ഉജ്ജയിനിൽ 12 വയസുകാരി ബലാത്സംഗം ചെയ്യപ്പെട്ട സംഭവം: കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് സൂചന
|മുഖ്യപ്രതി ഭരത് സോണിയെ ഏഴു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിനിൽ 12 വയസുകാരി കാരിയെ ബലാത്സംഗം ചെയ്ത കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കേസുമായി ബന്ധപ്പെട്ട കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന. മുഖ്യ പ്രതി ഭരത് സോണിയെ ഏഴു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. വിഷയത്തിൽ ബിജെപി സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.
കേസിൽ നിലവിൽ ഒരാളുടെ അറസ്റ്റ് ആണ് പൊലീസ് രേഖപ്പെടുത്തിയത്. പ്രധാന പ്രതിയായ ഭരത് സോണിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌ത പ്രതി തെളിവെടുപ്പിനിടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടിയെന്നും പൊലീസ് അറിയിച്ചു. ഇയാൾക്ക് പുറമെ 4 പേരെ കൂടി മധ്യപ്രദേശ് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ് എന്ന് അധികൃതർ അറിയിച്ചു.
അതേസമയം വിഷയത്തിൽ ബിജെപി സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ആണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലെ എല്ലാ പെൺകുട്ടികളോടും മാപ്പു പറയണമെന്ന് കോൺഗ്രസ് ആവശ്യപെട്ടു.നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്ന മധ്യപ്രദേശിൽ വിഷയം ബിജെപി സർക്കാരിന് എതിരെ പ്രചാരണം ആയുധമാക്കാൻ ആണ് കോൺഗ്രസ് ലക്ഷ്യം. സംസ്ഥാനത്ത് നടക്കുന്ന കോൺഗ്രസിന്റെ പദയാത്രയിൽ വിഷയം സജീവമായി ഉയർത്തുന്നുണ്ട്.