India
income tax department
India

സി.എം.ആർ.എല്ലിൽ 103 കോടിയുടെ ക്രമക്കേടെന്ന് ആദായ നികുതി വകുപ്പ്

Web Desk
|
1 Jun 2024 1:37 PM GMT

‘വ്യാജ ചെലവുകളുടെ പേരിലാണ് കോടികൾ കണക്കിൽ കാണിച്ചത്’

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയുടെ കമ്പനിക്ക് മാസപ്പടി നൽകിയെന്ന ആരോപണം നേരിടുന്ന സി.എം.ആർ.എല്ലിൽ 103 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ആദായനികുതി വകുപ്പ് കണ്ടെത്തൽ. വ്യാജ ചെലവുകളുടെ പേരിലാണ് കോടികൾ സി.എം.ആർ.എൽ കണക്കിൽ കാണിച്ചത്. അന്വേഷണ തൽസ്ഥിതി റിപ്പോർട്ട് ആദായ നികുതി വകുപ്പ് ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ചു.

2012 മുതൽ 2019 വരെ 103 കോടി രൂപയാണ് വ്യാജ ചെലവുകളുടെ പേരില്‍ സി.എം.ആർ.എൽ കണക്കില്‍ കാണിച്ചത്. ചെളി നീക്കംചെയ്യല്‍, ഗതാഗത ചെലവുകള്‍ എന്നിവയുടെ പേരിലാണ് തുക കണക്കില്‍ കാണിച്ചതെന്നും അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

മാസപ്പടി കേസുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണം മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നും പ്രോസിക്യൂഷന്‍ നടപടികളിലേക്ക് കടക്കണമോ എന്ന് അന്വേഷണത്തിന് ശേഷമേ തീരുമാനിക്കുകയുള്ളൂന്നും ആദായ നികുതി വകുപ്പ് ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കി.

എസ്.എഫ്.ഐ.ഒ അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടത് ഗുരുതരമായ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണെന്നും റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നു. ഇന്ററിം സെറ്റില്‍മെന്റ് കമ്മീഷനില്‍ നടന്ന നടപടികളുമായി എസ്.എഫ്.ഐ.ഒ അന്വേഷണത്തിന് ബന്ധമില്ല. എസ്.എഫ്.ഐ.ഒ അന്വേഷണം സ്വതന്ത്രമാണെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി. അന്വേഷണത്തിനെതിരായ സി.എം.ആർ.എല്ലിന്‍റെ ഹരജി തള്ളണമെന്നും ആദായ നികുതി വകുപ്പ് ഡല്‍ഹി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.

Related Tags :
Similar Posts