India
പെരുമഴയില്‍ തകര്‍ന്ന് മഹാരാഷ്ട്ര; 136 മരണം, 84,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു
India

പെരുമഴയില്‍ തകര്‍ന്ന് മഹാരാഷ്ട്ര; 136 മരണം, 84,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു

Web Desk
|
24 July 2021 5:26 AM GMT

ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

കോവിഡ് മഹാമാരിക്കൊപ്പം മഹാരാഷ്ട്രയില്‍ വ്യാപക നാശം വിതച്ച് കനത്ത മഴ. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം 136 പേരാണ് മരിച്ചത്. ദുരന്തസാധ്യത മുന്നില്‍ കണ്ട് 84,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു.

ആറ് ജില്ലകളില്‍ ഇന്ത്യൻ മെട്രോയോളജി ഡിപ്പാർട്ട്മെന്‍റ് (IMD)റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശിച്ചു. സായുധ സേനയും ദേശീയ ദുരന്ത നിവാരണ സേനയും ദുരിതബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ശനിയാഴ്ച രാവിലെ ദക്ഷിണ ഗോവയിലെ ദുദ്‌സാഗറിനും സോനുലിമിനുമിടയിൽ പാസഞ്ചർ ട്രെയിൻ പാളം തെറ്റി. കനത്ത മഴയെത്തുടർന്ന് ഗോവ, മഹാരാഷ്ട്രയിലെ ചിപ്ലൂനും കാമത്തേക്കും ഇടയിലുള്ള വസിഷ്ഠി നദി കരകവിഞ്ഞൊഴുകുകയാണ്.

വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 136 പേരാണ് ഇതുവരെ മരിച്ചത്. തീരദേശ റായ്ഗഡ് ജില്ലയിലെ മഹാദ് തഹ്‌സിലിലെ ഗ്രാമത്തിൽ വ്യാഴാഴ്ച ഉണ്ടായ മണ്ണിടിച്ചിലിൽ 38 പേരാണ് മരിച്ചത്. മരിച്ചവരില്‍ ഭൂരിഭാഗവും റായ്ഗഡ്, സതാര ജില്ലകളിൽ നിന്നുള്ളവരാണെന്ന് അധികൃതർ അറിയിച്ചു. പുണെ ഡിവിഷനിൽ കോലാപ്പൂർ ജില്ലയിലെ 40,000 ത്തിലധികം പേർ ഉൾപ്പെടെ 84,452 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. കോലാപൂർ നഗരത്തിനടുത്തുള്ള പഞ്ചഗംഗ നദി 2019ലുണ്ടായ വെള്ളപ്പൊക്കത്തില്‍ കര കവിഞ്ഞതിനെക്കാള്‍ കൂടുതല്‍ ഉയരത്തില്‍ ഒഴുകുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

Similar Posts