'130 കോടി ജനം മോദിയുടെ ദീർഘായുസിനായി പ്രാർഥിക്കുന്നു'; അമിത് ഷാ
|'ചെളി എറിയുന്തോറും താമര വിരിയും. ചെളിയിൽ സുഗന്ധം പരത്തുന്നതാണ് താമരയുടെ സ്വഭാവം'- അമിത് ഷാ അവകാശപ്പെട്ടു.
ബെംഗളൂരു: രാജ്യത്തെ 130 കോടി ജനങ്ങൾ പ്രധാനമന്ത്രിയുടെ ദീർഘായുസിനായി പ്രാർഥിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കര്‍ണാടകയിലെ ബിദറില്‍ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
കോൺഗ്രസിന് ഒരു വിജയ സ്രോതസും അവശേഷിക്കുന്നില്ല. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് അനുദിനം താഴേക്ക് വീണുകൊണ്ടിരിക്കുകയാണ്. കോൺഗ്രസും ആം ആദ്മി പാർട്ടിയും മോദിയുടെ നാശത്തിനായി മുദ്രാവാക്യം ഉയർത്തുന്നു. എന്നാൽ ദൈവം നിങ്ങളെ കേൾക്കില്ല. കാരണം 130 കോടി ജനങ്ങൾ പ്രധാനമന്ത്രി മോദിയുടെ ദീർഘായുസിനായി പ്രാർഥിക്കുന്നുണ്ട്- അമിത് ഷാ അവകാശപ്പെട്ടു.
ഇത്തരമൊരു പാർട്ടിക്ക് ജനങ്ങൾ വോട്ട് ചെയ്യണോ എന്നും അമിത് ഷാ ചോദിച്ചു. ഫെബ്രുവരി 23ന് പവൻ ഖേഡ വിമാനത്തിൽ നിന്ന് ഇറങ്ങുമ്പോൾ ഡൽഹി വിമാനത്താവളത്തിൽ കോൺഗ്രസ് നേതാക്കൾ പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കുന്നത് കേട്ടു. പ്രധാനമന്ത്രിയെ എത്ര അധിക്ഷേപിച്ചാലും നേതാക്കൾ വിജയിക്കില്ലെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാറിനെയും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും പേരെടുത്തു പറഞ്ഞ് അമിത് ഷാ അഭിപ്രായപ്പെട്ടു.
"രാഹുൽ ഗാന്ധി നിങ്ങൾക്ക് എന്ത് സന്ദേശം നൽകിയാലും കോൺഗ്രസും സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും കേൾക്കണം. ചെളി എറിയുന്തോറും താമര വിരിയും. ചെളിയിൽ സുഗന്ധം പരത്തുന്നതാണ് താമരയുടെ സ്വഭാവം. പ്രധാനമന്ത്രിയെ എത്ര അധിക്ഷേപിച്ചാലും കാര്യമില്ല. നിങ്ങൾ വിജയിക്കില്ല"- അമിത് ഷാ പറഞ്ഞു.
കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടുമാസം മാത്രം ബാക്കിനില്‍ക്കേയാണ് അമിത്ഷായുടെ സന്ദർശനം. ഈ വര്‍ഷം ഇത് അഞ്ചാം തവണയാണ് അമിത് ഷാ ദക്ഷിണേന്ത്യയിലെത്തുന്നത്.
അതേസമയം, കർണാടകയിൽ ബി.ജെ.പി എംഎൽഎയുടെ വസതിയിൽ നിന്ന് ലോകായുക്ത- അഴിമതി വിരുദ്ധ വിഭാഗം ആറ് കോടി അനധികൃത പണം പിടിച്ചെടുത്തത് സംസ്ഥാനത്ത് പാർട്ടിയെ പ്രതിരോധത്തിലായിക്കിയിട്ടുണ്ട്. സർക്കാർ സ്ഥാപനമായ കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡ് ചെയർമാനും ചാന്നാഗിരി എം.എൽ.എയുമായ മഡൽ വീരുപക്ഷപ്പയുടെ വസതിയിൽ നിന്നാണ് ഭീമമായ തുക പിടിച്ചെടുത്തത്.
ഇതു കൂടാതെ കെ.എസ്.ഡി.എൽ ഓഫീസിൽ നിന്ന് 1.7 കോടി രൂപയും പിടിച്ചെടുത്തിട്ടുണ്ട്. മകൻ പ്രശാന്ത് മഡലിനെ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത ഉദ്യോഗസ്ഥർ പിടികൂടിയതിനു പിന്നാലെയാണ് എംഎൽഎയുടെ വസതിയിലും ഓഫിസിലും റെയ്ഡ് നടന്നത്.
വ്യാഴാഴ്ച വൈകിട്ട് ബംഗളൂരു ക്രസന്റ് റോഡിലുള്ള എംഎൽഎയുടെ ഓഫീസിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു മകൻ വലയിലായത്. ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സിവറേജ് ബോർഡിന്റെ (ബി.ഡബ്ല്യു.എസ്.എസ്.ബി) ചീഫ് അക്കൗണ്ട്‌സ് ഓഫീസറായ പ്രശാന്തിനെ കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ്‌സ് ലിമിറ്റഡിന്റെ ഓഫീസിൽ വച്ചാണ് പിടികൂടിയത്. തുടർന്ന് പ്രശാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
സോപ്പും മറ്റ് ഡിറ്റർജന്റുകളും നിർമിക്കുന്നതിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ വാങ്ങുന്നതിന് കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് പ്രശാന്ത് പിടിയിലായത്. ഇതോടൊപ്പമാണ് ഈ ഓഫീസിൽ നിന്ന് 1.7 കോടിയും കണ്ടെെടുത്തത്. ഇതിനു പിന്നാലെയാണ് എംഎൽഎയുടെ വസതിയിലും ഓഫീസുകളിലും സംഘം റെയ്ഡ് നടത്തിയത്.