മഥുരയിൽ അംബേദ്കർ ജയന്തി ഘോഷയാത്രക്ക് നേരെ കല്ലും കുപ്പികളുമെറിഞ്ഞു: 11 പേർക്ക് പരിക്ക്
|നിരവധി പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു
മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ ഡോ.അംബേദ്കറുടെ ജന്മവാർഷികത്തോടനുബന്ധിച്ച് നടത്തിയ ഘോഷയാത്രയ്ക്കിടെ രണ്ട് ഗ്രൂപ്പുകൾ ഏറ്റുമുട്ടി. തുടർന്നുണ്ടായ കല്ലേറിൽ 11 പേർക്ക് പരിക്കേറ്റു. മഥുരയിലെ ചൗമുഹ ഏരിയയിലെ ഭാരതീയയിൽ ഡോ.അംബേദ്കറുടെ ഘോഷയാത്രയ്ക്കിടെ ചിലർ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയിരുന്നു. ഇത് പിന്നീട് ഇരുവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. കല്ലേറുണ്ടായതോടെ ജാഥയിൽ ആളുകളുടെ തിക്കും തിരക്കുമുണ്ടായി. കല്ലേറിന് പിന്നാലെ ഇരുവശത്തു നിന്നും ഗ്ലാസിന്റെ കുപ്പികളും ഏറിഞ്ഞു. ഇതിലും നിരവധി പേർക്ക് പരിക്കേറ്റു.
നിരവധി പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. പരിക്കേറ്റ കോൺസ്റ്റബിൾമാരായ കൗശൽ യാദവ്, രാജേന്ദ്ര സിംഗ്, ദിവേഷ് ചൗധരി എന്നിവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. എഡിഎം യോഗാനന്ദ് പാണ്ഡെ, എസ്ഡിഎം ശ്വേത സിംഗ്, മജിസ്ട്രേറ്റ് മനോജ് വർഷ്നി, മറ്റ് അഡ്മിനിസ്ട്രേറ്റീവ് അധികാരികൾ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ക്രമസമാധാന നില നിലനിർത്താൻ നിരവധി ഉദ്യോഗസ്ഥരെ നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്.
നേരത്തെ ഹത്രാസ് ജില്ലയിലും മൂന്ന് അംബേദ്കർ പ്രതിമകൾ തകർത്തിരുന്നു. ഇതിന് പിന്നാലെ ഒരു വിഭാഗം കടകൾ അടപ്പിച്ച് പ്രതിഷേധമറിയിച്ചു. കോട്വാലി പൊലീസ് സ്റ്റേഷനിൽ ഇരു കക്ഷികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇന്ന് പുതിയ പ്രതിമകൾ സ്ഥാപിക്കുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പ് നൽകിയിട്ടുണ്ട്.