ഇന്ത്യയുടെ ചരിത്ര വിജയത്തിന് പിന്നിലെ ആ 'അദൃശ്യ മതില്'; രാഹുല്‍ ദ്രാവിഡിനെ വാഴ്ത്തി ക്രിക്കറ്റ് ലോകം
|യുവനിരയെ എങ്ങനെ വാര്‍ത്തെടുക്കാം എന്നതിന് ഏറ്റവും മികച്ച ഉദാഹരണമായാണ് ക്രിക്കറ്റ് ലോകം ഈ കര്‍ണാടക്കാരനെ വിലയിരുത്തുന്നത്.
ആസ്ട്രേലിയയിലെ ഗബ്ബയില്‍ 32 വര്‍ഷത്തെ ചരിത്രം തിരുത്തിക്കുറിച്ച് ദുര്‍ബലരെന്ന് കരുതിയ ഒരു സംഘം കിരീടമുയര്‍ത്തി മടങ്ങുമ്പോള്‍ ഏറ്റവുമധികം പ്രശംസ ലഭിച്ചത് സ്റ്റാന്‍ഡ് ബൈ ക്യാപ്റ്റനായെത്തിയ അജിങ്ക്യ രഹാനെക്കാണ്. കളിക്കളത്തില്‍ പക്വതയുടേയും വിനയത്തിന്റേയും ആള്‍രൂപമായി രഹാനെ നിന്നപ്പോള്‍ എല്ലാ ക്രിക്കറ്റ് പ്രേമികളും ഓര്‍ത്തെടുത്തിട്ടുണ്ടാകുക ഗ്രൌണ്ടിലെ വന്മതില് എന്നറിയപ്പെട്ടിരുന്ന രാഹുല്‍ ദ്രാവിഡിനെയാണ്.
Thank you Rahul Dravid for confirming that future of Indian cricket is in safe hands.
— 𝐑𝐚𝐡𝐮𝐥 🇮🇳 (@Msdian__Cr7) January 19, 2021
G.O.A.T 🐐 ❤ pic.twitter.com/1FpSJaOQBN
കളിക്കളത്തില്‍ ദ്രാവിഡ് എന്നും മാന്യതയുടെ പര്യായം ആയിരുന്നു, പക്ഷേ അതുകൊണ്ട് മാത്രമല്ല കളിപ്രേമികളുടെ കണ്ണുകള്‍ ദ്രാവിഡിനെ തിരഞ്ഞത്, കംഗാരുപ്പടയെ മലര്‍ത്തിയടിച്ച് ഗബ്ബയില്‍ കിരീടമുയര്‍ത്തി ഇന്ത്യന്‍ ടീമിനെ നയിച്ചത് ദ്രാവിഡിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യന്മാരില് ഒരാള്‍ കൂടിയായ രഹാനെയായിരുന്നു.
അവിടെയും കഴിഞ്ഞില്ല. രഹാനെയില്‍ മാത്രം ഒതുങ്ങുന്ന നിരയെയല്ല ദ്രാവിഡ് ഇന്ത്യ 'എ' ടീമിലൂടെയും അണ്ടര്‍-19 ടീമിലൂടെയും വളര്‍ത്തിയെടുത്തത്. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത പന്തും വാഷിംഗ്ടണ്‍ സുന്ദറും ദ്രാവിഡ് പരിശീലകനായ ആദ്യ ബാച്ചിന്റെ ഭാഗമായിരുന്നു, ശുഭ്മാൻ ഗില്ലും പൃഥ്വി ഷായും ദ്രാവിഡിന്റെ രണ്ടാം ബാച്ചിലെ വിദ്യാര്‍ഥികളായിരുന്നു. മുഹമ്മദ് സിറാജ്, നവ്ദീപ് സൈനി , ഹനുമ വിഹാരി, മായങ്ക് അഗർവാൾ തുടങ്ങി ചരിത്രം രചിച്ച ടീമിന്റെ ഭാഗമായിരുന്നവരില്‍ നല്ലൊരു പക്ഷവും ദ്രാവിഡിന്റെ ശിക്ഷണത്തില്‍ കളിച്ചു വളര്‍ന്നവരാണ്.
