ജാതി സർവേയുമായി ആന്ധ്രാപ്രദേശും; സർവേ പ്രഖ്യാപിക്കുന്ന മൂന്നാമത്തെ സംസ്ഥാനം
|പിന്നോക്ക വിഭാഗ ക്ഷേമ മന്ത്രി ശ്രീനിവാസ വേണുഗോപാല കൃഷ്ണയാണ് ജാതി സർവേ നടത്തുമെന്ന് അറിയിച്ചത്
അമരാവതി: ആന്ധ്രാ പ്രദേശിൽ ജാതി സർവേ നടത്താൻ തയ്യാറെടുത്ത് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. ഒബിസി കണക്കെടുപ്പ് അടുത്ത മാസം 15 മുതൽ നടത്താനാണ് സർക്കാർ തീരുമാനം. പിന്നോക്ക വിഭാഗ ക്ഷേമ മന്ത്രി ശ്രീനിവാസ വേണുഗോപാല കൃഷ്ണയാണ് ജാതി സർവേ നടത്തുമെന്ന് അറിയിച്ചത്.
ബിഹാറിനും രാജസ്ഥാനും പിന്നാലെയാണ് ആന്ധ്രാപ്രദേശിലും ജാതി സർവേ. 139 വിഭാഗങ്ങൾ ഒബിസി പട്ടികയിൽ ഉണ്ടെന്നാണ് സർക്കാർ കണക്ക്. ജനസംഖ്യാ ആനുപാതികമായി പ്രാതിനിധ്യം പല മേഖലകളിലും ഉണ്ടോ എന്ന പരിശോധനയാണ് കണക്കെടുപ്പിനു പിന്നിൽ. ജാതി സെൻസസ് നടത്തണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം ഏപ്രിൽ 11 നു നിയമ സഭ പാസാക്കിയിരുന്നു. പ്രാദേശിക അടിസ്ഥാനത്തിൽ ഒബിസി വിഭാഗങ്ങളുടെ തൊഴിൽ , സാമൂഹ്യ -സാമ്പത്തിക അവസ്ഥ എന്നിവ കൂടി കണക്കെടുപ്പിൽ ശേഖരിക്കും .
സർവേ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി ഒബിസി വിഭാഗത്തിലെ പ്രതിനിധികളുമായി വകുപ്പുദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തിയിരുന്നു. വിശാഖപട്ടണം ,വിജയവാഡ ,രാജാമഹേന്ദ്രവാരം ,കുർണൂൽ , തിരുപ്പതി എന്നിവിടങ്ങളിലായിരുന്നു കൂടിക്കാഴ്ച . തെരെഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുൻപാണ് രാജസ്ഥാൻ ജാതി സർവേ പ്രഖ്യാപിച്ചത് . അതിനാൽ ഈ സർവേ പൂർത്തിയാകുമോ എന്ന് ഉറപ്പില്ല . ബിഹാറിലെ ജാതി സർവ്വേയ്ക്ക് പിന്നാലെ ഇന്ത്യ മുന്നണി ജാതി സെൻസസ് മുഖ്യ ആയുധമാക്കി ബിജെപിയെ നേരിടാൻ തുടങ്ങിയതോടെയാണ് ജഗന്റെ പാർട്ടിയായ വൈഎസ്ആർസിപി ഒരു മുഴം മുൻപേ എറിയുന്നത്.