2000 രൂപാനോട്ടുകൾ മുഴുവൻ തിരിച്ചെത്തിയില്ല; 7,581 കോടി പൊതുജനങ്ങളുടെ കൈവശമെന്ന് ആർബിഐ
|2023 ഒക്ടോബർ 7 വരെയായിരുന്നു നോട്ടുകൾ തിരിച്ചേൽപ്പിക്കാനോ മാറ്റിയെടുക്കാനോ ഉള്ള സമയം
മുംബൈ: നിരോധിച്ച 2000 രൂപാനോട്ടുകളിൽ 7581 കോടിയുടെ നോട്ടുകൾ ഇപ്പോഴും പൊതുജനങ്ങളുടെ കൈവശമെന്ന് ആർബിഐ. ജൂൺ 28 വരെയുള്ള കണക്ക് പ്രകാരമാണിത്. 2023 മേയിൽ നിരോധിച്ചശേഷം 97.87 ശതമാനം നോട്ടും തിരിച്ചെത്തിയതായും ആർബിഐ അറിയിക്കുന്നുണ്ട്.
നോട്ട് നിരോധനത്തിന് പിന്നാലെ 1000, 500 രൂപാനോട്ടുകൾക്ക് പകരമായി 2016ലാണ് 2000 രൂപയുടെ നോട്ടുകൾ ആർബിഐ പുറത്തിറക്കുന്നത്. മേയ് വരെ 3.56 ലക്ഷം കോടിയുടെ നോട്ടുകൾ വിനിമയത്തിലുണ്ടായിരുന്നു. ഈ കണക്ക് പ്രകാരമാണ് 7,581 കോടി രൂപയുടെ നോട്ടുകൾ ഇപ്പോഴും ജനങ്ങൾ കൈവശം വെച്ചിരിക്കുന്നതായി കണ്ടെത്തിയത്. 2023 ഒക്ടോബർ 7 വരെയായിരുന്നു നോട്ടുകൾ തിരിച്ചേൽപ്പിക്കാനോ മാറ്റിയെടുക്കാനോ ഉള്ള സമയം. എന്നാൽ നോട്ടുകൾ മുഴുവൻ തിരിച്ചെത്താത്തതിനാൽ സമയപരിധി നീട്ടി.
എല്ലാ ബാങ്കുകളിലും റിസർവ് ബാങ്കിന്റെ 19 ഇഷ്യൂ ഓഫീസുകളിലും സൗകര്യമുണ്ടായിരുന്നു. പോസ്റ്റലായും നോട്ടുകൾ സ്വീകരിക്കുമെന്നായിരുന്നു ആർബിഐയുടെ അറിയിപ്പ്. എന്നിട്ടും നോട്ടുകൾ ബാക്കിയുണ്ടെന്നാണ് ആർബിഐയുടെ കണ്ടെത്തൽ.
ആർബിഐയുടെ അഹമ്മദാബാദ്, ബംഗളൂരു, ബേലാപൂർ, ഭോപ്പാൽ, ഭുവനേശ്വർ, ചണ്ഡീഗഢ്, ചെന്നൈ, ഗുവാഹട്ടി, ഹൈദരാബാദ്, ജയ്പൂർ, ജമ്മു, കാൻപൂർ, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ, നാഗ്പൂർ, ന്യൂഡൽഹി, പട്‌ന, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഇഷ്യൂ ഓഫീസുകൾ വഴി ഇപ്പോഴും നോട്ടുകൾ മാറ്റിയെടുക്കാം.