Health
കുഞ്ഞുങ്ങളിലെ മൂക്കടപ്പ് മുതല്‍ ശ്വാസംമുട്ടല്‍ വരെ: അറിയണം എല്ലാം കഫക്കെട്ടല്ല
Health

കുഞ്ഞുങ്ങളിലെ മൂക്കടപ്പ് മുതല്‍ ശ്വാസംമുട്ടല്‍ വരെ: അറിയണം എല്ലാം കഫക്കെട്ടല്ല

Web Desk
|
14 Oct 2022 10:18 AM GMT

വെറുതെ കഫക്കെട്ട് എന്ന് മാത്രമാണ് പലപ്പോഴും അമ്മമാര്‍ ഡോക്ടര്‍മാരോട് പറയുക. അതിന് പകരം എന്താണ് കുട്ടിയുടെ പ്രശ്നം എന്ന് വേണം പറയാന്‍.

കുട്ടികളില്‍ കാണുന്ന മൂക്കടപ്പ് മുതല്‍ ശ്വാസംമുട്ടല്‍ വരെയുള്ള അസുഖങ്ങള്‍ക്ക് അമ്മമാര്‍ പറയുന്നത് ഒറ്റ പേരായിരിക്കും, കഫക്കെട്ട്. പലപ്പോഴും അസുഖം കൊണ്ട് ബുദ്ധിമുട്ടുന്ന കുഞ്ഞിനെയുമായി ആശുപത്രികളിലെ ഓപികളിലെത്തുന്ന അമ്മമാര്‍ ഡോക്ടര്‍മാരോടും പറയുക കഫക്കെട്ട് എന്ന് മാത്രമായിരിക്കും. അതിന് പകരം എന്തൊക്കെയാണ് കുഞ്ഞിനുള്ള ബുദ്ധിമുട്ടുകള്‍, എത്ര ദിവസമായി തുടങ്ങിയിട്ട് എന്ന് കൃത്യമായി ലക്ഷണങ്ങള്‍ സഹിതം വിവരിച്ച് പറയുകയാണെങ്കില്‍ ചികിത്സ എളുപ്പമാണെന്ന് പറയുന്നു കോഴിക്കോട് ശാന്തി ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ധന്‍ ഡോക്ടര്‍ പി. സയ്യിദ് സാബിക്.

ചെറിയ കുട്ടികള്‍ക്ക് കൂടുതലും വരാറ് തൊണ്ടയിലോ ശ്വാസകോശത്തിന്‍റെ മുകള്‍ഭാഗത്തോ ആയി വരുന്ന ഇന്‍ഫെക്ഷനുകളാണ്. ചെറിയ പനി, മൂക്കൊലിപ്പ്, തൊണ്ടവേദന എന്നിവയൊക്കെയാകും തുടക്കത്തില്‍ ഇതിന്‍റെ ലക്ഷണങ്ങള്‍. ചില കുട്ടികള്‍ക്ക് ശര്‍ദ്ദിയോ, വയറിളക്കമോ ഉണ്ടായേക്കാം. കുട്ടികളിലുണ്ടാകുന്ന ഇത്തരം അസ്വസ്ഥതകളെ അമ്മമാര്‍ക്ക് തന്നെ മാനേജ് ചെയ്യാന്‍ കഴിയുന്നതാണ്.

വീട്ടിലെപ്പോഴും പനിയുടെ മരുന്ന് സൂക്ഷിക്കുകയും പനിയുടെ ലക്ഷണങ്ങള്‍ കാണുമ്പോള്‍ കുട്ടികളുടെ പ്രായത്തിനനുസരിച്ച് അളവ് കണക്കാക്കി മരുന്ന് നല്‍കുകയും ചെയ്യുക, ഇടയ്ക്കിടയ്ക്ക് ആവി പിടിപ്പിക്കുകയും ചെയ്യുക. എന്നാല്‍ പനി നീണ്ടുനില്‍ക്കുകയോ, ശക്തമായ ചുമ ഉണ്ടെങ്കിലോ നിര്‍ബന്ധമായും ഡോക്ടറെ കാണേണ്ടതാണ്. ചില കുട്ടികള്‍ക്ക് തൊണ്ടയില്‍ ഇടയ്ക്ക് ഇന്‍ഫെക്ഷന്‍ വരാറുണ്ട്. തൊണ്ടവേദനയും ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടും ചുമയുമൊക്കെയാണ് ഈ ഇന്‍ഫെക്ഷന്‍റെ ലക്ഷണങ്ങള്‍. നിര്‍ബന്ധമായും ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം. ആന്‍റിബയോട്ടിക്കുകളും നെബുലൈസേഷനുമാണ് പ്രതിവിധി.


