'മധ്യപ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിക്കണമെന്ന നിർദേശം സംസ്ഥാന സർക്കാർ പരിഗണിക്കുന്നില്ല': ആഭ്യന്തര മന്ത്രി
|വിദ്യാർഥികളുടെ യൂണിഫോം സംബന്ധിച്ച് നിലവിലുളള ക്രമീകരണങ്ങൾ തന്നെ തുടരുമെന്നും ഹിജാബ് നിരോധിക്കപ്പെട്ടാൽ അതിനനുസരിച്ചുള്ള നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി
മധ്യപ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിക്കാനുള്ള നിർദേശം സംസ്ഥാന സർക്കാർ പരിഗണിക്കുന്നില്ലെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ഇതു സംബന്ധിച്ച് യാതൊരു വിവാദവും സംസ്ഥാനത്ത് നിലനിൽക്കുന്നില്ലെന്നും ഇക്കാര്യത്തിൽ ആശയക്കുഴപ്പം ഇല്ലെന്നും മന്ത്രി ഭോപ്പാലിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരാണ് മധ്യപ്രദേശിൽ അധികാരത്തിലുള്ളത്.
കർണാടകയിൽ ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നടക്കുന്ന പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിലാണ് മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. ഇക്കാര്യത്തിൽ ചർച്ചക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി ഇന്ദർ സിംഗ് പർമർ ഹിജാബ് വിരുദ്ധ പ്രക്ഷോഭകരെ പിന്തുണയ്ക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഹിജാബ് നിരോധിക്കണമെന്ന് അദ്ദേഹം ആശ്യപ്പെടുകയും ചെയ്തു.
എന്നാൽ തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന് പിന്നീട് അദ്ദേഹം വ്യക്തമാക്കി. വിദ്യാർഥികളുടെ യൂണിഫോം സംബന്ധിച്ച് നിലവിലുളള ക്രമീകരണങ്ങൾ തന്നെ തുടരുമെന്നും ഹിജാബ് നിരോധിക്കപ്പെട്ടാൽ അതിനനുസരിച്ചുള്ള നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
കർണാടകയിലെ ഉഡുപ്പി ജില്ലയിൽ ഹിജാബ് നിരോധനത്തിനെതിരെ ആറ് പെൺകുട്ടികൾ നടത്തിയ പ്രതിഷേധം വലിയ രീതിയിൽ രാജ്യത്ത് ചർച്ചയായിരുന്നു.ഹിജാബ് വിരുദ്ധ പ്രക്ഷോഭകർ ചൊവ്വാഴ്ച മാണ്ഡ്യയിൽ കാവി സ്കാർഫ് വീശി 'ജയ് ശ്രീറാം' എന്ന് വിളിച്ച് മുസ്ലിം പെൺകുട്ടിക്കു നേരെ പാഞ്ഞടുക്കുന്ന കാഴ്ച സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
അതേസമയം ഹിജാബ് ധരിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് അഞ്ച് വിദ്യാർഥിനികൾ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി വിധിക്കായി കാത്തിരിക്കുമ്പോൾ കർണാടകയിലെ ബിജെപി സർക്കാർ മൗനത്തിലാണ്. ഇന്ന് വൈകീട്ട് ഈ വിഷയം ഹൈക്കോടതി വിശാല ബെഞ്ചിന് വിടുകയും ചെയ്തു. കർണാടകയിലെ എല്ലാ സ്കൂളുകളും കോളേജുകളും മൂന്ന് ദിവസത്തേക്ക് അടച്ചിടാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഇന്നലെ ഉത്തരവിട്ടിരുന്നു.