ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനവും മണ്ണിടിച്ചിലും; ഒരാൾ മരിച്ചു,ആറു പേരെ കാണാതായി
|കുളുവിലെ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളുമായുള്ള ആശയവിനിമയം തടസപ്പെട്ടു
ഷിംല: ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനത്തിലും മണ്ണിടിച്ചിലിലും ഒരാൾ മരിച്ചു. ആറു പേരെ കാണാതായി. കനത്ത മഴയിൽ നിരവധി വീടുകൾ തകരുകയും നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെടുകയും ചെയ്തു. കുളുജില്ലയിലെ മലാന, മണിക്കരാൻ തുടങ്ങിയ സ്ഥലങ്ങളാണ് ഒറ്റപ്പെട്ടത്. താഴ് വാരയിലെ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളുമായുള്ള ആശയവിനിമയം തടസ്സപ്പെടുകയും ചെയ്തു.
ഇന്നു രാവിലെയാണ് കുളുവിൽ മേഘ വിസ്‌ഫോടനമുണ്ടായത്. പലയിടത്തും ഉരുൾപൊട്ടി. നാലു പേർ വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയതായാണ് റിപ്പോർട്ട്. അതേസമയം, സിംലയിൽ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. ചലാൽ മേഖലയിൽ നാലു പേർ പ്രളയത്തിൽ കാണാതായി. കഴിഞ്ഞ ഒരാഴ്ചയായി ഹിമാചൽ പ്രദേശിൽ ശക്തമായ മഴ തുടരുകയാണ്. മാലിനിയിലെ വൈദ്യുതി നിലയത്തിൽ ജോലി ചെയ്യുന്ന 25ലധികം ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു എന്നും അധികൃതർ അറിയിച്ചു. വിനോദസഞ്ചാരികളെ അടക്കം രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.
അതേസമയം, മഴ രക്ഷാരക്ഷാപ്രവർത്തനം ബാധിക്കുന്നുണ്ട്.സിർമൗർ, ബിലാസ്പൂർ, ഹാമിർപൂർ, മാഡി, ഉന ജില്ലകളിൽ ഇടിയോടുകൂടിയാ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.