ഉത്തരാഖണ്ഡ് ഹിമപാതം: 26 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി; മൂന്ന് പേർക്കായി തെരച്ചിൽ തുടരുന്നു
|മോശം കാലാവസ്ഥയാണ് രക്ഷാ പ്രവർത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നത്
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഗഢ്‌വാളിൽ മഞ്ഞിടിച്ചിലുണ്ടായ സ്ഥലത്ത് നിന്ന് 10 മൃതദേഹങ്ങൾ കൂടി സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമുകൾ വെള്ളിയാഴ്ച കണ്ടെടുത്തു. ഇതോടെ ഇതുവരെ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 26 ആയി. ഇതില് 24 പേർ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനിയറിംഗിലെ ട്രെയിനകളാണ്. മറ്റു രണ്ടുപേർ എൻഐഎം ഇൻസ്ട്രക്ടർമാരാണ്.
കാണാതായ മൂന്ന് ട്രെയിനികളെക്കൂടി കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഗുൽമാർഗിൽ നിന്നുള്ള വിദഗ്ദ സംഘത്തിന്റെ സഹായത്തോടെയാണ് രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നത്. 14 പേരെ രക്ഷപ്പെടുത്തിയിരുന്നു. മോശം കാലാവസ്ഥയാണ് രക്ഷാ പ്രവർത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നത്. അതേസമയം, ഹിമപാതത്തിന് ശേഷം ആദ്യമായി, ഹെലികോപ്റ്ററിൽ നിന്ന് എടുത്ത ഫോട്ടോഗ്രാഫുകൾ പുറത്തുവന്നു. ഇതിൽ ദുരന്തം നടന്ന സ്ഥലവും 29 പർവതാരോഹകർ തെന്നിവീണ വിള്ളലും കണ്ടെത്തിയിട്ടുണ്ട്. ദ്രൗപതി ദണ്ഡ 2 കൊടുമുടിയിലുണ്ടായ ഹിമാപാതത്തിൽ ആകെ 28 പർവതാരോഹകരാണ് കുടുങ്ങിയത്.
ഹിമാലയത്തിലെ ഗംഗോത്രി ശ്രേണിയിലാണ് ദ്രൗപതി ദണ്ഡ കൊടുമുടി സ്ഥിതി ചെയ്യുന്നത്.പർവതാരോഹകർ 50 മീറ്റർ-60 മീറ്റർ അകലെയിരിക്കെയാണ് സംഭവം നടന്നതെന്ന് ഏറ്റവും പുതിയ ദൃശ്യങ്ങളും സ്ഥിരീകരിക്കുന്നു. ചൊവ്വാഴ്ച 17,500 അടി ഉയരത്തിലായിരുന്നു ദുരന്തം.