India
fake drug racket
India

ഡൽഹിയിൽ വ്യാജമരുന്ന് മാഫിയ സംഘം പിടിയില്‍; നാല് കോടി രൂപയുടെ വ്യാജ ക്യാൻസർ മരുന്ന് പിടിച്ചെടുത്തു

Web Desk
|
13 March 2024 8:17 AM GMT

ഡൽഹിയിലെ ക്യാൻസർ ആശുപത്രി ജീവനക്കാരടക്കം എട്ടു പേരാണ് അറസ്റ്റിലായത്

ഡല്‍ഹി: ഡൽഹിയിൽ വ്യാജമരുന്ന് മാഫിയ സംഘത്തെ പിടികൂടി.നാല് കോടി രൂപയുടെ വ്യാജ ക്യാൻസർ മരുന്ന് ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഡൽഹിയിലെ ക്യാൻസർ ആശുപത്രി ജീവനക്കാരടക്കം എട്ടു പേരാണ് അറസ്റ്റിലായത്.

ഡൽഹി, ഹരിയാന സംസ്ഥാനങ്ങളിൽ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് വ്യാജ മരുന്ന് മാഫിയ സംഘത്തെ പിടിയിലായത്. ക്രൈംബ്രാഞ്ചിന് രഹസ്യമായി കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഡൽഹിയിലെ മോത്തി നഗർ, യമുന വിഹാർ, ഗുരുഗ്രാം എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ ക്യാൻസർ മരുന്ന് വിൽക്കുന്ന ഏഴ് രാജ്യാന്തര ബ്രാൻഡുകളുടെയും രണ്ട് ഇന്ത്യൻ ബ്രാൻഡുകളുടെയും വ്യാജ മരുന്നുകൾ പിടിച്ചെടുത്തു.140 മരുന്ന് ട്യൂബുകൾ, 197 ഒഴിഞ്ഞ ട്യൂബുകൾ, മരുന്ന് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെത്തി.

വിദേശ കറൻസികളും രണ്ടു കോടിയോളം ഇന്ത്യൻ രൂപയും പ്രതികളിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് 7 പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ക്യാൻസർ ആശുപത്രിയിലെ രണ്ട് ജീവനക്കാരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. ഇവരാണ് രോഗികളെ മരുന്ന് മാഫിയ സംഘത്തിന് പരിചയപ്പെടുത്തി കൊടുത്തതെന്ന് സൂചന സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നതും പ്രതികള്‍ക്ക് രാജ്യാന്തര ബന്ധമുണ്ടോയെന്നതുള്‍പ്പെടെ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

Similar Posts