തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; അമിതാഭ് ബച്ചനെതിരെ പരാതി, 10 ലക്ഷം രൂപ പിഴ ചുമത്തണമെന്ന് ആവശ്യം
|സിഎഐടി ഉപഭോക്തൃകാര്യ മന്ത്രാലയത്തിലെ സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിക്ക് (സിസിപിഎ) പരാതി നൽകി
ഡല്‍ഹി: ചെറുകിട കച്ചവടക്കാർക്കെതിരെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതിന് ബോളിവുഡ് താരം അമിതാഭ് ബച്ചനും ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിനുമെതിരെ പരാതി. അടിയന്തര നടപടി ആവശ്യപ്പെട്ട് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) ഉപഭോക്തൃകാര്യ മന്ത്രാലയത്തിലെ സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിക്ക് (സിസിപിഎ) പരാതി നൽകി.
സ്മാർട്ട്ഫോൺ വിപണിയിൽ വിൽപനക്കാരും വിതരണക്കാരും മൊബൈൽ ഫോണുകൾ ലഭ്യമാക്കുന്ന വിലയെക്കുറിച്ച് അമിതാഭ് ബച്ചൻ മുഖേന ഫ്ലിപ്പ്കാർട്ട് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതായി സിഎഐടി ദേശീയ പ്രസിഡന്റ് ബി.സി ഭാരതിയയും സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവാളും പരാതിയിൽ പറഞ്ഞു. ഈ പരസ്യം ഉടൻ താൽക്കാലികമായി നിർത്തിവയ്ക്കാനും പോർട്ടലിന് പിഴ ചുമത്താനും സിസിപിഎ ഫ്ലിപ്കാർട്ടിന് നിർദേശം നൽകണമെന്ന് ഭാരതിയയും ഖണ്ഡേൽവാളും ആവശ്യപ്പെട്ടിട്ടുണ്ട്. ബച്ചൻ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നാരോപിച്ച്, നിയമത്തിലെ സെക്ഷൻ 89 പ്രകാരം 10 ലക്ഷം രൂപ നടനിൽ നിന്ന് പിഴ ഈടാക്കണമെന്ന് ഇരുവരും പറഞ്ഞു.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി കഴിഞ്ഞ വര്‍ഷം പുതിയ മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു. എല്ലാ മാധ്യമങ്ങളിലൂടെയുമുള്ള പരസ്യങ്ങള്‍ക്ക് മാര്‍ഗരേഖ ബാധകമാണ്. മാർഗരേഖയുടെ ആദ്യലംഘനത്തിന് 10 ലക്ഷം രൂപയും ആവർത്തിച്ചാൽ 50 ലക്ഷവുമാണ് സ്ഥാപനങ്ങൾക്ക് പിഴ. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിൽ സാക്ഷ്യപ്പെടുത്തുന്ന വ്യക്തികളെ ഒരു വർഷം വിലക്കാം. ഇതാവർത്തിച്ചാൽ വിലക്ക് മൂന്നുവർഷം വരെയാകാം.