Kerala
12 മുതൽ 19 വരെയുള്ള മഴക്കെടുതിയിൽ കേരളത്തിൽ 39 പേർ മരണപ്പെട്ടു
Kerala

12 മുതൽ 19 വരെയുള്ള മഴക്കെടുതിയിൽ കേരളത്തിൽ 39 പേർ മരണപ്പെട്ടു

Web Desk
|
19 Oct 2021 3:10 PM GMT

എല്ലാ വകുപ്പുകളും യോജിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും ദുരന്തത്തിൽപ്പെട്ട അഞ്ചു പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും മന്ത്രി പറഞ്ഞു

12 മുതൽ 19 വരെയുള്ള മഴക്കെടുതിയിൽ കേരളത്തിൽ 39 പേർ മരണപ്പെട്ടുവെന്നും അഞ്ചുപേരെ കാണാതായെന്നും റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു. സംസ്ഥാനത്തെ പല ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചതെങ്കിലും ക്രമീകരണം റെഡ് അലേർട്ടിന്റേതാകുമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു. 14 ജില്ലകളിലെയും കലക്ടർമാരുമായുള്ള യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 12 എൻഡിആർഎഫ് സേന, രണ്ട് ആർമി സംഘം, രണ്ട് ഡിഫൻസ് ഫോഴ്‌സ് സംഘം എന്നിവ കേരളത്തിലുണ്ട്. നേവിയുടെയും എയർഫോഴ്‌സിന്റെയും ഹെലികോപ്റ്ററുമുണ്ട്. തെക്കൻ സംസ്ഥാനങ്ങളിലെല്ലാം കിഴക്കൻ കാറ്റിന്റെ സ്വാധീനമുണ്ടെന്നും തുലാവർഷത്തിന്റെ തുടക്കമായതിനാൽ പശ്ചിമഘട്ട മേഖലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മന്ത്രി അറിയിച്ചു.

ഓറഞ്ച് ബുക്ക് 2021 അടിസ്ഥാനത്തിലുള്ള ക്രമീകരണമാണ് സംസ്ഥാനത്ത് കൊണ്ടുവരിക. എല്ലായിടത്തും ക്യാമ്പുകൾ ഒരുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ വകുപ്പുകളെയും കൂട്ടിയോജിപ്പിച്ച് മുന്നോട്ട് പോകും - മന്ത്രി വ്യക്തമാക്കി. ഉരുൾപൊട്ടൽ സാധ്യത മേഖലയിൽ ജനങ്ങളെ നിർബന്ധമായും മാറ്റിപ്പാർപ്പിക്കുമെന്നും ക്യാമ്പുകൾ പ്രവർത്തിക്കുന്നത് കോവിഡ് നിർദേശങ്ങൾ പാലിച്ചായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വകുപ്പുകളും യോജിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും ദുരന്തത്തിൽപ്പെട്ട അഞ്ചു പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും മന്ത്രി പറഞ്ഞു.

ഒക്ടോബർ 20 ന് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും ഒക്ടോബർ 21 ന് കണ്ണൂർ, കാസർകോട് ജില്ലകൾ ഒഴികെ മുഴുവൻ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ 20 മുതൽ 23 വരെ സംസ്ഥാനത്ത് വ്യാപകമായി അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ടെന്നും മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്.

മഴക്കെടുതിയിൽ സംസ്ഥാനത്ത് 200 കോടിയുടെ കർഷിക നഷ്ടമുണ്ടായെന്നും കുട്ടനാട്ടിൽ 18 കോടിയുടെ നഷ്ടമുണ്ടായെന്നും മന്ത്രി പി. പ്രസാദ് അറിയിച്ചിട്ടുണ്ട്. കാർഷികനഷ്ടത്തിന്റെ കണക്കെടുപ്പ് ഉടൻ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിന് പ്രത്യേക കാർഷിക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മന്ത്രി പ്രസാദ് അറിയിച്ചു.

ഉരുൾപൊട്ടലുണ്ടായ കൂട്ടിക്കൽ ഉൾപ്പെടുന്ന കോട്ടയം ജില്ലയിലെ 33 ഇടങ്ങളിൽ മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. കൂട്ടിക്കൽ , മൂന്നിലവ്, തലനാട് , തീക്കോയി പൂഞ്ഞാർ തെക്കേക്കര, നെടുഭാഗം വില്ലേജുകളിലുള്ള പ്രദേശങ്ങളിൽ അപകട സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ പ്രദേശത്തുള്ളവരോട് ക്യാമ്പുകളിലേക്ക് മാറാൻ അധികൃതർ നിർദേശിച്ചിരിക്കുകയാണ്. രണ്ട് ദിവസം ശക്തമായ മഴ ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ് നൽകിയത്. പ്ലാപ്പള്ളിയിൽ ഉരുൾപ്പൊട്ടലിൽ മരിച്ച അലന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിന് ശേഷമാണ് മൃതദേഹം വിട്ട് നൽകിയത്.

Similar Posts