'2017 മുതൽ ഇന്ത്യൻ സൈന്യത്തിനെതിരെ ലഭിച്ചത് 116 മനുഷ്യാവകാശ ലംഘന പരാതികൾ'; രാജ്യസഭയിൽ കേന്ദ്രം
|2017- 2022 കാലയളവിൽ ഇന്ത്യൻ നാവികസേനയ്ക്കെതിരെ മനുഷ്യാവകാശ ലംഘന പരാതികൾ ഉണ്ടായിട്ടില്ലെന്ന് പ്രതിരോധ സഹമന്ത്രി
ന്യൂഡൽഹി: 2017 മുതൽ കരസേനയ്ക്കും വ്യോമ സേനയ്ക്കുമെതിരെ 116 മനുഷ്യാവകാശ ലംഘന പരാതികൾ ലഭിച്ചതായി കേന്ദ്ര സർക്കാർ രാജ്യസഭയിൽ. കരസേനയ്‌ക്കെതിരെ 108 അവകാശ ലംഘന പരാതികൾ ലഭിച്ചപ്പോൾ വ്യോമ സേനയ്‌ക്കെതിരെ എട്ട് പരാതികളാണ് ലഭിച്ചതെന്ന് പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് തിങ്കളാഴ്ച രാജ്യസഭയെ അറിയിച്ചു.
2017 മുതൽ 2022 വരെയുള്ള കാലയളവിൽ ഇന്ത്യൻ നാവികസേനയ്ക്കെതിരെ മനുഷ്യാവകാശ ലംഘന പരാതികൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം രാജ്യസഭയിൽ വ്യക്തമാക്കി. 2017 ൽ സൈന്യത്തിനെതിരെയുള്ള മനുഷ്യാവകാശ ലംഘന പരാതികളുടെ എണ്ണം 29 ആയിരുന്നപ്പോൾ 2018 ൽ 42 ഉം 2019 ൽ 26 ഉം ആയി ഉയർന്നു.
2017ലും, 2018 ലുമായി ഇന്ത്യൻ വ്യോമസേന ഒരോ പരാതികൾ വീതം നേരിട്ടു. 2021ലും 2022ലും വ്യോമ സേനയ്ക്കതിരെ മൂന്ന് പരാതികൾ വീതമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സൈന്യത്തിനെതിരെയുള്ള മനുഷ്യാവകാശ ലംഘനങ്ങൾ സംബന്ധിച്ച പരാതികൾ ലോക്കൽ പോലീസ്, പ്രത്യേക അന്വേഷണ സംഘങ്ങൾ, മനുഷ്യാവകാശ കമ്മീഷനുകൾ, സിബിഐ എന്നിവർ അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി രാജ്യസഭയിൽ കൂട്ടിച്ചേർത്തു.
പ്രതിരോധ മന്ത്രാലയത്തിലെ ഇന്റഗ്രേറ്റഡ് ഹെഡ്ക്വാർട്ടേഴ്‌സിനും കമാൻഡ് ആസ്ഥാനത്തിനും നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്താൽ അന്വേഷിക്കാൻ അധികാരമുണ്ട്. 'മനുഷ്യാവകാശ ലംഘനങ്ങളിൽ സൈന്യത്തിന് സീറോ ടോളറൻസ് പോളിസിയാണ് ഉള്ളത്. നിർദേശങ്ങൾക്കനുസൃതമായി പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ സൈനികർക്കും പരിശീലനം നൽകുകയും പതിവായി വിവരങ്ങൾ നൽകുകയും ചെയ്യുന്നുണ്ടെന്നും അജയ്ഭട്ട് പറഞ്ഞു.
സൈന്യം ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെ കുറിച്ചും അദ്ദേഹം രാജ്യസഭയിൽ വിശദീകരിച്ചു. കരസേനാ ആസ്ഥാനത്ത് ഒരു മനുഷ്യാവകാശ സെൽ സ്ഥാപിച്ചിട്ടുണ്ട്,. എല്ലാ ആരോപണങ്ങളും സൈന്യം മുൻകൂട്ടി അന്വേഷിക്കുന്നുമുണ്ട്, മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ സ്വമേധയാ മനസ്സിലാക്കുന്നു'- പ്രതിരോധ സഹമന്ത്രി വ്യക്തമാക്കി.
ഭേദഗതി വരുത്തിയ 1993 ലെ മനുഷ്യാവകാശ സംരക്ഷണ നിയമത്തിന്റെ വ്യവസ്ഥയും ഇക്കാര്യത്തിൽ പുറപ്പെടുവിച്ച വിവിധ മാർഗനിർദേശങ്ങളും അനുസരിച്ചാണ് വ്യോമസേന നടപടികൾ സ്വീകരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. രാജ്യസഭാ സെക്രട്ടേറിയറ്റിന്റെ ചോദ്യങ്ങൾ ചൊവ്വാഴ്ചയാണ് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തത്.