കഫക്കെട്ട് ഉണ്ടാകുമ്പോള്‍ എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്

ചുമ, പനി, ശ്വാസംമുട്ട് എന്നിവയാണ് സാധാരണയായി കഫക്കെട്ടിന്‍റെ ലക്ഷണങ്ങള്‍. കുട്ടികള്‍ക്ക് അതിശക്തമായ ചുമ, രണ്ടോ മൂന്നോ ദിവസം നീണ്ടുനില്‍ക്കുന്ന പനി, വളരെ വേഗത്തില്‍ ശ്വാസമെടുക്കുക, കുട്ടി തളര്‍ന്നുപോകുക, എപ്പോഴും കരഞ്ഞുകൊണ്ടിരിക്കുക, ഭക്ഷണം കഴിക്കാതിരിക്കുക, ഉറങ്ങാതിരിക്കുക, പനി മാറിക്കഴിഞ്ഞാലും കുട്ടിക്ക് നല്ല ക്ഷീണം എന്നിങ്ങനെ കണ്ടാല്‍ നിര്‍ബന്ധമായും ചികിത്സ തേടണം. പലപ്പോഴും ഇന്നലെ മുതല്‍ ശ്വാസംമുട്ടെന്ന് പറഞ്ഞാണ് പല മാതാപിതാക്കളും അതിരാവിലെ ഓപികളിലെത്തുക. അപ്പോഴാണ് ഡോക്ടര്‍മാര്‍ കുട്ടികളെ അഡ്മിറ്റ് ചെയ്യുന്നതും ഐസിയുവിലേക്ക് മാറ്റുന്നതും. അസുഖം തുടങ്ങുമ്പോള്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയാണെങ്കില്‍ മരുന്നുകള്‍ കൊടുത്തോ വാര്‍ഡുകളില്‍ അഡ്മിറ്റ് ചെയ്തോ സുഖപ്പെടുത്താം എന്നിരിക്കെയാണ് മാതാപിതാക്കള്‍ ചികിത്സ തേടാന്‍ വൈകിപ്പിക്കുന്നത്.

അമ്മയാണ് കുഞ്ഞിന്‍റെ ആദ്യ ഡോക്ടര്‍. കുഞ്ഞിന്‍റെ അസുഖത്തിന്‍റെ ആദ്യ ലക്ഷണങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയുന്നതും അമ്മയ്ക്കാണ്. വെറുതെ കഫക്കെട്ട് എന്ന് മാത്രമാണ് പലപ്പോഴും അമ്മമാര്‍ ഡോക്ടര്‍മാരോട് പറയുക. അതിന് പകരം എന്താണ് കുട്ടിയുടെ പ്രശ്നം എന്ന് വേണം പറയാന്‍. ശ്വാസംമുട്ടുണ്ടോ, നിര്‍ത്താതെയുള്ള ചുമയുണ്ടോ, പനിയുണ്ടോ എന്തൊക്കെയാണ് പ്രശ്നങ്ങളെന്ന് കൃത്യമായി പറഞ്ഞുകൊടുക്കണം. ചിലപ്പോള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ തരിപ്പില്‍ പോയതാകാം. കടല പോലെയുള്ളതെന്തെങ്കിലും അറിയാതെ വിഴുങ്ങിപ്പോയാലും ശ്വാസംമുട്ടലുണ്ടാകും. ഇക്കാര്യങ്ങളൊന്നും മാതാപിതാക്കള്‍ ആദ്യം ഡോക്ടറോട് പറയില്ല. ന്യൂമോണിയയാണ്, ചെസ്റ്റ് ഇന്‍ഫെക്ഷനാണ് എന്നൊക്കെയുള്ള വിലയിരുത്തലിലാകും ആദ്യം ഡോക്ടര്‍മാര്‍ ചികിത്സ തുടങ്ങുക. അസുഖം മാറാതെയിരിക്കുമ്പോള്‍ വീണ്ടും വീണ്ടും ചോദിക്കുമ്പോഴാണ് സത്യം പുറത്തുവരിക.

കുട്ടികള്‍ക്ക് ഇടയ്ക്കിടയ്ക്ക് ജലദോഷവും വലിവും വരുന്നത് കാണാം. ഇത് ആസ്തമയാണോ എന്നൊരു സംശയം പല രക്ഷിതാക്കള്‍ക്കും ഉണ്ടാകുന്നുണ്ട്. അഞ്ചുവയസ്സുകഴിഞ്ഞിട്ടും ഇത് തുടരുന്നുണ്ടെങ്കില്‍ മാത്രം വിശദമായ പരിശോധന നടത്തിയാല്‍ മതി. ശ്വാസതടസം കുഞ്ഞുങ്ങള്‍ക്ക് വല്ലാതെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെങ്കില്‍ ഒരു ഇന്‍ഹേലര്‍ വേണമെങ്കില്‍ ഉപയോഗിക്കാവുന്നതാണ്. കുറഞ്ഞ ഡോസാണ് ഇന്‍ഹേലറില്‍ ഉപയോഗിക്കുന്നത്. സൈഡ് എഫക്ടുകള്‍ കുറവാണ്.




Similar Posts