സഞ്ജയ് റാവത്തിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ്
|ബി.ജെ.പി നേതാവ് കിരിത് സോമയ്യയുടെ ഭാര്യ മേധ കിരിത് സോമയ്യയാണ് മാനനഷ്ടക്കേസ് നല്‍കിയത്
മുംബൈ: ശിവസേന നേതാവ് സഞ്ജയ് റാവത്തിനെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ്. ബി.ജെ.പി നേതാവ് കിരിത് സോമയ്യയുടെ ഭാര്യ മേധ കിരിത് സോമയ്യയാണ് ബോംബെ ഹൈക്കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
മീരാ-ഭയാന്ദർ മുനിസിപ്പൽ കോർപറേഷന്റെ പരിധിയില്‍ പൊതുശുചിമുറി നിർമാണത്തിൽ മേധ കിരിത് സോമയ്യയും ഭർത്താവും 100 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് സഞ്ജയ് റാവത്ത് ആരോപിച്ചിരുന്നു. ഈ ആരോപണത്തിനെതിരെയാണ് മാനനഷ്ടക്കേസ്.
അപകീർത്തിക്കേസ് പണം ലഭിക്കാനല്ല നല്‍കിയതെന്നും ആ പണം സാമൂഹ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്നും കിരിത് സോമയ്യ പറഞ്ഞു. ഇനി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും മറുപടി പറയണമെന്ന് അദ്ദേഹം പറഞ്ഞു.
ഈ മാസം ആദ്യം മേധ കിരിത് സോമയ്യ, സഞ്ജയ് റാവത്തിനെതിരെ പരാതി നൽകിയിരുന്നു. മാധ്യമങ്ങളിലൂടെ ദുരുദ്ദേശ്യപരവും അനാവശ്യവുമായ പ്രസ്താവനകൾ നടത്തിയെന്നായിരുന്നു പരാതി- "സഞ്ജയ് റാവത്ത് സാമ്ന എന്ന മറാത്തി പത്രത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്ററും ശിവസേനയുടെ പ്രമുഖ വക്താവുമാണ്. 2022 ഏപ്രിൽ 16ന് എനിക്കെതിരെ ദുരുദ്ദേശ്യപരവും അനാവശ്യവുമായ നികൃഷ്ടമായ പ്രസ്താവനകള്‍ നടത്തി. ആ പ്രസ്താവനകൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വൈറലായിരുന്നു".