പട്ടത്തിന്‍റെ ചരട് കഴുത്തില്‍ കുടുങ്ങി 12 വയസുകാരന് ദാരുണാന്ത്യം; അഞ്ചു പേര്‍ക്ക് പരിക്ക്
|ജില്ലയില്‍ സമാനമായ സംഭവങ്ങളില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റതായി പൊലീസ് പറഞ്ഞു
കോട്ട: ചൈനീസ് പട്ടത്തിന്‍റെ ചരട് കഴുത്തില്‍ കുടുങ്ങി 12 വയസുകാരന് ദാരുണാന്ത്യം. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. ജില്ലയില്‍ സമാനമായ സംഭവങ്ങളില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റതായി പൊലീസ് പറഞ്ഞു.
ചൈനീസ് മഞ്ച എന്നറിയപ്പെടുന്ന ഗ്ലാസ് പൂശിയ പട്ടത്തിന്‍റെ ചരടാണ് അപകടത്തിന് കാരണമായത്. അഞ്ചാം ക്ലാസ് വിദ്യാർഥിയായ സുരേന്ദ്ര ഭീൽ തിങ്കളാഴ്ച വൈകിട്ട് വീടിന്‍റെ ടെറസില്‍ സുഹൃത്തുക്കളോടൊപ്പം പട്ടം പറത്തുന്നതിനിടെയാണ് സംഭവം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതായി അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ ഭന്‍വര്‍ സിംഗ് പറഞ്ഞു. മകര സംക്രാന്തി ദിനത്തില്‍ പട്ടം പറത്തിയ 60 വയസുകാരനുള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച മോട്ടോർ സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ സതൂർ ഗ്രാമത്തിൽ പട്ടം ചരട് കഴുത്തിൽ കുടുങ്ങി രാംലാൽ മീണ എന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.പട്ടം പറത്തലുമായി ബന്ധപ്പെട്ടതാണ് മകരസംക്രാന്തി എന്നറിയപ്പെടുന്ന ഉത്തരായന ഉത്സവം.
കോട്ട നഗരത്തിൽ മൂർച്ചയുള്ള പട്ടം ചരടുകൾ കുടുങ്ങി ഏഴ് പക്ഷികൾ ചത്തുവീഴുകയും 34 എണ്ണത്തിന് പരിക്കേൽക്കുകയും ചെയ്തതായി പരിക്കേറ്റ പക്ഷികൾക്ക് ചികിത്സ നൽകാൻ സഹായിക്കുന്ന ഒരു എൻജിഒയുടെ പ്രസിഡന്‍റ് പറഞ്ഞു. ഈയിടെ ഹൈദരാബാദില്‍ പട്ടത്തിന്‍റെ ചരട് കഴുത്തില്‍ കുടുങ്ങി സൈനികന്‍ മരിച്ചിരുന്നു. കാഗിത്തല കോട്ടേശ്വര്‍ റെഡ്ഡി(30) ആണ് മരിച്ചത്.