ഡയറി മിൽക്കിന്റെ വലുപ്പം കുറച്ച് കാഡ്ബറി; വില പഴയതു തന്നെ
|ചോക്കളേറ്റുകളുടെ വലുപ്പം ആഗോളതലത്തിൽ കാഡ്ബറി കുറച്ചോ എന്നതിൽ വ്യക്തതയില്ല. 150 രാഷ്ട്രങ്ങളിൽ കാഡ്ബറി ചോക്കളേറ്റുകൾ ലഭ്യമാണ്
ലണ്ടൻ: ഇംഗ്ലണ്ടിൽ ഡയറി മിൽക് ചോക്ലേറ്റിലെ ഷെയറിങ് ബാറുകളുടെ വലുപ്പം പത്തു ശതമാനം കുറച്ച് കാഡ്ബറി. വില കുറയ്ക്കാതെയാണ് കമ്പനി അളവു വെട്ടിക്കുറച്ചത്. ഷെയറിങ് ബാറുകൾ 200 ഗ്രാമിൽ നിന്ന് 180 ഗ്രാമായാണ് കുറച്ചതെന്ന് ബിബിസി റിപ്പോർട്ടു ചെയ്യുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില വർധിച്ചതു മൂലമുള്ള ഉൽപ്പാദനച്ചെലവാണ് പുതിയ തീരുമാനത്തിന് പിന്നിലെന്ന് മാതൃകമ്പനിയായ മൊണ്ടെലസ് അറിയിച്ചു. രണ്ടു പൗണ്ടാണ് ഒരു ചോക്ലേറ്റിന്റെ വില. ഏകദേശം ഇരുന്നൂറ് ഇന്ത്യൻ രൂപ.
ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് ഡയറി മിൽക് ചോക്ലേളേറ്റിന്റെ വലിപ്പത്തിൽ കുറവു വരുത്തുന്നത്. എന്നാൽ 2020ലും വിലയിൽ മാറ്റം വരുത്താതെ അളവിൽ കുറവു വരുത്തിയെന്ന് കമ്പനിക്കെതിരെ ആരോപണമുണ്ടായിരുന്നു. shrinkflation എന്നാണ് ഇതിനെ വിളിക്കുന്നത്. അന്ന് ക്രഞ്ചീസ്, ട്വിൾസ്, വിസ്പാസ് തുടങ്ങിയ ചോക്ലേറ്റുകളിലെ കലോറി അളവാണ് മൊണ്ടെലസ് കുറച്ചിരുന്നത്.
ഇംഗ്ലണ്ടിൽ ഭക്ഷണവസ്തുക്കളുടെ വില കുതിച്ചുയരുന്നതിനിടെയാണ് കാഡ്ബറി ചോക്ലേറ്റിന്റെ അളവിൽ കുറവു വരുത്തുന്നത്. മുപ്പതു വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ് രാജ്യത്തെ ഉപഭോക്തൃ വില സൂചിക. നിലവില്‍ 6.2 ശതമാനം. വരും മാസങ്ങളില്‍ ഇത് എട്ടു ശതമാനത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പണപ്പെരുപ്പ വെല്ലുവിളി തങ്ങളും നേരിടുന്നതായി മൊണ്ടെലസ് വക്താവ് പറഞ്ഞു. 'ഒരുപാട് കമ്പനികളുടെ ഉൽപ്പാദനച്ചെലവ് വർധിച്ചിട്ടുണ്ട്. അസംസ്‌കൃത വസ്തുക്കൾ, ഊർജം, പാക്കേജിങ് തുടങ്ങിയവയുടെയെല്ലാം ചെലവു വർധിച്ചു. ഈ ബുദ്ധിമുട്ടേറിയ സാഹചര്യത്തിൽ മീഡിസം കാഡ്ബറി മിൽ് ബാറിന്റെ തൂക്കം കുറക്കാൻ ഞങ്ങൾ നിർബന്ധിതമാകുകയാണ്. 2021ന് ശേഷമാണ് ബാറുകളുടെ തൂക്കം കുറയ്ക്കുന്നത്.' - അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, ഇന്ത്യയടക്കം മറ്റു രാജ്യങ്ങളിൽ ഡയറി മിൽക്കിന്റെ തൂക്കം കുറച്ചോ എന്നതിൽ വ്യക്തതയില്ല. 150 രാഷ്ട്രങ്ങളിൽ മൊണ്ടെലസ് ചോക്ലേറ്റുകൾ ഉൽപ്പാദിപ്പിക്കുന്നുണ്ട്. 29 ബില്യൺ യുഎസ് ഡോളറാണ് ഏകദേശ വാർഷിക വരുമാനം.