കർണാടകയിൽ ക്രിസ്ത്യൻ പുരോഹിതനെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി മാനസികരോഗിയെന്ന് പൊലീസ്
|അക്രമി മാനസിക രോഗിയാണെന്നാണ് പ്രാഥമിക വിവരമെന്നും അക്രമത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും പൊലീസ് കമ്മീഷണർ കെ ത്യാഗരാജൻ പറഞ്ഞു.
കർണാടകയിലെ ബെൽഗാവിയിൽ ക്രിസ്ത്യൻ പുരോഹിതനെ വെട്ടിക്കൊല്ലാൻ ശ്രമം. സെന്റ് ജോസഫ്സിന്റെ 'ദ വർക്കർ ചർച്ച്' ഫാദർ ഫ്രാൻസിസിനെ ആക്രമിക്കാനാണ് ശ്രമമുണ്ടായത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നായയുടെ അസാധാരണമായ കുര കേട്ട് വീട്ടിൽ നിന്നിറങ്ങിയ ഫാദറിനെ അക്രമി വാളുകൊണ്ട് വെട്ടാൻ ശ്രമിക്കുകയായിരുന്നു.
''സാധാരണ നായ വീടിനകത്താണ് ഉണ്ടാവാറുള്ളത്. ഇന്നലെ രാത്രി നായ പുറത്തുനിന്ന് അസാധാരണമായി കുരക്കുന്നത് കേട്ടാണ് ഞാൻ പുറത്തിറങ്ങിയത്. വീടിന്റെ ഗേറ്റ് തുറന്നുകിടക്കുന്നത് കണ്ട് നായയെ അകത്തേക്ക് കൊണ്ടുപോവാനെത്തിയപ്പോൾ വാളുമായി നിൽക്കുന്ന ഒരാളെയാണ് കണ്ടത്. അയാൾ അക്രമിക്കുമെന്നുറപ്പായതോടെ ഞാൻ ഒച്ചവെക്കുകയായിരുന്നു. ഞാൻ സഹായത്തിനായി നിലവിളിച്ചതോടെ അയാൾ ഓടി രക്ഷപ്പെട്ടു''-ഫാദർ ഫ്രാൻസിസ് മാധ്യമങ്ങളോട് പറഞ്ഞു.
അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. അക്രമി മാനസിക രോഗിയാണെന്നാണ് പ്രാഥമിക വിവരമെന്നും അക്രമത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും പൊലീസ് കമ്മീഷണർ കെ ത്യാഗരാജൻ പറഞ്ഞു.
കർണാടകയിൽ ക്രിസത്യൻ സ്ഥാപനങ്ങൾക്കും പുരോഹിതൻമാർക്കുമെതിരെ ഹിന്ദുത്വ ശക്തികൾ നടത്തുന്ന അക്രമങ്ങളുടെ തുടർച്ചയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് കോലാറിൽ കഴിഞ്ഞ ദിവസം ഹിന്ദുത്വ സംഘടനകൾ ക്രിസ്ത്യൻ മതഗ്രന്ഥങ്ങൾ കത്തിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
#Christian priests harassed & their literature burnt at #Srinivaspura #Kolar. Priests were conducting prayer meet at a local house;when some locals alleging forceful #conversion barged into the house.They handed over the priests to cops.And burnt their literature. #Karnataka pic.twitter.com/kXZPAfMUP4
— Imran Khan (@KeypadGuerilla) December 12, 2021
വീടുവീടാനന്തരം കയറി മതപ്രബോധനം നടത്തരുതെന്ന് ക്രിസ്ത്യൻ സമൂഹത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ഇതിനെ തുടർന്ന് ക്രിസ്ത്യൻ സമുദായാംഗങ്ങളും ഹിന്ദുത്വ കക്ഷികളും തമ്മിൽ പ്രശ്നം രമ്യമായി പരിഹസിച്ചിട്ടുണ്ടെന്നും പേര് വെളിപ്പെടുത്താൻ പാടില്ലെന്ന വ്യവസ്ഥയിൽ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.