ഡൽഹിയിൽ പെയിന്റ് ഫാക്ടറിയിൽ തീപിടിത്തം;11 മരണം,മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍
|തീപിടിത്തമുണ്ടാകുന്നതിന് മുമ്പ് ഫാക്ടറിയിൽ സ്ഫോടന ശബ്ദം കേട്ടിരുന്നു
ന്യൂഡൽഹി: ഡൽഹിയിലെ അലിപൂരിലെ മാർക്കറ്റ് ഏരിയയിലുണ്ടായ തീപിടിത്തത്തിൽ 11 പേർ മരിച്ചു. പെയിന്റ് ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. അലിപൂരിലെ ദയാൽപൂർ മാർക്കറ്റിലെ ഫാക്ടറിയിൽ നിന്ന് 11 പേരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തി. ഇനിയും രണ്ടുപേർ അകത്ത് കുടുങ്ങിയതായി സംശയിക്കുന്നുണ്ട്. തീപിടിത്തത്തിൽ പരിക്കേറ്റ നാലുപേർ ചികിത്സയിലാണ്. പരിക്കേറ്റവരിൽ ഒരാൾ പൊലീസുകാരനാണ്.
മൃതദേഹങ്ങൾ പൂർണമായി കത്തിനശിച്ചതിനാൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്ന് ഡൽഹി ഫയർ സർവീസസ് ഡയറക്ടർ അതുൽ ഗാർഗ് പറഞ്ഞു.ഇന്നലെ വൈകിട്ടാണ് തീപിടിത്തമുണ്ടായത്. അഞ്ചരയോടെയാണ് ഫയർഫോഴ്സിന് വിവരം ലഭിക്കുന്നത്. ഫയർഫോഴ്സിന്റെ ആറ് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി നാല് മണിക്കൂർ പരിശ്രമിച്ചാണ് തീയണച്ചത്.
തീപിടിത്തമുണ്ടാകുന്നതിന് മുമ്പ് ഫാക്ടറിയിൽ സ്ഫോടന ശബ്ദം കേട്ടിരുന്നു. ഫാക്ടറിയിൽ സൂക്ഷിച്ചിരുന്ന രാസവസ്തുക്കൾ മൂലമാണ് സ്ഫോടനം നടന്നതെന്നാണ് സംശയം.സമീപത്തെ വീട്ടിലേക്കും കെട്ടിടത്തിലേക്കും തീ പടർന്നു. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.