ദീര്‍ഘവീക്ഷണത്തോടുകൂടി ഇന്ത്യയുടെ ജൂനിയര്‍ ടീമിനെ പരുവപ്പെടുത്തിയതില്‍ ദ്രാവിഡിന്റെ പങ്ക് വളരെ വലുതാണ്. യുവനിരയെ വാര്‍ത്തെടുക്കുന്നതില്‍ മെന്ററും കോച്ചുമായെല്ലാം ദ്രാവിഡ് തിളങ്ങുന്നത് എക്കാലവും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള കാര്യമാണ്. എന്നാല്‍ വിദേശ പിച്ചില്‍ പ്രത്യേകിച്ച് കരുത്തരായ ഓസീസിന്റെ മണ്ണില്‍ മല്‍സര പരിചയം കുറവുള്ള ടീം പിന്നില്‍ നിന്നതിന് ശേഷം തിരിച്ചടിച്ച് ജയിച്ചപ്പോള്‍ വീണ്ടു രാഹുല്‍ ദ്രാവിഡ് എന്ന ഗാര്ഡിയന് സോഷ്യല്‍ മീഡിയയില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്.
"Because he's not our hero. He's a silent guardian, a watchful protector. A dark knight"
— Priyangshu Gogoi (@PriyangshuG) January 19, 2021
Congratulations India. #AUSvsIND #RahulDravid pic.twitter.com/k56tYtJw91
Can we take a moment to thank Rahul Dravid for all that he's doing for Indian Cricket? The resilience that the youngsters have shown had shades of The Wall. #AUSvIND #AUSvsIND #AUSvINDtest #dravid
— Dr. Smriti (@dentist_chick) January 19, 2021
ഒരുപക്ഷേ, കളിക്കളത്തില്‍ ദ്രാവിഡ് എന്ന പേരു കേള്‍ക്കുമ്പോള്‍ മൈതാനങ്ങളിലെ പോരുകളോ ആഹ്ലാദ പ്രകടനങ്ങളോ അതിവൈകാരിക നിമിഷങ്ങളോ ഒന്നും തന്നെ ആരാധകര്‍ക്ക് ഓര്‍മയില്‍ വരാനിടയില്ല. ഏത് സാഹചര്യങ്ങളിലും അചഞ്ചലനായ, മിതഭാഷിയായ ഒരാള്‍, അങ്ങനെയൊരു ശരീര ഭാഷയുമായി നീണ്ട 16 വര്‍ഷം ക്രിക്കറ്റിനെ ധ്യാനമായി കൊണ്ടുനടന്ന മനുഷ്യന്. ഇന്ത്യന്‍ ബാറ്റിങ് നിരയുടെ പേടിസ്വപ്നമായ വിദേശ മൈതാനങ്ങളില്‍ ബാറ്റിങ് നിര ചീട്ടുകൊട്ടാരംപോലെ വീഴുമ്പോഴും കടലിന് നടുവില്‍ നങ്കൂരമിട്ട കപ്പല്‍ പോലെ നിലയുറപ്പിച്ച 'ദ ഗ്രേറ്റ് വാള്'. സ്ലിപ്പില്‍ ഇന്ത്യയുടെ എക്കാലത്തേയും വിശ്വസ്ത ഫീല്‍ഡര്‍. പക്ഷേ സച്ചിന് എന്ന ക്രിക്കറ്റ് ദൈവത്തിന്റെ പ്രഭാവത്തിന് മുന്നില്‍ പലപ്പോഴും ക്രിക്കറ്റ് ലോകം അയാളെ രണ്ടാമനായി മാറ്റി നിര്‍ത്തുകയായിരുന്നു. അതില്‍ അയാളിലെ ക്രിക്കറ്റര്‍ ഒരിക്കലും അസൂയപ്പെട്ടിരുന്നുമില്ല. പരിഭവങ്ങളോ പരാതികളോ ഇല്ലാതെ, ഉപജാപങ്ങള്‍ക്ക് പിന്നാലെ പോകാതെ ടീം ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ എന്നും അദ്ദേഹം സന്നദ്ധതയോടെ നിന്നു. അതിനാലാകാം വിശ്വസ്തന് എന്ന വിളിപ്പേരും ദ്രാവിഡിനെ തേടിയെത്തി.
