മഹാരാഷ്ട്രയിൽ സൂര്യതാപമേറ്റ് 11 മരണം; നൂറിലധികം ആളുകൾ ആശുപത്രിയിൽ
|മരിച്ചവരുടെ കുടുംബത്തിന് ഷിൻഡെ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്
ഡൽഹി: മഹാരാഷ്ട്രയിൽ സർക്കാർ പരിപാടിയിൽ സൂര്യതാപമേറ്റ് പതിനൊന്ന് പേർ മരിച്ചു. 120 പേർക്ക് പരിക്കേറ്റു. സംസ്ഥാന സർക്കാരിന്റെ മഹാരാഷ്ട്ര ഭൂഷൺ അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തവർക്കാണ് സൂര്യാതാപമേറ്റത്. നവിമുംബൈയിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും എത്തിയ ചടങ്ങിലായിരുന്നു അപകടം.
സാമൂഹിക പ്രവർത്തകൻ അപ്പാസാഹേബ് ധർമ്മാധികാരി എന്നറിയപ്പെടുന്ന ദത്താത്രേയ നാരായൺ ധർമ്മാധികാരിയെ ആദരിക്കുന്നതിനായാണ് വി മുംബൈയിലെ ഖാർഘറിലെ തുറസായ ഗ്രൗണ്ടിൽ ചടങ്ങ് സംഘടിപ്പിച്ചത്. ധർമ്മാധികാരിയുടെ അനുയായികളും ശിഷ്യന്മാരുമായിരുന്നു ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. രാവിലെ 11.30 മുതൽ 1.30 വരെയായിരുന്നു ചടങ്ങ്. ലക്ഷക്കണക്കിന് ആളുകൾ ചടങ്ങിന് എത്തിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
മണിക്കൂറുകളോളം വെയിലത്ത് നിന്നതിനെ തുടർന്ന് പലർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ഇതിൽ ഗുരുതരാവസ്ഥയിലായ പതിനൊന്ന് പേരാണ് മരിച്ചത്. ചടങ്ങിൽ പങ്കെടുത്ത 125 ഓളം പേർക്ക് തളർച്ചയും നെഞ്ചുവേദനയും അനുഭവപ്പെട്ടു. രോഗികളെ ചികിത്സയ്ക്കായി കൊണ്ടുപോയ കാമോത്തെ ആശുപത്രിയിൽ എത്തി മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ സ്ഥിതിഗതികൾ അവലോകനം ചെയ്തു. മരിച്ചവരുടെ കുടുംബത്തിന് ഷിൻഡെ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.