തെരുവ് കച്ചവടക്കാരനായ 13കാരന്‍ തയ്യാറാക്കുന്ന ചില്ലി പൊട്ടറ്റോ; വീഡിയോ കണ്ടത് 5 മില്യണിലധികം പേര്‍
|വിദഗ്ധനായ ഒരു ഷെഫിനെപ്പോലെയാണ് ദീപേഷ് പുതിയ പുതിയ വിഭവങ്ങള്‍ തയ്യാറാക്കുന്നത്
കുടുംബം പോറ്റാനായി തെരുവ് കച്ചവടക്കാരനായി മാറിയതാണ് ഹരിയാന,ഫരീദാബാദിലുള്ള ദീപേഷ് എന്ന പതിമൂന്നുകാരന്‍. ഉപജീവനത്തിനായും പഠനച്ചെലവിനുമായാണ് ദീപേഷ് കച്ചവടത്തിനിറങ്ങിയത്. എന്നാല്‍ പാചകത്തില്‍ പുതിയ പരീക്ഷണങ്ങള്‍ തീര്‍ത്താണ് ദീപേഷ് സോഷ്യല്‍മീഡിയയുടെ കയ്യടി നേടുന്നത്. വിദഗ്ധനായ ഒരു ഷെഫിനെപ്പോലെയാണ് ദീപേഷ് പുതിയ പുതിയ വിഭവങ്ങള്‍ തയ്യാറാക്കുന്നത്. ദീപേഷിന്‍റെ പാചകവീഡിയോ യു ട്യൂബ് ട്രന്‍ഡിംഗില്‍ മൂന്നാമതാണ്.
ഫുഡ് ബ്ലോഗറായ വിശാലാണ് ദീപേഷിനെ പരിചയപ്പെടുത്തിയിരിക്കുന്നത്. ദീപേഷ് ചില്ലി പൊട്ടറ്റോ ഉണ്ടാക്കുന്ന വീഡിയോ ഇതുവരെ അഞ്ച് മില്യണിലധികം പേരാണ് കണ്ടത്. വിശാൽ ദീപേഷിന്‍റെ വീടിനെക്കുറിച്ചും മാതാപിതാക്കളെക്കുറിച്ചും സ്കൂളിനെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചുമെല്ലാം ചോദിക്കുന്നുണ്ട്. ഇതിനെല്ലാം ദീപേഷ് ഉത്തരം നല്‍കുന്നുണ്ടെങ്കിലും പാചകം ചെയ്യുന്നതില്‍ നിന്നും ശ്രദ്ധ മാറ്റുന്നില്ല. താൻ സ്ഥിരമായി സ്‌കൂളിൽ പോകാറുണ്ടെന്നും വൈകിട്ട് സ്റ്റാൾ തുറന്ന് രാത്രി എട്ടോ ഒമ്പതോ മണി വരെ പാചകം ചെയ്യാറുണ്ടെന്നും ദീപേഷ് പറയുന്നു. തന്‍റെ കുടുംബത്തെ തന്നെക്കൊണ്ട് ആവുന്ന വിധത്തില്‍ സഹായിക്കുക എന്നതാണ് ലക്ഷ്യമെന്നും ഈ മിടുക്കന്‍ പറഞ്ഞു. ചില്ലി പൊട്ടറ്റോ കൂടാതെ സ്പ്രിംഗ് റോള്‍സ്, മോമോസ് എന്നിവയാണ് ദീപേഷിന്‍റെ സ്പെഷ്യല്‍ വിഭവങ്ങള്‍.