Health
mark zuckerberg
Health

സുക്കർബർഗിന് പോലും വേണ്ട; ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾ ചെറുതല്ല, ഒഴിവാക്കണം ഈ ശീലം..

Web Desk
|
11 July 2023 12:31 PM GMT

എന്തുകൊണ്ടാണ് സുക്കർബർഗ് ഇത് പാടെ ഒഴിവാക്കിയതെന്നാണ് ത്രെഡ്‌സിൽ ഉയരുന്ന ചോദ്യം. നേരത്തെ തന്നെ ഡോക്‌ടർമാർ നൽകിയ മുന്നറിയിപ്പുകൾ അറിയാം

മെറ്റയുടെ തലവനായ മാർക്ക് സുക്കർബർഗിന്റെ ഓരോ കാര്യങ്ങളും വലിയ രീതിയിലാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ഫേസ്ബുക്ക് ഉൾപ്പെടെയുള്ളവയുടെ ഉടമസ്ഥനായ ഇദ്ദേഹത്തിന്റെ ജീവിതചര്യകൾ പലപ്പോഴും ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. വസ്ത്രധാരണയടക്കം സുക്കർബർഗിനെ അനുകരിക്കാൻ ശ്രമിക്കുന്നവരും കുറവല്ല. ഇത്തരത്തിൽ ഒരു കാര്യമാണ് പുതുതായി ലോഞ്ച് ചെയ്ത ത്രെഡ്‌സ് ആപ്പിൽ സുക്കർബർഗ് വ്യക്തമാക്കിയിരിക്കുന്നത്.

'എഴുന്നേൽക്കുന്നു, മനസൊന്ന് ശാന്തമാക്കാനായി എംഎംഎ (MMA- Mixed martial arts) പരിശീലിക്കുന്നു. ആളുകൾക്ക് കൂടുതൽ ഉപയോഗപ്പെടുന്ന സാധനങ്ങൾ ഉണ്ടാക്കുന്നു. നന്നായിട്ട് ആഹാരം കഴിക്കുന്നു (പ്രോട്ടീനാണ് കൂടുതൽ, പഞ്ചസാര വളരെ കുറവ്, മദ്യവും തീരെ കുറവ്). കൃത്യം ഏഴ്- എട്ട് മണിക്കൂർ ഉറങ്ങും. ഇത് തന്നെ എല്ലാ ദിവസവും ആവർത്തിക്കുന്നു."

സുക്കർബർഗ് ഇത് പോസ്റ്റ് ചെയ്തതിന് പിന്നാലെ പലരും അതിശയത്തോടെയാണ് മറുപടി നൽകിയത്. സുക്കറിന്റെ ലിസ്റ്റിൽ കോഫി ഇല്ല. ഇത്രയും കാര്യങ്ങൾ ഒരു ദിവസം ചെയ്യുന്ന ഒരാൾ പിന്നെ എന്താണ് കുടിക്കുന്നത്. സാധാരണ ഒന്ന് റീഫ്രഷ് ആകാനായി പലരും കോഫിയെ തന്നെയാണ് ആശ്രയിക്കുന്നത്. പിന്നെ എന്തുകൊണ്ട് സുക്കർബർഗ് കോഫി പാടെ ഒഴിവാക്കുന്നു. സുക്കർബർഗ് മാത്രമല്ല പല പ്രമുഖരായ വ്യക്തികളും തങ്ങളുടെ ഭക്ഷണത്തിൽ നിന്ന് ദൂരെ മാറ്റി നിർത്തിയിരിക്കുന്ന ഒന്നാണ് കാപ്പി. വെറുതെയല്ല, കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ അധികമായാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് പൂർണബോധ്യം ഉള്ളതുകൊണ്ടാണ്.

എന്താണ് കഫീൻ?

മാനസികാവസ്ഥയെ ഉത്തേജിപ്പിക്കുന്ന ഒരു പദാർത്ഥമാണ് കഫീൻ. മാനസികവും ശാരീരികവുമായ പ്രകടനത്തോടൊപ്പം മെറ്റബോളിസവും കഫീൻ വർധിപ്പിക്കും. കാപ്പിയും ചായയും കഫീന്റെ ഏറ്റവും പ്രധാനമായ ഉറവിടങ്ങളാണെങ്കിലും, സോഡ, കൊക്കോ, എനർജി ഡ്രിങ്കുകൾ, പലതരം മരുന്നുകൾ എന്നിവയിലും ഇത് കാണപ്പെടുന്നുണ്ട്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ പറയുന്നതനുസരിച്ച് പ്രതിദിനം 400 മില്ലിഗ്രാം കഫീൻ ആരോഗ്യത്തിന് സുരക്ഷിതമാണ്.പ്രതിദിനം 1,000mg-ൽ കൂടുതലായാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കഫീൻ ഉണ്ടാക്കിയേക്കാം.

അമിതമായ കഫീന്റെ പാർശ്വഫലങ്ങൾ ചെറുതല്ല. കഫീൻ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ഉത്കണ്ഠ വർദ്ധിപ്പിക്കുന്നു

ശരീരത്തിന് ക്ഷീണം തോന്നുന്ന മസ്തിഷ്ക രാസവസ്തുവായ അഡിനോസിൻ ഫലങ്ങളെ കഫീൻ തടയും. കൂടാതെ, ഇത് അഡ്രിനാലിൻ എന്ന ഹോർമോണിന്റെ പ്രകാശനത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഊർജ്ജത്തിന്റെ അളവ് വർധിപ്പിക്കാൻ ഇത് ഇടയാക്കും. അഡ്രിനാലിൻ ഉയർന്ന അളവിൽ കൂടുന്നത് ഉത്കണ്ഠക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

ഉറക്കമില്ലായ്മ

കഫീൻ ഉറക്കമില്ലായ്മയ്ക്ക് കാരണമാകുന്നു. ഉയർന്ന കഫീൻ കഴിക്കുന്നത് ഉറങ്ങാൻ എടുക്കുന്ന സമയത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കൂടാതെ ആകെ ഉറങ്ങുന്ന സമയം ഗണ്യമായി കുറയാനും ഇത് ഇടയാക്കും.

ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകുന്നു

മിക്ക ആളുകളിലും കഫീൻ ഹൃദ്രോഗമോ ഹൃദയാഘാതമോ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നില്ലെങ്കിലും, നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നത് കാരണം ഇത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കും. കാലക്രമേണ, ഇത് ധമനികൾക്ക് കേടുപാടുകൾ വരുത്തുകയും നിങ്ങളുടെ ഹൃദയത്തിലേക്കും തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തെ പരിമിതപ്പെടുത്തുകയും ചെയ്യുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.

വേഗത്തിലുള്ള ഹൃദയമിടിപ്പ്, തലവേദന, വിറയൽ, ഓക്കാനം, അസന്തുലിതാവസ്ഥ എന്നിവയും കഫീന്റെ ദോഷഫലങ്ങളാണ്.

Similar Posts