്യുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം?
- യോഗ നന്നായി അറിയാവുന്ന ഒരാളില്‍ നിന്നു വേണം പഠിക്കേണ്ടത്. സ്വയം പഠിച്ചുകളയാം എന്ന ചിന്ത വേണ്ട.
- പറ്റുമെങ്കില്‍ ഒരു ഡോക്ടറെ കണ്ട് പ്രാഥമിക ആരോഗ്യ പരിശോധന നടത്തുന്നത് നന്നായിരിക്കും. ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങള്‍ പലപ്പോഴും അദൃശ്യമായിരിക്കും. രോഗങ്ങളുള്ളവര്‍ അതറിയാതെ യോഗ ചെയ്യുന്നത് ഗുണത്തേക്കാളേറെ ദോഷമായിരിക്കും ചെയ്യുക.
- രാവിലെയും വൈകുന്നേരവും ആണ് യോഗ ചെയ്യുവാന്‍ തെരഞ്ഞടുക്കേണ്ടത്.
- കുറച്ച് സമയം വിശ്രമിച്ചതിനു ശേഷമായിരിക്കണം യോഗ ആരംഭിക്കേണ്ടത്.
- ആഹാരത്തിനു മുമ്പ് വേണം യോഗ ചെയ്യേണ്ടത്. ആഹാരം കഴിച്ച ഉടനെ യോഗ ചെയ്യുവാന്‍ പാടില്ല.
- ഭക്ഷണം കഴിഞ്ഞ് മൂന്നു മണിക്കൂര്‍ എങ്കിലും കഴിഞ്ഞേ യോഗ ചെയ്യാവൂ.
- വാരിവലിച്ച് ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കുക, ചിട്ടയായ ഭക്ഷണശീലം ശീലിക്കുക. കഴിയുന്നതും വെജിറ്റേറിയന്‍ ആയിരിക്കുന്നതാണ് നല്ലത്.
- യോഗ ചെയ്യുവാന്‍ തെരഞ്ഞെടുക്കുന്ന സ്ഥലം ശാന്തവും പൊടിപടലങ്ങള്‍ ഇല്ലാത്തതും ഈര്‍പ്പമില്ലാത്തതുമായ സ്ഥലവുമായിരിക്കണം.
- കാറ്റും വെളിച്ചവുമുള്ള വൃത്തിയായ ഒരു മുറിയില്‍ നല്ല നീളവും വീതിയുമഉള്ള ഒരു കോട്ടണ്‍ ബെഡ്ഷീറ്റ് വിരിച്ച് അതില്‍ നിന്നു വേണം യോഗ ചെയ്യാന്‍.
- ഇറുക്കമില്ലാത്ത, അയഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചു വേണം യോഗ ചെയ്യാന്‍. ഇത് ശരീരഭാഗങ്ങള്‍ സ്വതന്ത്രമായി ചലിപ്പിക്കാന്‍ സഹായിക്കും.
- ഗര്‍ഭാവസ്ഥയിലും യോഗ ചെയ്യാവുന്നതാണ്.
- എട്ടു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ യോഗ ചെയ്യേണ്ടതില്ല. അവര്‍ കളിച്ചും ചിരിച്ചും വളരട്ടെ
- ക്ഷമയും നിശ്ചയദാര്‍ഢ്യവും പാലിക്കുക. തിടുക്കം കൂട്ടാതിരിക്കുക; അത്യധ്വാനം ചെയ്യാതിരിക്കുക.
- ലളിതമായ ആസനങ്ങള്‍ ആദ്യം ശീലിക്കുക. ചിലപ്പോള്‍ നാം ആഗ്രഹിക്കുന്ന വേഗതയില്‍ ആസനങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞെന്നു വരില്ല.