ആന്ധ്രയിൽ രഥഘോഷയാത്രയ്ക്കിടെ 13 കുട്ടികൾക്ക് വൈദ്യുതാഘാതമേറ്റു
|രഥ പ്രദക്ഷണത്തിനിടെ ഹൈ-വോൾട്ടേജ് ഇലക്ട്രിക് വയറിൽ നിന്നാണ് ഷോക്കേറ്റത്
കുർണൂൽ: ആന്ധ്രാപ്രദേശിലെ ഉഗാഡി ഘോഷയാത്രയുടെ ഭാഗമായുള്ള രഥ പ്രദക്ഷണത്തിനിടെ 13 കുട്ടികൾക്ക് ഷോക്കേറ്റു. രഥ പ്രദക്ഷണത്തിനിടെ ഹൈ-വോൾട്ടേജ് ഇലക്ട്രിക് വയറിൽ നിന്നാണ് കുട്ടികൾക്ക് ഷോക്കേറ്റത്. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ തേക്കൂർ ഗ്രാമത്തിലാണ് സംഭവം.
വൈദ്യുതാഘാതമേറ്റ കുട്ടികളെ കുർണൂലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾ അപകടനില തരണം ചെയ്‌തെന്നും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. തെലുങ്ക് കലണ്ടർ പ്രകാരം പുതുവർഷത്തിന്റെ തുടക്കമാണ് ഉഗാഡി. തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ ഈ ദിവസം ആഘോഷിക്കാറുണ്ട്.
'ഇന്ന് രാവിലെ ഉഗാഡി ഉത്സവത്തിന്റെ സമാപനത്തിനിടെശേഷം 13 കുട്ടികൾക്ക് വൈദ്യുതാഘാതമേറ്റു. എന്നാൽ പത്ത് ശതമാനത്തിൽ താഴെയാണ് പൊള്ളലേറ്റിട്ടുള്ളത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല'... കുർണൂൽ പൊലീസ് ഇൻസ്‌പെക്ടർ കിരൺ കുമാർ റെഡ്ഡി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു. വൈഎസ്ആർസിപി നേതാവും പനയം എംഎൽഎയുമായ കടസാനി രാമഭൂപാൽ റെഡ്ഡിയും നന്ദ്യാല ടിഡിപി സ്ഥാനാർഥി ബൈറെഡ്ഡി ശബരിയും പരിക്കേറ്റ കുട്ടികളെ കാണാൻ ആശുപത്രിയിലെത്തി. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളമെന്ന് ബൈറെഡ്ഡി ശബരി ആവശ്യപ്പെട്ടു.