കൗമാരക്കാരിലെ ഹൃദ്രോഗ സാധ്യത; എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം
|പ്രായമായവർക്കു പിന്നാലെ കുട്ടികളിലും കൗമാരക്കാരിലും ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ കൂടിവരുന്നതായാണ് റിപ്പോർട്ടുകൾ
മാറിവരുന്ന ജീവിതശൈലിയിൽ വിവിധ രോഗങ്ങള്‍ വില്ലനായി എത്തുന്നത് ഇന്ന് പുതുമയില്ലാത്ത കാര്യമായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ച് ഹൃദ്രോഗം. പ്രായമായവരിൽ മാത്രമാണ് ഹൃദ്രോഗ സാധ്യത കൂടുതൽ എന്നത് വെറും തെറ്റിധാരണമാത്രമാണ്. പ്രായമായവർക്കു പിന്നാലെ കുട്ടികളിലും കൗമാരക്കാരിലും ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ കൂടിവരുന്നതായാണ് റിപ്പോർട്ടുകൾ. ആഗോളതലത്തിൽ കുട്ടികൾക്കിടയിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ വർധിച്ചതായി ഡോക്ടർമാരും വ്യക്തമാക്കുന്നു.
ചില മാർഗങ്ങൾ സ്വീകരിക്കാം
പാരമ്പര്യമായോ അല്ലെങ്കിൽ പ്രായമായവരിലോ ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ കാണാറുണ്ട്. എന്നാൽ ജീവിത ശൈലിയിലെ പല മാറ്റങ്ങളും കൗമാരിക്കാരിലെ ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു.
പുകവലി
ഹൃദ്രോഗങ്ങളുടെ മുഖ്യകാരണക്കാരൻ പുകവലിയാണെന്നാണ് ഗവേഷകരുടെ അഭിപ്രായം. പുകയിലയിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കുന്നു. ഒരാൾ സിഗരറ്റ് വലിക്കുകയാണെങ്കിൽ അതിന്റെ പുക രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയ്ക്കാൻ കാരണമാകുന്നു. ഇത് രക്തസമ്മർദത്തിനും ഹൃദയമിടിപ്പ് വർദ്ധിപ്പിക്കാനും കാരണമാവുന്നു.
വ്യായാമം ചെയ്യുക
ചിട്ടയായ വ്യായാമം എപ്പോഴും ശരീരത്തിന് ഗുണകരമാണ്. കായികപരമായ ദൈന്യംദിന പ്രവർത്തനങ്ങൾ ശരീരത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും കാരണമാകുന്നു. ഉയർന്ന രക്തസമ്മർദം, കൊളസ്‌ട്രോൾ, ടൈപ്പ് 2 പ്രമേഹം എന്നിങ്ങനെ ഹൃദയത്തെ പ്രതികൂലമായി ബാധിക്കുന്ന മറ്റു സാധ്യതകൾ കുറയ്ക്കാനും വ്യായാമം സഹായിക്കുന്നു.
ഭക്ഷണക്രമം
ഹൃദയത്തിന്റെ സംരക്ഷണത്തിനും രക്തസമ്മർദ്ദവും കൊളസ്‌ട്രോളും നിയന്ത്രിക്കുന്നതിനും ഡോക്ടർമാർ നിർദേശിക്കുന്ന പ്രധാനകാര്യം ചിട്ടയായ ഭക്ഷണക്രമമാണ്. പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ, മാംസം, മത്സ്യം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്.
നല്ല ഉറക്കം
നിരവധി തിരക്കുകൾക്കിടയിൽ ഉറക്കത്തിന് വല്യ പ്രധാന്യം കൊടുക്കാത്തവരാണ് നമ്മളില്‍ പലരും. ജോലിസ്ഥലത്തെ തിരക്ക്, മറ്റ് മാനസിക സമ്മർദ്ദങ്ങൾ എന്നിവ കൂടിയാകുമ്പോൾ ഉറക്കത്തിന്‍റെ സമയം വല്ലാതെ ചുരുങ്ങുന്നു. നല്ല ഉറക്കം ലഭിക്കുക എന്നത് കുട്ടികളിലും മുതിർന്നവരിലും വളരെ പ്രധാനമാണ്. കുറഞ്ഞത് ഏഴ് മുതൽ എട്ട് മണിക്കൂർവരെ ഉറക്കം അത്യാവശ്യമാണെന്ന് ഗവേഷകർ പറയുന്നു. കൃത്യമായ ഉറക്കം ലഭിക്കാത്തത് അമിതവണ്ണത്തിന് കാരണമാകുന്നു. ഇത് ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു. അതുകൊണ്ട്തന്നെ കൃത്യമായ ഷെഡ്യൂൾ ഉണ്ടാക്കി ഉറക്കസമയം ക്രമീകരിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്.