India
14 BJP MLAs in touch with us, Naveen Patnaik-led BJD will form govt again very soon: Rajya Sabha MP Munna Khan, Odisha, Odisha BJP government

മുന്ന ഖാന്‍

India

ഒഡിഷയിൽ ബിജെപി സർക്കാർ വീഴുമോ? 14 എംഎൽഎമാർ ബന്ധപ്പെട്ടെന്ന് ബിജെഡി നേതാവ്

Web Desk
|
5 Nov 2024 11:15 AM GMT

കഴിഞ്ഞ മേയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഒഡിഷയിൽ ചരിത്രത്തിലാദ്യമായി ബിജെപി അധികാരം പിടിച്ചത്

ഭുവനേശ്വർ: ഒഡിഷ ബിജെപി സർക്കാരിൽ വിള്ളലുണ്ടാകുമെന്ന അവകാശവാദവുമായി ബിജു ജനതാദൾ(ബിജെഡി) നേതാവ്. നിരവധി ഭരണകക്ഷി എംഎൽഎമാർ തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്ന് രാജ്യസഭാ അംഗം മുന്ന ഖാൻ അവകാശപ്പെട്ടു. അധികം വൈകാതെ നവീൻ പട്‌നായിക്കിന്റെ നേതൃത്വത്തിൽ ബിജെഡി സർക്കാർ അധികാരത്തിൽ തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു.

നബ്രാങ്പൂരിൽ ജനസമ്പർക്ക പദയാത്രയ്ക്കിടെയാണ് ബിജെഡി നേതാവിന്റെ അവകാശവാദം. 14 ബിജെപി എംഎൽഎമാർ തങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് മുന്ന ഖാൻ പറഞ്ഞു. മോഹൻ ചരൺ മാജിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെ താഴെയിറക്കാൻ ഇവർക്കാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

'തെരഞ്ഞെടുപ്പിനുമുൻപ് 22 ബിജെഡി എംഎൽഎമാരാണ് പാർട്ടി വിട്ട് ബിജെപിക്കൊപ്പം ചേർന്നത്. അവരെല്ലാം പിന്നീട് എംഎൽഎമാരും ആയി. ഇതിൽ ചുരുങ്ങിയത് 14 പേർ ഞങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. അധികം വൈകാതെ അവരെല്ലാം ബിജെപി വിട്ട് പാർട്ടിക്കൊപ്പം ചേരും. ഒരിക്കൽ കൂടി ഞങ്ങൾ സർക്കാർ രൂപീകരിക്കും'-മുന്ന ഖാൻ പറഞ്ഞു.

നിലവിൽ 90 ശതമാനം ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളും ബിജെഡിക്കു കീഴിലാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇപ്പോൾ ഒരു തെരഞ്ഞെടുപ്പ് നടത്തിയാൽ തങ്ങൾക്ക് 100 ശതമാനം വിജയസാധ്യതയുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

എന്നാൽ, എംപിയുടെ അവകാശവാദങ്ങൾ ബിജെപി തള്ളി. 2029 വരെ ബിജെഡി നിലനിൽക്കുമോ എന്ന കാര്യം തന്നെ സംശയത്തിലാണെന്ന് ബിജെപി നേതാവ് ജയനാരായണൻ മിശ്ര തിരിച്ചടിച്ചു. ബിജെഡി നേതാക്കളെല്ലാം സ്വന്തം ഭാവിയിൽ ആശങ്കാകുലരാണ്. പാർട്ടിയുടെ സ്ഥിതി കണ്ട് പലരും തങ്ങളുമായി സംസാരിക്കുകയും രാഷ്ട്രീയഭാവിയെക്കുറിച്ച് ആശങ്ക പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. 14 ബിജെപി എംഎൽഎമാരെ കിട്ടിയാൽ അവർക്ക് ഭൂരിപക്ഷം ലഭിക്കുമോ? അങ്ങനെ കരുതുന്നയാൾക്ക് രാഷ്ട്രീയത്തിന്റെ ഗണിതശാസ്ത്രം വശമില്ലെന്നു കരുതേണ്ടിവരുമെന്നും ജയനാരായണൻ പറഞ്ഞു.

കഴിഞ്ഞ മേയിൽ ലോക്‌സഭയ്‌ക്കൊപ്പം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഞെട്ടിപ്പിക്കുന്ന വിജയമാണ് ബിജെപി നേടിയത്. 147 അംഗ സഭയിൽ 78 സീറ്റ് നേടിയാണ് ചരിത്രത്തിലാദ്യമായി ഒഡിഷയിൽ ബിജെപി സർക്കാർ അധികാരത്തിലേറിയത്. അപ്രതീക്ഷിത തിരിച്ചടി നേരിട്ട ബിജു ജനതാദൾ 112ൽനിന്ന് 51 സീറ്റിലേക്കു കൂപ്പുകുത്തി. പാർട്ടി തലവൻ നവീൻ പട്‌നായിക് ഉൾപ്പെടെ പ്രമുഖരെല്ലാം അടിതെറ്റിവീണു. ആദിവാസി നേതാവും ദീർഘകാലമായി ഒഡിഷ ബിജെപിയുടെ മുഖവുമായ മോഹൻ ചരൺ മാജിയാണ് പാർട്ടിയുടെ ആദ്യ മുഖ്യമന്ത്രിയായി അധികാരമേറ്റത്.

Summary: 14 BJP MLAs in touch with us, Naveen Patnaik-led BJD will form govt again very soon: Rajya Sabha MP Munna Khan

Similar Posts