ഏഴ് സംസ്ഥാനങ്ങളിൽ നിന്നായി 14 വിവാഹം; വിവാഹ തട്ടിപ്പു വീരൻ പിടിയിൽ
|ഡോക്ടറാണെന്ന് പറഞ്ഞ് സത്രീകളെ തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ വിവാഹം കഴിച്ചിരുന്നത്
ഏഴ് സംസ്ഥാനങ്ങളിൽ നിന്നായി 14 സ്ത്രീകളെ വിവാഹം ചെയ്ത വിവാഹ തട്ടിപ്പു വീരൻ പൊലീസ് പിടിയിൽ. കഴിഞ്ഞ 48 വർഷത്തിനിടെ 14 സ്ത്രീകളെ വിവാഹം കഴിച്ച ഇയാളെ ഒഡിഷയിലെ ഭുവനേശ്വറിൽ നിന്നാണ് പൊലീസ് പിടികൂടിയത്. പ്രതിയുടെ പൂർവ്വകാല ചരിത്രം സ്കൂൾ അധ്യാപികയായി ജോലി ചെയ്യുന്ന അവസാനത്തെ ഭാര്യ മനസിലാക്കിയിരുന്നു. പിന്നീട് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
'1982 ലാണ് പ്രതി ആദ്യമായി വിവാഹം കഴിക്കുന്നത്. 2002 ൽ രണ്ടാം ഭാര്യയെയും വിവാഹം കഴിച്ചു. ഈ രണ്ട് വിവാഹങ്ങളിൽ പ്രതിക്ക് അഞ്ച് കുട്ടികളുമുണ്ട്. പിന്നീട് മാട്രിമോണിയൽ വെബ്സൈറ്റുകൾ വഴി സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് മുൻ ഭാര്യമാരറിയാതെ മറ്റു സ്ത്രീകളെ ഇയാൾ വിവാഹം കഴിച്ചു'. ഭുവനേശ്വർ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഉമാശങ്കർ ദാഷ് പറഞ്ഞു. നിരവധി സ്ത്രീകളിൽ നിന്നായി ഇയാൾ പണം തട്ടിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ പ്രതി കുറ്റം സമ്മതിച്ചിട്ടില്ല. ഡോക്ടറാണെന്ന് പറഞ്ഞ് സത്രീകളെ തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ വിവാഹം കഴിച്ചിരുന്നത്. ഇയാൾ വിവാഹം കഴിച്ചതാകട്ടെ, അഭിഭാഷകകരും ഫിസ്ഷ്യന്മാരും വിദ്യാ സമ്പന്നരുമായ സ്ത്രീകളെ.
വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്. മധ്യവയസ്കരായ സ്ത്രീകളെ വിവാഹം കഴിച്ച്് അവരിൽ നിന്ന് പണം തട്ടാൻ പ്രതി പദ്ധതിയിട്ടിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇയാളുടെ ആദ്യ രണ്ടു ഭാര്യമാർ ഒഡിഷയിൽ നിന്നുള്ളവരായിരുന്നു. 2018ൽ ന്യൂഡൽഹിയിൽ വെച്ച് കല്ല്യാണം കഴിച്ച സ്കൂൾ അധ്യാപികയെ പ്രതി ഭുവനേശ്വറിലേക്ക് കൊണ്ടുപോവുകയായിരുന്നു. പ്രതിയുടെ കയ്യിൽ നിന്നും 11 എ.ടി.എം കാർഡുകളും നാല് ആധാർ കാർഡുകളും മറ്റു രേഖകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഹൈദരാബാദിലും എറണാകുളത്തും തൊഴിൽരഹിതരായ യുവാക്കളെ കബളിപ്പിച്ചതിനും വായ്പാ തട്ടിപ്പിനും ഇയാൾ നേരത്തെ രണ്ടുതവണ അറസ്റ്റിലായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.