ഡൽഹിയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ 13കാരൻ ഷോക്കേറ്റ് മരിച്ചു
|ഗോശാലയിലേക്ക് വൈദ്യുതി എത്തിക്കുന്ന ഇരുമ്പ് തൂണിൽ നിന്നാണ് കുട്ടിക്ക് വൈദ്യുതാഘാതമേറ്റത്
ന്യൂഡൽഹി: ഡൽഹിയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ 13കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. വൈദ്യുത തൂണുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതാണ് മരണകാരണം. ശനിയാഴ്ച ഉച്ചയോടെ ഔട്ടർ ഡൽഹിയിലെ രൺഹോല ഏരിയയിലാണ് സംഭവം. ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഗോശാലയിലേക്ക് വൈദ്യുതി എത്തിക്കുന്ന ഇരുമ്പ് തൂണിൽ നിന്നാണ് കുട്ടിക്ക് വൈദ്യുതാഘാതമേറ്റതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ജിമ്മി ചിരം പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, ഗോശാലയ്ക്കും വൈദ്യുതി വകുപ്പിനുമെതിരെ കർശന നടപടി വേണമെന്ന് കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു.
'സർക്കാർ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു എൻ്റെ മകൻ. ശനിയാഴ്ച സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കവെ പന്തെടുക്കാൻ ഗോശാലയ്ക്ക് സമീപം പോയിരുന്നു. പശുത്തൊഴുത്തിലേക്ക് വൈദ്യുത കമ്പികൾ കൊണ്ടുപോകുന്ന തൂണിൽ നിന്ന് അവന് വൈദ്യുതാഘാതമേക്കുകയായിരുന്നു.' അമ്മ പറഞ്ഞു.
'നിരവധി ചെറിയ കുട്ടികൾ ക്രിക്കറ്റ് കളിക്കാൻ ഗ്രൗണ്ടിൽ പോകുന്നു, ഇത് ആർക്കും സംഭവിക്കാം, എൻ്റെ മകൻ മരിക്കുമ്പോൾ അവനെ രക്ഷിക്കാൻ ആരും മുന്നോട്ട് വന്നില്ല. എൻ്റെ മൂത്ത മകൻ അവൻ്റെ ജീവൻ രക്ഷിക്കാൻ അവിടെ നിലവിളിച്ചു. എന്നാൽ ഒരാൾ പോലും വൈദ്യുതി ഓഫാക്കാൻ ഗോശാല അംഗങ്ങളോട് ആവശ്യപ്പെട്ടില്ല.' അവർ കൂട്ടിച്ചേർത്തു.