കരിയര്‍ അവസാനിച്ചിട്ടും ആ വിശ്വാസം ദ്രാവിഡ് കാത്തു. വരാനിരിക്കുന്ന ക്രിക്കറ്റ് തലമുറയെ എങ്ങനെ നയിക്കണം എന്ന വ്യക്തമായ ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു.
ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സില്‍ തുടങ്ങിയ ഐ.പി.എല്‍ കരിയര്‍ രാജസ്ഥാന് റോയല്‍സിലൂടെയാണ് ദ്രാവിഡ് അവസാനിപ്പിച്ചത്. അതിന് ശേഷം രാജസ്ഥന് റോയല്‍സിന്റെ മെന്റര്‍ ആയി പ്രവര്‍ത്തിച്ച ദ്രാവിഡ് പടിയിറങ്ങുമ്പോഴേക്കും ടീമില്‍ ഒരുപിടി മികച്ച താരങ്ങള്‍ രൂപപ്പെട്ടിരുന്നു. അജിങ്ക്യ രഹാനെയും മലയാളി താരം സഞ്ജു സാംസണുമെല്ലാം ദ്രാവിഡ് റോയല്‍സിലൂടെ ഉയര്‍ത്തിക്കൊണ്ടുവന്ന ശിഷ്യഗണത്തിലെ പ്രമുഖരാണ്.
പിന്നീട് 2015ല്‍ ദ്രാവിഡിനെ ഇന്ത്യയുടെ അണ്ടര്‍-19 കോച്ചായി നിയമിക്കുകയായിരുന്നു. രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തില്‍ പരിശീലിച്ച ഇന്ത്യയുടെ കൌമാരക്കാര്‍ 2018ല്‍ ന്യൂസിലാന്‍ഡില്‍ നടന്ന ലോകകപ്പില്‍ കിരീടം നേടി. പൃഥ്വി ഷാ ആയിരുന്നു അന്ന് ക്യാപ്റ്റന്‍. ഫൈനലില്‍ ഇന്ത്യ കൊമ്പുകുത്തിച്ചതാകട്ടെ ഓസ്ട്രേലിയയെയും.
യുവനിരയെ എങ്ങനെ വാര്‍ത്തെടുക്കാം എന്നതിന് ഏറ്റവും മികച്ച ഉദാഹരണമായാണ് ക്രിക്കറ്റ് ലോകം ഈ കര്‍ണാടക്കാരനെ വിലയിരുത്തുന്നത്. നാലു വര്‍ഷം കൊണ്ട് ഇന്ത്യയുടെ ജൂനിയര്‍ ടീമിനെ ലോകത്തെ തന്നെ ഏറ്റവും കരുത്തുറ്റ ടീമാക്കുകയായിരുന്നു ദ്രാവിഡ്. ഈ കാലയളവില്‍ ഇന്ത്യയുടെ ജൂനിയര്‍ ടീം ലോകത്തെ മറ്റേതൊരു ടീമിനേക്കാളും മല്‍സരങ്ങളാണ് ഓരോ കലണ്ടര്‍ വര്‍ഷവും പൂര്‍ത്തിയാക്കിയത്.
നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചീഫ് ആയാണ് രാഹുല്‍ ദ്രാവിഡ് ചുമതല നോക്കുന്നത്. 2019ല്‍ ആണ് ദ്രാവിഡിനെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ മേധാവിയായി നിയമിക്കുന്നത്. ക്രിക്കറ്റ് അക്കാദമിയുടെ തലപ്പത്ത് ദ്രാവിഡ് വന്നതിന് പിന്നാലെ എന്‍.സി.എയിലേക്കുള്ള ഫണ്ടിങ്ങും ജൂനിയര്‍ ക്രിക്കറ്റ് ടീമിനായുള്ള പര്യടന പരിപാടികളും ബി.സി.സിഐ വര്‍ധിപ്പിച്ചു.
കേവലം നാഷണൽ ക്രിക്കറ്റ് അക്കാദമി മേധാവി എന്ന രീതിയിൽ ഒതുങ്ങിയായിരുന്നില്ല ദ്രാവിഡിന്റെ പ്രവര്‍ത്തനം. ഇന്ത്യ 'എ' ടീം, ഇന്ത്യ അണ്ടർ 19 ടീം, ഇന്ത്യ അണ്ടർ 23 ടീം തുടങ്ങി ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി നിശ്ചയിക്കുന്നു യുവനിരയുടെ പരിശീലന പുരോഗതിക്കു വേണ്ടിയുള്ള കാര്യങ്ങൾ തീരുമാനിക്കൽ, ദേശീയ പുരുഷ-വനിത ടീമുകളുടെ കോച്ചുമാരുമായിച്ചേർന്ന് പ്രവർത്തിക്കൽ, കോച്ചുമാർക്ക് ആവശ്യമായ ഉപദേശം നൽകൽ തുടങ്ങിയ ചുമതലകളാണ് ദ്രാവിഡ് ഏറ്റെടുത്തത്.
ഇത്രയും ഉത്തരവാദിത്തങ്ങള്‍ ഏറ്റവും വിശ്വസിച്ചേല്‍പ്പിക്കാന്‍ കഴിയുന്ന സമകാലീനരില്‍ ദ്രാവിഡ് അല്ലാതെ മറ്റൊരു ഓപ്ഷന് ഇല്ലെന്ന് ബി.സി.സി.ഐക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ച ശേഷം യുവനിരയെ വാര്‍ത്തെടുക്കാന്‍ ദ്രാവിഡ് എടുത്ത യത്നങ്ങള്‍ അത്രത്തോളമുണ്ടെന്നത് തന്നെയാണ് ദ്രാവിഡിനെ വിശ്വാസത്തിലെടുക്കാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പ്രേരിപ്പിച്ചത്.
പുതിയ ചുമതല ഏറ്റെടുത്തതോടെ രാജ്യത്തിന്റെ ക്രിക്കറ്റ് ഭാവിയെ നിശ്ചയിക്കുന്ന യുവതലമുറയുടെ കൂടെ വന്മതിലായി ദ്രാവിഡ് മാറി. ഇന്ത്യൻ ക്രിക്കറ്റിന്റെ തലപ്പത്തേക്ക് ജെന്റിൽമാൻ' എത്തുകയാണെന്നായിരുന്നു അന്നത്തെ മാധ്യമ തലക്കെട്ടുകള്‍. ഇതിനിടയില്‍ ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് ദ്രാവിഡിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും യുവനിരയെ പരിശീലിപ്പിക്കുന്നതിനാണ് താല്‍പര്യമെന്നായിരുന്നു ദ്രാവിഡിന്റെ മറുപടി.
ക്രിക്കറ്റ് ചോരയില്‍ കലര്‍ന്ന വികാരമായി കൊണ്ടുനടക്കുന്ന രാജ്യത്ത് യുവതലമുറയുടെ ഭാവി രാഹുല്‍ ശരത് ദ്രാവിഡ് എന്ന ഈ 48കാരന്റെ കൈകളില്‍ സുരക്ഷിതമാണെന്ന് ഇന്ത്യയുടെ ഓരോ വിജയവും തെളിയിക്കുകയാണ്.