ഇത് നൂര്‍ജഹാന്‍ മാങ്ങ; ഒന്നിന് ആയിരം രൂപ!
|നൂർജഹാൻ അലിരാജ്പൂരിലെ ഗുജറാത്ത് അതിർത്തിയോട് ചേർന്നുള്ള കത്തിയവാഡ പ്രദേശത്ത് മാത്രമാണ് കൃഷി ചെയ്യപ്പെടുന്നത്
ഇൻഡോർ: ഒരു മാങ്ങയ്ക്ക് ആയിരം രൂപയോ? ഞെട്ടേണ്ട, സംഗതി സത്യമാണ്. മധ്യപ്രദേശിലെ അലിരാജ്പൂർ ജില്ലയിൽ കൃഷി ചെയ്യപ്പെടുന്ന നൂർജഹാൻ മാങ്ങയ്ക്കാണ് സ്വപ്‌ന തുല്യമായ വില ലഭിക്കുന്നത്. പിടിഐയാണ് മാങ്ങയെ കുറിച്ചുള്ള വിശേഷങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഈ സീസണിൽ 500-1000 രൂപയാണ് ഒരു മാങ്ങയുടെ വിലയെന്ന് കർഷകനെ ഉദ്ധരിച്ച് പിടിഐ പറയുന്നു. അഫ്ഗാൻ വേരുകളുള്ള മാങ്ങയായ നൂർജഹാൻ അലിരാജ്പൂരിലെ ഗുജറാത്ത് അതിർത്തിയോട് ചേർന്നുള്ള കത്തിയവാഡ പ്രദേശത്ത് മാത്രമാണ് കൃഷി ചെയ്യപ്പെടുന്നത്.
'എന്റെ കൃഷിയിടത്തിലുള്ള നൂർജഹാൻ മാവുകളിൽ നിന്ന് ഇത്തവണ 250 മാങ്ങയാണ് കിട്ടിയത്. അഞ്ഞൂറു മുതൽ ആയിരം രൂപ വരെ ഒരു മാങ്ങയ്ക്ക് കിട്ടി. ഈ മാങ്ങകളുടെയെല്ലാം ബുക്കിങ് തീർന്നു' - കർഷകനായ ശിവരാജ് സിങ് യാദവ് പറഞ്ഞു. മാങ്ങയ്ക്കായി മധ്യപ്രദേശിൽ നിന്നും ഗുജറാത്തിൽ നിന്നും മുൻകൂർ ബുക്കിങ് ആണ് നടക്കുന്നത് എന്നും അദ്ദേഹം വെളിപ്പെടുത്തി. ഇത്തവണ വിളഞ്ഞ മാങ്ങയൊന്നിന് 2-3.5 കിലോഗ്രാം തൂക്കമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂൺ മാസം തുടക്കത്തിലാണ് മാങ്ങയുടെ സീസൺ. ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് മാവുകൾ പൂക്കുക.