![11 Year Girl Dead After Car hit Which Driven By 15 Year Old Boy 11 Year Girl Dead After Car hit Which Driven By 15 Year Old Boy](https://www.mediaoneonline.com/h-upload/2023/05/03/1367237-car.webp)
15കാരൻ ഓടിച്ച കാറിടിച്ച് 11കാരിക്ക് ദാരുണാന്ത്യം
![](/images/authorplaceholder.jpg?type=1&v=2)
പിതാവിന്റെ റെസ്റ്റോറന്റിലേക്ക് പോവുകയായിരുന്ന ദീപികയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി.
ചെന്നൈ: 15കാരൻ ഓടിച്ച കാറിടിച്ച് 11 വയസുള്ള പെൺകുട്ടിക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലെ നല്ലൂരിലാണ് സംഭവം. നല്ലൂർ സ്വദേശികളായ ആദിനാരായണന്റെയും ഗോമതിയുടെയും മകൾ ദീപികയാണ് മരിച്ചത്.
കൗമാരക്കാരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് പെൺകുട്ടിയെ ഇടിക്കുകയായിരുന്നു. സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർഥി ഓടിച്ച കാർ പെൺകുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
പിതാവിന്റെ റെസ്റ്റോറന്റിലേക്ക് പോവുകയായിരുന്ന ദീപികയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി. നാട്ടുകാർ ഓടിക്കൂടിയപ്പോഴാണ് ഡ്രൈവർ സീറ്റിൽ പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ കണ്ടത്. തുടർന്ന് ഇവർ കുട്ടിയെ പൊലീസിൽ ഏൽപിച്ചു.
പെൺകുട്ടിയുടെ ഇടിച്ചതിനു പിന്നാലെ കാർ മറിഞ്ഞ് 15കാരന് പരിക്കേറ്റതായും പൊലീസ് പറഞ്ഞു. ആൺകുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിൽ, 15കാരനും പിതാവിനുമെതിരെ അശ്രദ്ധമൂലമുള്ള മരണം ഉൾപ്പെടെ മോട്ടോർ വാഹന നിയമത്തിലെ മൂന്ന് വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു.