'മന്‍ കി ബാത്തല്ല, ഉത്തരമുണ്ടോ പ്രധാനമന്ത്രി?': 100 ചോദ്യങ്ങളുമായി ഡി.വെ.എഫ്.ഐ
|ചോദ്യങ്ങളെ അഭിമുഖീകരിക്കാത്ത, റേഡിയോ പ്രഭാഷണം മാത്രം നടത്തുന്ന ഒരു പ്രധാനമന്ത്രി ലോക രാഷ്ട്രീയ നേതാക്കൾക്ക് തന്നെ അത്ഭുതമായിരിക്കുമെന്ന് എ.എ റഹീം
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് 100 ചോദ്യങ്ങളുമായി ഡി.വൈ.എഫ്.ഐ. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഏപ്രില്‍ 23, 24 തിയ്യതികളില്‍ 100 ചോദ്യങ്ങളുമായി 14 ജില്ലകളിലും ലക്ഷക്കണക്കിന് യുവാക്കള്‍ സംഗമിക്കുമെന്ന് എ.എ റഹീം എം.പി പറഞ്ഞു. 100 ചോദ്യങ്ങളില്‍ ഒന്നിനെങ്കിലും പ്രധാനമന്ത്രി ഉത്തരം പറയണമെന്നും റഹീം ആവശ്യപ്പെട്ടു. ക്യു.ആര്‍ കോഡ് വഴിയാണ് ചോദ്യങ്ങള്‍ പുറത്തുവിട്ടത്.
തൊഴിലില്ലായ്മ, ലിംഗ അസമത്വം, ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം, കാര്‍ഷിക നിയമങ്ങള്‍, വിലക്കയറ്റം, പൗരത്വ നിയമം, സ്വകാര്യവല്‍ക്കരണം, തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ഡി.വൈ.എഫ്.ഐ ഉന്നയിക്കുന്നത്.
ചോദ്യങ്ങളെ അഭിമുഖീകരിക്കാത്ത, റേഡിയോ പ്രഭാഷണം മാത്രം നടത്തുന്ന ഒരു പ്രധാനമന്ത്രി ലോക രാഷ്ട്രീയ നേതാക്കൾക്ക് തന്നെ അത്ഭുതമായിരിക്കുമെന്ന് എ.എ റഹീം വിമര്‍ശിച്ചു. ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു വാർത്താ സമ്മേളനം പോലും നടത്താതെ 9 വർഷങ്ങളാണ് കടന്നുപോയത്. മൻ കി ബാത്തും മുൻകൂട്ടി തയ്യാറാക്കിയ സ്ക്രിപ്റ്റഡ് ചോദ്യോത്തരങ്ങളും മാത്രമാണ് പ്രധാനമന്ത്രി ഇഷ്ടപ്പെടുന്നത്. ഇതു രണ്ടും വളരെ എളുപ്പമുള്ള കാര്യവുമാണ്. എന്നാൽ യഥാർത്ഥ ചോദ്യങ്ങളെ കേൾക്കാനും മറുപടി പറയാനും പ്രയാസമാണ്. യഥാർത്ഥ ചോദ്യങ്ങളെ ഭയക്കുന്ന പ്രധാനമന്ത്രിയോട് 100 ചോദ്യങ്ങൾ ചോദിക്കുകയാണ് ഡി.വൈ.എഫ്.ഐയിലൂടെ കേരളത്തിൻറെ യുവതയെന്ന് റഹീം ഫേസ് ബുക്കില്‍ കുറിച്ചു..
എ.എ റഹീമിന്‍റെ കുറിപ്പിന്‍റെ പൂര്‍ണരൂപം
സ്ക്രിപ്റ്റഡ് സംവാദമല്ല,
മൻ കി ബാത്തുമല്ല.
കൃത്യമായ ചോദ്യങ്ങൾ.
ഉത്തരമുണ്ടോ പ്രധാനമന്ത്രി??
മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ്
വിപുലമായി ആഘോഷിക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുകയാണ്.
ചോദ്യങ്ങളെ അഭിമുഖീകരിക്കാത്ത,
റേഡിയോ പ്രഭാഷണം മാത്രം നടത്തുന്ന ഒരു പ്രധാനമന്ത്രി ലോക രാഷ്ട്രീയ നേതാക്കൾക്ക് തന്നെ അത്ഭുതമായിരിക്കും.
ഇന്ത്യയുടെ പ്രധാനമന്ത്രി
ഒരു വാർത്താ സമ്മേളനം പോലും നടത്താതെ 9 വർഷങ്ങളാണ് കടന്ന് പോയത്.
മൻ കി ബാത്തും മുൻകൂട്ടി തയ്യാറാക്കിയ സ്ക്രിപ്റ്റഡ് ചോദ്യോത്തരങ്ങളും മാത്രമാണ് പ്രധാനമന്ത്രി ഇഷ്ടപ്പെടുന്നത്. ഇതു രണ്ടും വളരെ എളുപ്പമുള്ള കാര്യവുമാണ്. എന്നാൽ യഥാർത്ഥ ചോദ്യങ്ങളെ കേൾക്കാനും മറുപടി പറയാനും പ്രയാസമാണ്.
യഥാർത്ഥ ചോദ്യങ്ങളെ ഭയക്കുന്ന പ്രധാനമന്ത്രിയോട്
100 ചോദ്യങ്ങൾ ചോദിക്കുകയാണ് ഡി.വൈ.എഫ്.ഐയിലൂടെ കേരളത്തിൻറെ യുവത.
പ്രധാനമന്ത്രി ഇന്ത്യയിലെ ജനങ്ങളോട് ഉത്തരം പറയേണ്ട 100 ചോദ്യങ്ങൾ. രാജ്യത്തിലെ ഓരോ പൗരനും പ്രധാനമന്ത്രിയോട് ചോദിയ്ക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ.
കേരളം സന്ദർശിക്കുന്ന പ്രധാനമന്ത്രിയോട് കേരളത്തിന്റെ യുവത ഈ ചോദ്യങ്ങൾ ഉറക്കെ ചോദിക്കുകയാണ്.
തെരുവിലെങ്ങും ചോദ്യങ്ങൾ.
ഈ ചോദ്യങ്ങളുമായി 23,24 തിയ്യതികളിൽ കേരളത്തിലെ 14 ജില്ലകളിലുമായി ലക്ഷക്കണക്കിന് യുവാക്കൾ സംഗമിക്കും.
ഇവയിൽ ഏതെങ്കിലും ഒരു ചോദ്യത്തിന്
എങ്കിലും ഉത്തരം പറയണം.
കാമ്പുള്ള ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ജനം ആഗ്രഹിക്കുന്നത്.
സാമൂഹിക പുരോഗതിയിൽ
രാജ്യത്തിന് മാതൃകയായ കേരളം. അഭിമാനമായ കേരളത്തിന്റെ യൌവ്വനം ഇന്ന് ഇവിടെ ചോദിച്ചു തുടങ്ങുന്ന ഈ ചോദ്യങ്ങൾ നാളെ രാജ്യമെങ്ങും മുഴങ്ങും.
ഉത്തരമുണ്ടോ പ്രധാനമന്ത്രി?
പ്രധാനമന്ത്രിയോടുള്ള
നൂറ് ചോദ്യങ്ങൾ
ക്യു.ആര്‍ കോഡിൽ.