''സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം'': ഭീമ കൊറേഗാവ് കേസില്‍ ജയിലിലായവര്‍ നിരാഹാര സമരം നടത്തി
|ജയിലിലെ വിവിധ മുറികളിലായിരുന്ന തടവുകാര്‍ ചൊവ്വാഴ്ച്ച ഒത്തുച്ചേര്‍ന്നു സ്വാമിയുമൊത്തുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയും രണ്ട് മിനുറ്റ് മൗനമാചരിക്കുകയും ചെയ്തു
ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഭീമ കൊറേഗാവ് കേസില്‍ ജയിലിലായ 10 പേരുടെ നിരാഹാര സമരം. ഭീമ കൊറേഗാവ് കേസില്‍ തടവുകാരനായിരിക്കെ ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സ്റ്റാന്‍ സ്വാമി ആശുപത്രിയില്‍വെച്ച് കൊല്ലപ്പെടുന്നത്. ആദിവാസികളുടെ അവകാശപോരാട്ടങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണം 'സ്ഥാപനവല്‍കൃത കൊലപാതക'മാണെന്ന് നിരാഹാരമിരുന്ന പത്ത് പേരും ആരോപിച്ചു.
ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായി ജയിലിലുള്ള റോണ വില്‍സണ്‍, സുരേന്ദ്ര ഗാഡ്‍ലിങ്, സുധീര്‍ ധവാലെ, മഹേഷ് റൗത്ത്, അരുണ്‍ ഫെരേര, വെര്‍ണന്‍ ഗോണ്‍സാല്‍വസ്, ഗൗതം നവലാഖ, ആനന്ദ് തെല്‍തുംബെ, രമേശ് ഗെയ്ചോര്‍, സാഗര്‍ ഗോര്‍ഖെ എന്നിവരാണ് നേവി മുംബൈയിലെ തലോജ ജയിലില്‍ നിരാഹാര സമരം നടത്തിയത്. കേസ് അന്വേഷിച്ച എന്‍.ഐ.എ, തലോജ ജയില്‍ സൂപ്പര്‍ ഇന്‍ഡന്‍ഡ് കൗസ്തുബ് കുര്‍ലേഖര്‍ എന്നിവരാണ് സ്റ്റാന്‍ സ്വാമിയുടെ മരണത്തിന് ഉത്തരവാദികളെന്ന് നിരാഹാര സമരത്തിനിരുന്നവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
എന്‍.ഐ.എയും തലോജ ജയില്‍ സൂപ്രണ്ടും അവസരം കിട്ടുമ്പോഴെല്ലാം സ്റ്റാന്‍ സ്വാമിയെ കസ്റ്റഡിയില്‍ പീഡിപ്പിക്കുമായിരുന്നു. ആരോഗ്യനില അപകടത്തിലായപ്പോഴെല്ലാം അദ്ദേഹത്തെ ആശുപത്രിയില്‍ നിന്നും ജയിലിലേക്ക് മാറ്റിയിരുന്നതായും സ്ട്രോയോ സിപ്പറോ പോലും നല്‍കാതെ ഏറ്റവും മോശം പരിചരണമാണ് ജയിലില്‍ നല്‍കിയിരുന്നതെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ഇതെല്ലാമാണ് സ്റ്റാന്‍ സ്വാമിയുടെ മരണത്തിലേക്ക് നയിച്ചത്. ഇത് കൃത്യമായും ഒരു സ്ഥാപനവല്‍കൃത കൊലപാതകമാണ്. എന്‍.ഐ.എ ഉദ്യോഗസ്ഥരെയും ജയില്‍ സൂപ്പര്‍ ഇന്‍ഡന്‍ഡ് കുര്‍ലേഖറെയും പ്രതി ചേര്‍ത്ത് ഐ.പി.സി സെക്ഷന്‍ 302 (കൊലപാതക കുറ്റം) ചുമത്തണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് തലോജ ജയില്‍ അധികൃതര്‍ വഴി തങ്ങളുടെ ആവശ്യങ്ങള്‍ അറിയിക്കുമെന്നും നിരാഹരമിരുന്ന പത്ത് പേരും വ്യക്തമാക്കി.
ജയിലിലെ വിവിധ മുറികളിലായിരുന്ന തടവുകാര്‍ ചൊവ്വാഴ്ച്ച ഒത്തുച്ചേര്‍ന്നു സ്വാമിയുമൊത്തുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയും രണ്ട് മിനുറ്റ് മൗനമാചരിക്കുകയും ചെയ്തു.
പാര്‍ക്കിന്‍സണ്‍ രോഗബാധിതനായ ഫാ. സ്റ്റാന്‍ സ്വാമിക്ക് ജയിലില്‍ വെച്ച് കോവിഡ് ബാധിച്ചിരുന്നു. തുടര്‍ച്ചയായി കോടതി ജാമ്യം നിഷേധിച്ചതോടെ അദ്ദേഹത്തിന്‍റെ ആരോഗ്യനില അപകടകരമായി തന്നെ തുടരവെയാണ് മരണം സംഭവിക്കുന്നത്. അതെ സമയം ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തിന് കാരണം മോദി സര്‍ക്കാരാണെന്ന് കുറ്റപ്പെടുത്തി നിരവധി രാഷ്ട്രീയപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തുവന്നു.