ഹിമാചലില്‍ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചർച്ചകൾക്ക് ഇന്ന് ഹൈക്കമാൻഡ് തുടക്കം കുറിക്കും
|ഹിമാചലിലെ സാഹചര്യം വ്യക്തമാക്കുന്ന വിശദമായ റിപ്പോർട്ട് കേന്ദ്ര നിരീക്ഷകർ ഇന്ന് ഹൈക്കമാന്‍ഡിനു സമർപ്പിക്കും
ഷിംല: ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചർച്ചകൾക്ക് ഇന്ന് ഹൈക്കമാൻഡ് തുടക്കം കുറിക്കും. പ്രതിഭ സിംഗ്, സുഖ് വിന്ദർ സിങ് സുഖു എന്നി പേരുകളാണ് സജീവമായി പരിഗണിക്കുന്നത്. ഹിമാചലിലെ സാഹചര്യം വ്യക്തമാക്കുന്ന വിശദമായ റിപ്പോർട്ട് കേന്ദ്ര നിരീക്ഷകർ ഇന്ന് ഹൈക്കമാന്‍ഡിനു സമർപ്പിക്കും.
മുഖ്യമന്ത്രിയെ കണ്ടെത്താൻ ഹിമാചലിൽ നടത്തിയ ചർച്ചകളിൽ സമവായം ഉണ്ടാകാതെ വന്നതോടെയാണ് തീരുമാനം ഹൈക്കമാൻഡിന് വിട്ടത്. ഇന്ന് മുതൽ ഡൽഹി കേന്ദ്രീകരിച്ചാകും ചർച്ചകൾ. മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്‍റെ സംഭാവനകളെ മാനിച്ച് കുടുംബത്തിന് മുഖ്യമന്ത്രി പദം നൽകണം എന്നാണ് പിസിസി അധ്യക്ഷ പ്രതിഭ സിംഗിന്‍റെ ആവശ്യം. മാണ്ഡിയിലെ എം.പി സ്ഥാനം രാജി വെപ്പിച്ച് പ്രതിഭാ സിംഗിനെ മുഖ്യമന്ത്രി ആക്കുന്നതിനോട് ഹൈക്കമാൻഡിന് യോജിപ്പില്ല. ഭൂരിഭാഗം എം.എൽ.എമാരുടെ പിന്തുണയും മുൻ പി.സി.സി അധ്യക്ഷൻ സുഖ് വിന്ദർ സിങ് സുഖുവിനാണ്. ഇത് ഹൈക്കമാൻഡിന് അവഗണിക്കാനും കഴിയില്ല.
4 തവണ എം.എൽ.എയായ നിലവിലെ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രിക്കും അർഹമായ പരിഗണന നൽകണം എന്നാണ് ഹൈക്കമാൻഡ് നിലപാട്. ടാക്കൂർ, ബ്രാഹ്മണ സമവാക്യവും ഹൈക്കമാൻഡ് തീരുമാനത്തെ സ്വാധീനിക്കും. ഹിമാചലിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിച്ച ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നിലപാടും നിർണായകമാകും. ഇന്ന് നിരീക്ഷകർ സമർപ്പിക്കുന്ന റിപ്പോർട്ട് വിശദമായി പരിഗണിച്ച ശേഷമാകും ഹൈക്കമാൻഡ് ചർച്ചകളിലേക്ക് കടക്കുക. ഇന്നലെ ഷിംലയിൽ ചേർന്ന നിയമസഭാ കക്ഷി യോഗത്തിൽ കേന്ദ്ര നിരീക്ഷകർ 40 എം.എൽ.എമാരുമായും ആശയ വിനിമയം നടത്തി.