India
1.10 lakh fined for 22 families who misused drinking water in Bengaluru
India

കുടിവെള്ളം ദുരുപയോഗിച്ചു; ബെംഗളൂരുവിൽ 22 കുടുംബങ്ങൾക്ക് 1.10 ലക്ഷം പിഴ

Web Desk
|
26 March 2024 12:47 PM GMT

കുടിവെള്ളം കൊണ്ട് കാർ കഴുകലടക്കം നടത്തിയവർക്കാണ് ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് പിഴയിട്ടത്

പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും വലിയ ജലദൗർലഭ്യതക്കിടയിൽ ബെംഗളൂരുവിൽ കുടിവെള്ളം ദുരുപയോഗിച്ച 22 കുടുംബങ്ങൾക്ക് വൻ തുക പിഴ. കാർ കഴുകലടക്കം അത്യാവശ്യമല്ലാത്ത കാര്യങ്ങൾക്ക് വെള്ളം ഉപയോഗിച്ചവർക്കാണ് ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി) 1.10 ലക്ഷം പിഴയിട്ടത്. മൂന്നു ദിവസത്തിനുള്ളിലാണ് ഇത്രയും പിഴ ബോർഡ് ഈടാക്കിയത്.

വെള്ളം അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കണമെന്ന് അധികൃതർ നേരത്തെ ബെംഗളൂരു നിവാസികളോട് നിർദേശിച്ചിരുന്നു. നഗരത്തിന്റെ തെക്ക്-കിഴക്ക് ഭാഗത്താണ് മിക്ക പരാതികളും രജിസ്റ്റർ ചെയ്യുന്നതെന്നും പരാതികൾക്കൊപ്പം വെള്ളം മിതമായി ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് മുന്നറിയിപ്പുകൾ നൽകുന്നുണ്ടെന്നും ബോർഡ് ചെയർപേഴ്സൺ റാം പ്രശാന്ത് മനോഹർ പറഞ്ഞു.

ഇതുവരെ ഈടാക്കിയ 1.10 ലക്ഷം രൂപയിൽ 65,000 രൂപയും നഗരത്തിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് നിന്ന് മാത്രം പിഴ ഈടാക്കിയതാണെന്നും അധികൃതർ പറഞ്ഞു.

നഗരത്തിൽ വാഹനങ്ങൾ വൃത്തിയാക്കൽ, പൂന്തോട്ടപരിപാലനം, കെട്ടിട നിർമാണം, ജലധാരകൾ പ്രവർത്തിപ്പിക്കൽ തുടങ്ങിയവക്ക് വെള്ളം ഉപയോഗിക്കുന്നതിന് ഈ മാസം ആദ്യം ബോർഡ് നിരോധനം ഏർപ്പെടുത്തിയിരുന്നു.

'നഗരത്തിൽ അനുദിനം താപനില ഉയരുകയാണ്, കഴിഞ്ഞ ദിവസങ്ങളിൽ മഴയില്ലാത്തതിനാൽ ഭൂഗർഭജലനിരപ്പ് കുറഞ്ഞു. തൽഫലമായി, നഗരത്തിലെ വെള്ളം പാഴാകുന്നത് തടയേണ്ടത് ആവശ്യമാണ്, പൊതുജനങ്ങൾ കുടിവെള്ളം മിതമായി ഉപയോഗിക്കുകയും വേണം' ബോർഡ് ഉത്തരവിൽ പറയുന്നു.

ബെംഗളൂരുവിൽ പ്രതിദിനം 500 ദശലക്ഷം ലിറ്റർ വെള്ളത്തിന്റെ (എം.എൽ.ഡി) ക്ഷാമം നേരിടുന്നുണ്ടെന്ന് മാർച്ച് പകുതിയോടെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു. 2600 ദശലക്ഷം ലിറ്റർ വെള്ളമാണ് യഥാർത്ഥത്തിൽ നഗരത്തിന് വേണ്ടതെന്നും പറഞ്ഞു. ബെംഗളൂരുവിലെ 14,000 കുഴൽക്കിണറുകളിൽ 6,900 എണ്ണവും വറ്റിയെന്നും അദ്ദേഹം പറഞ്ഞു.

Similar Posts