Health
എന്താണ് സിക്ക വൈറസ്...? ആരെല്ലാം പേടിക്കണം...?
Health

എന്താണ് സിക്ക വൈറസ്...? ആരെല്ലാം പേടിക്കണം...?

ഷെഫി ഷാജഹാന്‍
|
8 July 2021 12:53 PM GMT

പ്രധാനമായും ഈഡിസ് കൊതുകുകളാണ് സിക്ക രോഗം പരത്തുന്നത്. സിക്ക വൈറസ് ബാധയെ പ്രതിരോധിക്കാനോ ചികിത്സിക്കാനോയുള്ള മരുന്നുകള്‍ നിലവില്‍ ലഭ്യമല്ല....

സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഇന്ത്യയില്‍ ഇതിനുമുമ്പും സിക്ക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും കേരളത്തില്‍ ആദ്യമായാണ് സിക്ക ബാധ സ്ഥിരീകരിക്കുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 12 പേർക്ക് രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു. നേരത്തെ 2018ല്‍ ഗുജറാത്തിലെ അഹമ്മദാബാദിലാണ് രാജ്യത്ത് ആദ്യമായി സിക്ക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്താണ് സിക്ക വൈറസ്?

70 വര്‍ഷം മുമ്പ് ആഫ്രിക്കയിലെ കുരങ്ങുകകളിലാണ് സിക്ക വൈറസിനെ ആദ്യമായി കണ്ടെത്തുന്നത്. പ്രധാനമായും ഈഡിസ് കൊതുകുകളാണ് സിക്ക രോഗം പരത്തുന്നത്. ഇത്തരം കൊതുകുകള്‍ സാധാരണ പകല്‍ സമയത്താണ് കടിക്കുന്നത്. പനി, ചുവന്ന പാടുകള്‍, പേശി വേദന, സന്ധി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. സാധാരണയായി 2 മുതല്‍ 7 ദിവസം വരെ രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കും. മൂന്ന് മുതല്‍ 14 ദിവസമാണ് സിക്ക വൈറസിന്‍റെ ഇന്‍കുബേഷന്‍ കാലയളവ്. സിക്ക വൈറസ് അണുബാധയുള്ള മിക്ക ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ കാണാറില്ല. മരണങ്ങള്‍ വളരെ അപൂര്‍വമായി മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രക്തം സ്വീകരിക്കുന്നതിലൂടെയും ലൈംഗിക ബന്ധത്തിലുടെയും രോഗം പകരുമെന്നതും ഗൗരവമായി കാണണം.

ആരെയൊക്കെ ബാധിക്കും?


ഗര്‍ഭിണികളേയാണ് സിക്ക വൈറസ് സാരമായി ബാധിക്കുന്നത്. ഗര്‍ഭകാലത്ത് സിക്ക വൈറസ് ബാധയേല്‍ക്കുന്നവരില്‍ ജനിക്കുന്ന കുട്ടികളുടെ അംഗ വൈകല്യത്തിന് ഈ വൈറസ് കാരണമാകും. ഗര്‍ഭകാലത്തുള്ള സങ്കീര്‍ണതയ്ക്കും ഗര്‍ഭഛിത്രത്തിനും സിക്ക കാരണമായേക്കാം. കുട്ടികളിലും മുതിര്‍ന്നവരിലും സിക്ക വൈറസ് ബാധ നാഡീസംബന്ധമായ പ്രശങ്ങളിലേക്കാകും എത്തിക്കുക.

എന്താണ് ചികിത്സ?

നിലവില്‍ സിക്ക വൈറസ് ബാധയെ പ്രതിരോധിക്കാനോ ചികിത്സിക്കാനോയുള്ള മരുന്നുകള്‍ ലഭ്യമല്ല. അനുബന്ധ ചികിത്സയാണ് നടത്തുന്നത്. അതായത് രോഗം ബാധിച്ചവരില്‍ പ്രകടമാകുന്ന ലക്ഷണങ്ങള്‍ക്ക് അനുസരിച്ചുള്ള ചികിത്സയാണ് രോഗബാധ സ്ഥിരീകരിച്ചവര്‍ക്ക് നല്‍കുന്നത്. രോഗ ലക്ഷണങ്ങളുള്ളവര്‍ മതിയായ വിശ്രമമെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം.



കൊതുകു കടിയില്‍ നിന്നും രക്ഷനേടുകയാണ് സിക്കയെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം. പകല്‍ സമയത്തും വൈകുന്നേരവും കൊതുക് കടിയില്‍ നിന്ന് സംരക്ഷണം നേടുക എന്നത് വളരെ പ്രധാനമാണ്. ഗര്‍ഭിണികള്‍, ഗര്‍ഭത്തിനായി തയ്യാറെടുക്കുന്ന സ്ത്രീകള്‍, കൊച്ചുകുട്ടികള്‍ എന്നിവര്‍ കൊതുക് കടിയേല്‍ക്കാതെ ശ്രദ്ധിക്കണം. കൊതുകു കടിയില്‍ നിന്നും വ്യക്തിഗത സംരക്ഷണം നേടണം. ജനാലകളും വാതിലുകളും കൊതുക് കടക്കാതെ സംരക്ഷിക്കണം. കൊച്ചുകുട്ടികളും ഗര്‍ഭിണികളും പകല്‍ സമയത്തോ വൈകുന്നേരമോ ഉറങ്ങുകയാണെങ്കില്‍ കൊതുക് വലയ്ക്ക് കീഴില്‍ ഉറങ്ങണം. കൊതുകിന്‍റെ ഉറവിട നശീകരണം പ്രധാനമാണ്. വെള്ളം കെട്ടിനില്‍ക്കാതെ വീടും പരിസരവും സ്ഥാപനങ്ങളും സംരക്ഷിക്കേണ്ടതാണ്. ഇന്‍ഡോര്‍ പ്ലാന്‍റുകള്‍, ഫ്രിഡ്ജിന്‍റെ ട്രേകള്‍ എന്നിവ ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കുന്നത് വഴി കൊതുകുകളെ അകറ്റിനിര്‍ത്താം.

സിക്ക ബാധ സ്ഥിരീകരിക്കുന്നത് എങ്ങനെ?


രാജ്യത്ത് എന്‍.സി.ഡി.സി. ഡല്‍ഹി, എന്‍.ഐ.വി. പൂനെ എന്നിവിടങ്ങളിലാണ് സിക്ക വൈറസ് ബാധയെ സ്ഥിരീകരിക്കാനുള്ള സംവിധാനമുള്ളത്. കോവിഡിന് സമാനാമായ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റാണ് സിക്ക ബാധ സ്ഥിരീകരിക്കാനും സാധാരണയായി നടത്തുന്നത്.


Similar Posts