India
11 Muslims labeled as terror group supporters granted bail after 598 days in UP, terror case, Uttar Pradesh ATS, Allahabad High Court, Al Qaeda case
India

'ഭീകരവാദ കേസ് തെളിയിക്കാൻ എ.ടി.എസിനായില്ല'; 11 മുസ്‌ലിംകൾക്ക് 598 ദിവസങ്ങൾക്കുശേഷം ജാമ്യം നൽകി അലഹബാദ് ഹൈക്കോടതി

Web Desk
|
16 May 2024 9:45 AM GMT

കേസിൽ പ്രോസിക്യൂഷന് തങ്ങളുടെ വാദം സ്ഥാപിക്കാനാകാത്തതിനാൽ കുറ്റാരോപിതരെ ഇനിയും കസ്റ്റഡിയിൽ വയ്ക്കാനാകില്ലെന്ന് കോടതി

ലഖ്‌നൗ: ഭീകര സംഘങ്ങളുമായി ബന്ധം ആരോപിച്ച് അറസ്റ്റിലായ 11 മുസ്‌ലിംകൾക്ക് ജാമ്യം നൽകി അലഹബാദ് ഹൈക്കോടതി. കുറ്റാരോപിതരായി 598 ദിവസം ജയിലിൽ കിടന്ന ശേഷമാണ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിന്റെ വിധി വരുന്നത്. അൽഖാഇദ ഉൾപ്പെടെയുള്ള ഭീകരസംഘങ്ങളുമായി ബന്ധം ആരോപിച്ചായിരുന്നു 11 പേരെയും യു.പി ഭീകരവിരുദ്ധ സംഘം(എ.ടി.എസ്) അറസ്റ്റ് ചെയ്തത്. എന്നാൽ, ഇവർക്കെതിരെ കുറ്റം ആരോപിക്കാവുന്ന തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് കോടതി വ്യക്തമാക്കിയതായി 'മക്തൂബ് മീഡിയ' റിപ്പോർട്ട് ചെയ്തു.

ജസ്റ്റിസുമാരായ അത്താഉറഹ്മാൻ മസൂദി, മനീഷ് കുമാർ നിഗം എന്നിവരുടെ രണ്ടംഗ ബെഞ്ചാണ് ജാമ്യഹരജി പരിഗണിച്ചത്. കേസുമായി ബന്ധപ്പെട്ടു സമർപ്പിക്കപ്പെട്ട വിവരങ്ങളും പ്രതികളുടെയും പ്രോസിക്യൂഷന്റെയും വാദങ്ങളും കേട്ട ശേഷമാണ് ജാമ്യം നൽകുന്നതെന്ന് കോടതി അറിയിച്ചു. രേഖകളെല്ലാം പരിശോധിച്ച ശേഷം ഇവർക്കെതിരെ നടപടി സ്വീകരിക്കാവുന്ന ഒരു തെളിവും കണ്ടെത്താനായിട്ടില്ല. കേസിൽ പ്രോസിക്യൂഷന് തങ്ങളുടെ വാദം സ്ഥാപിക്കാനായിട്ടില്ല. ഇതിനാൽ, കുറ്റാരോപിതരെ ഇനിയും കസ്റ്റഡിയിൽ വയ്ക്കാൻ ന്യായമില്ലെന്ന് കോടതി പറഞ്ഞു.

അലീം, മുദ്ദസിർ, നദീം, ഹബീബുൽ ഇസ്‌ലാം, ഹാരിസ്, ആസ് മുഹമ്മദ് കാമിൽ, ഖാരി ഷഹ്ജാദ്, മൗലാന ലുഖ്മാൻ, അലി നൂർ, നവാസിയ അൻസാരി, മുഖ്താർ എന്നിവർക്കാണ് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 2022 സെപ്റ്റംബർ 26നായിരുന്നു ഇവരെ യു.പി എ.ടി.എസ് ഭീകരബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്. ഇവരുടെ മൊബൈൽ ഫോണുകളും ഗാഡ്ജറ്റുകളും ലാപ്‌ടോപ്പുകളും പുസ്തകങ്ങളുമെല്ലാം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

കേസിൽ 45 ദൃക്‌സാക്ഷികളെ എ.ടി.എസ് കോടതിയിൽ ഹാജരാക്കിയെങ്കിലും ആരോപണങ്ങൾ തെളിയിക്കാനായില്ലെന്നു കുറ്റാരോപിതർക്കു വേണ്ടി ഹാജരായ അഭിഭാഷകൻ ഫുർഖാൻ പഠാൻ പറഞ്ഞു. ആവശ്യമായ സമയത്തൊന്നും ഇവരെ കോടതിയിൽ ഹാജരാക്കാൻ അന്വേഷണ സംഘം തയാറായിരുന്നില്ല. എ.ടി.എസ് ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Summary: 11 Muslims labeled as terror group supporters granted bail after 598 days in UP

Similar Posts