ഇറാന്‍-അമേരിക്ക സംഘര്‍ഷം; മധ്യസ്ഥ നീക്കവുമായി പാക്കിസ്ഥാനും
|യു.എസ് പ്രസിഡൻറ് ട്രംപും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും മധ്യസ്ഥനീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചതായി ഇമ്രാൻ ഖാൻ വ്യക്തമാക്കി.
ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം പരിഹരിക്കാൻ ഫ്രാൻസിനു പുറമെ മധ്യസ്ഥനീക്കവുമായി പാക് പ്രാധാനമന്ത്രി ഇമ്രാൻ ഖാനും. യു.എസ് പ്രസിഡൻറ് ട്രംപും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും മധ്യസ്ഥനീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചതായി ഇമ്രാൻ ഖാൻ വ്യക്തമാക്കി.
അതേ സമയം എണ്ണ കേന്ദ്രങ്ങളിലെ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ഇറാനെതിരെ സൈനിക നടപടി വരെ ആവശ്യമാണെന്ന നിലപാടിലാണ് സൗദി നേതൃത്വം.
ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിന്‍റെ നേതൃത്വത്തിലുള്ള മധ്യസ്ഥ നീക്കം തുടരുന്നതിനിടയിലാണ് അമേരിക്കക്കും ഇറാനുമിടയിൽ അനുരഞ്ജനത്തിന് പാക് പ്രധാനമന്ത്രിയുടെ നീക്കം. കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയിൽ ട്രംപ് തന്നെയാണ് ഇതിന് പച്ചക്കൊടി കാണിച്ചത്. ഇതേ തുടർന്ന് ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനിയുമായി സംസാരിച്ചുവെന്നും ഇമ്രാൻ ഖാൻ അറിയിച്ചു. കഴിഞ്ഞ ദിവസം സൗദി സന്ദർശിച്ച വേളയിൽ മധ്യസ്ഥ നീക്കത്തിന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ആവശ്യപ്പെട്ടുവെന്നാണ് ഇമ്രാൻ ഖാൻ വെളിപ്പെടുത്തിയത്.
ഉപരോധം കടുപ്പിച്ച് ഇറാനെ വരുതിയിൽ കൊണ്ടു വരികയെന്നതാണ് നയമെന്ന് ട്രംപ് പറയുന്നു. സൈനിക നടപടി ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇപ്പോൾ അജണ്ടയിൽ ഇല്ലെന്നും ട്രംപ് വ്യക്തമാക്കി. അതേ സമയം സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽ ജുബൈർ യു.എന്നിൽ ഇറാനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. സൗദി എണ്ണകേന്ദ്രങ്ങളിലെ ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് സ്ഥിരീകരിക്കും വരെ കാത്തിരിക്കാനാണ് യു.എൻ തീരുമാനം. അന്താരാഷ്ട്ര വിദഗ്ധരുൾപ്പെട്ട സമിതിയുടെ റിപ്പോർട്ട് വൈകാതെ പുറത്തു വരും എന്നാണ് സൂചന. അതിനു മുമ്പെ തന്നെ ഇറാനെതിരെ പരമാവധി അന്തരാഷ്ട്ര സമ്മർദം രൂപപ്പെടുത്താനാണ് സൗദി അനുകൂല രാജ്യങ്ങളുടെ തീരുമാനം. ഇറാനുമായി യാതൊരു അനുനയത്തിനും തൽക്കാലം അമേരിക്ക തയാറാകരുതെന്നും ഈ രാജ്യങ്ങൾ ആവശ്യെപ്പടുന്നുണ്ട്.