ബംഗ്ലാദേശില്‍ നിന്നും ഒരു കോടി ഹിന്ദു അഭയാര്‍ഥികള്‍ ബംഗാളിലെത്തും: അഭയം നല്‍കണമെന്ന് സുവേന്ദു അധികാരി
|ബംഗ്ലാദേശിൽ ഹിന്ദുക്കൾ കശാപ്പ് ചെയ്യപ്പെടുന്നു
കൊല്‍ക്കത്ത: വിദ്യാര്‍ഥി പ്രക്ഷോഭം തുടരുന്ന ബംഗ്ലാദേശില്‍ നിന്നും ഒരു കോടി ഹിന്ദു അഭയാര്‍ഥികള്‍ വരുംദിവസങ്ങള്‍ക്കുള്ളില്‍ പശ്ചിമബംഗാളിലെത്തുമെന്ന് ബി.ജെ.പി നേതാവ് സുവേന്ദു അധികാരി. ഈ അഭയാർഥികളുടെ പ്രവേശനത്തിന് പശ്ചിമ ബംഗാളിലെ ജനങ്ങൾ തയ്യാറാവണമെന്ന് നിയമസഭയുടെ വർഷകാല സമ്മേളനത്തോടനുബന്ധിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അധികാരി പറഞ്ഞു.
"ബംഗ്ലാദേശിൽ ഹിന്ദുക്കൾ കശാപ്പ് ചെയ്യപ്പെടുന്നു. രംഗ്പൂർ നഗർ പരിഷത്ത് കൗൺസിലർ ഹരാധൻ നായക് കൊല്ലപ്പെട്ടു. സിറാജ്ഗഞ്ചിൽ പതിമൂന്ന് പൊലീസുകാരെ കൊലപ്പെടുത്തി. ഇതില്‍ ഒന്‍പത് പേര് ഹിന്ദുക്കളാണ്. നൊഖാലിയിലെ ഹിന്ദു വസതികൾക്ക് തീയിട്ടു'' സുവേന്ദു പറഞ്ഞു. മുഖ്യമന്ത്രി മമത ബാനർജി, ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് എന്നിവരോട് വിഷയത്തെക്കുറിച്ച് കേന്ദ്രത്തോട് സംസാരിക്കണമെന്നും ബംഗാളിലെ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ബംഗ്ലാദേശിലെ നിലവിലെ സ്ഥിതി മൂന്ന് ദിവസത്തിനുള്ളിൽ മാറിയില്ലെങ്കിൽ രാജ്യം മതമൗലികവാദികളുടെ പിടിയിലാകുമെന്നും അധികാരി വ്യക്തമാക്കി.
"ഒരു കോടി ഹിന്ദു അഭയാർത്ഥികൾക്ക് അഭയം നൽകാൻ മാനസികമായി തയ്യാറാവുക. ഞാനതിന് ഒരുങ്ങിക്കഴിഞ്ഞു'' 1971-ൽ ചെയ്തതുപോലെ ബംഗ്ലാദേശിൽ നിന്ന് വരുന്ന ഹിന്ദു അഭയാർത്ഥികൾക്ക് അഭയം നൽകണമെന്ന് അദ്ദേഹം പശ്ചിമ ബംഗാളിലെ ഹിന്ദു ജനതയോട് അഭ്യർത്ഥിക്കുകയും ചെയ്തു.
ശൈഖ് ഹസീനയുടെ രാജിക്ക് പിന്നാലെ സമാധാനം നിലനിർത്താനും ഒരു തരത്തിലുള്ള കിംവദന്തികൾക്കും ശ്രദ്ധ കൊടുക്കരുതെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. ബംഗ്ലാദേശിലെ സംഭവവികാസങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ച മമത അത് വിദേശകാര്യ മന്ത്രാലയത്തിന്റെ വിഷയമാണെന്നാണ് പറഞ്ഞ് കയ്യൊഴിയുകയായിരുന്നു. "സമാധാനം നിലനിർത്താനും എല്ലാത്തരം പ്രകോപനങ്ങളും ഒഴിവാക്കാനും പശ്ചിമ ബംഗാളിലെ എല്ലാ പൗരന്മാരോടും ഞാൻ അഭ്യർത്ഥിക്കുന്നു.ഏതെങ്കിലും തരത്തിലുള്ള കിംവദന്തികൾ ശ്രദ്ധിക്കരുത്. ഇത് രണ്ട് രാജ്യങ്ങൾ തമ്മിലുള്ള വിഷയമാണ്, കേന്ദ്ര സർക്കാർ എന്ത് തീരുമാനമെടുത്താലും ഞങ്ങൾ പിന്തുണയ്ക്കും'' മമതയുടെ വാക്കുകളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂലൈ 19 മുതൽ ആഗസ്ത് 6 വരെ ബംഗ്ലാദേശിലേക്കുള്ള കൊൽക്കത്ത-ധാക്ക-കൊൽക്കത്ത മൈത്രി എക്സ്പ്രസ് ട്രെയിൻ ഉൾപ്പെടെയുള്ള എല്ലാ റെയിൽ സർവീസുകളും ഇന്ത്യൻ റെയിൽവേ റദ്ദാക്കിയിട്ടുണ്ട്.
അതേസമയം ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യവും അത് ഇന്ത്യയിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ലോക്സഭയിലും രാജ്യസഭയിലും അടിയന്തര പ്രമേയ നോട്ടീസ് നൽകി. വിഷയം ചട്ടം 267 പ്രകാരം സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടു. കലാപവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾസമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്ന് ബംഗാൾ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.
അതിനിടെ ഇന്ത്യയില്‍ അഭയം തേടിയ ബംഗ്ലാദേശ് മുന്‍പ്രധാനമന്ത്രി ശൈഖ് ഹസീന രാജ്യം വിട്ടുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ബംഗ്ലാദേശിന്റെ വിവിധ ഭാഗങ്ങളിൽ അരാജകത്വം തുടരുകയാണ്. പ്രക്ഷോഭകർ ഷേർപൂർ ജയിൽ തകർത്ത് 500 തടവുകാരെ മോചിപ്പിച്ചു. മുൻ പ്രധാനമന്ത്രി ഖാലിദ സിയയെ ജയിൽ മോചിതയാക്കാൻ ബംഗ്ലാദേശ് പ്രസിഡന്റ് ഉത്തരവിട്ടിരുന്നു.