അസമിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 14 മരണം; 27 പേർക്ക് പരിക്ക്
|വിനോദസഞ്ചാരികളുമായി പോവുകയായിരുന്നു ബസെന്ന് പൊലീസ് അറിയിച്ചു.
ഗുവാഹത്തി: അസമിൽ സ്വകാര്യ ബസും ട്രക്കും കൂട്ടിയിടിച്ച് 14 മരണം. 27 പേർക്ക് പരിക്ക്. അസമിലെ ഗോലാഘട്ട് ജില്ലയിൽ ദെർഗാവിലെ ബാലിജൻ മേഖലയിൽ പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം.
12 പേർ അപകട സ്ഥലത്തു വച്ചു തന്നെയും രണ്ട് പേർ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. കൂടുതൽ ചികിത്സ വേണമെങ്കിൽ ഇവരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റണമെന്ന് സർക്കാർ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.
45 പേരുമായി പോവുകയായിരുന്ന ബസുമായി ട്രക്ക് കൂട്ടിയിടിക്കുകയായിരുന്നു. വിനോദസഞ്ചാരികളുമായി പോവുകയായിരുന്നു ബസെന്ന് പൊലീസ് അറിയിച്ചു.
പുലർച്ചെ മൂന്ന് മണിയോടെയാണ് വിനോദസഞ്ചാരികൾ യാത്രയാരംഭിച്ചത്. എന്നാൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് തൊട്ടുമുമ്പ് മാർഗരിറ്റയിൽ നിന്ന് വന്ന കൽക്കരി നിറച്ച ട്രക്ക് ബസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
അപകടത്തിൽ ബസിന്റെ പകുതി ഭാഗം തകർന്നു. അപകടത്തിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യം അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.