India
ജല്ലിക്കെട്ട് കാണാനെത്തിയ 14കാരൻ കാളയുടെ കുത്തേറ്റ് മരിച്ചു
India

ജല്ലിക്കെട്ട് കാണാനെത്തിയ 14കാരൻ കാളയുടെ കുത്തേറ്റ് മരിച്ചു

Web Desk
|
22 Jan 2023 4:32 AM GMT

ഈ വർഷം തമിഴ്നാട്ടിൽ ജല്ലിക്കെട്ടുമായി ബന്ധപ്പെട്ട് മരിക്കുന്ന നാലാമത്തെയാളാണ് ​ഗോകുൽ.

ചെന്നൈ: തമിഴ്‌നാട്ടിൽ ജല്ലിക്കെട്ട് കാണാനെത്തിയ 14 വയസുകാരൻ കാളയുടെ കുത്തേറ്റ് മരിച്ചു. ധർമപുരിയിലെ തടങ്ങം ഗ്രാമത്തിലാണ് സംഭവം.

ഗോകുൽ എന്ന കുട്ടിയാണ് മരിച്ചത്. കുടുംബാം​ഗങ്ങൾക്കൊപ്പമാണ് ​ഗോകുൽ ജല്ലിക്കെട്ട് കാണാനെത്തിയത്. തുറന്നുവിട്ടതോടെ പാഞ്ഞുവന്ന കാളകളിൽ ഒന്ന് സമീപത്തു നിന്ന കുട്ടിയെ കുത്തുകയായിരുന്നു.

വയറ്റിൽ കുത്തേറ്റതിനെ തുടർന്ന് ​ഗുരുതരമായി പരിക്കേറ്റ ബാലനെ ഉടൻ ധർമപുരി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ ധർമപുരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗോകുലിന് പരിക്കേറ്റത് എങ്ങനെയെന്ന് കണ്ടെത്താൻ ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.

ഈ വർഷം തമിഴ്നാട്ടിൽ ജല്ലിക്കെട്ടുമായി ബന്ധപ്പെട്ട് മരിക്കുന്ന നാലാമത്തെയാളാണ് ​ഗോകുൽ. കഴിഞ്ഞയാഴ്ച മധുരയിൽ ജല്ലിക്കട്ടിനിടെ കാളയുടെ ആക്രമണത്തിൽ 26കാരൻ മരിച്ചിരുന്നു. പാലമേട് സ്വദേശിയായ ഗോപാലൻ അരവിന്ദ് രാജ് ആണ് മരിച്ചത്. സംഭവത്തിൽ മാധ്യമ പ്രവർത്തകൻ ഉൾപ്പെടെ 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

മൂന്ന് റൗണ്ടുകളിലായി ഒമ്പത് കാളകളെ മെരുക്കിയ അരവിന്ദ് രാജിനെ ആക്രമണമേറ്റതിനു പിന്നാലെ ആദ്യം പ്രാഥമികാരോ​ഗ്യ കേന്ദ്രത്തിൽ എത്തിച്ചു. ഉടൻ അവിടെ നിന്ന് മധുരയിലെ സർക്കാർ രാജാജി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മത്സരത്തിനിടെ കാളയെ പിടിക്കാൻ ശ്രമിച്ചപ്പോൾ അരവിന്ദിന്റെ അടിവയറ്റിൽ കുത്തേൽക്കുകയായിരുന്നു എന്ന് മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞിരുന്നു.

കഴിഞ്ഞ ഞായറാഴ്ച ആവണിയാപുരത്ത് നടന്ന ജല്ലിക്കെട്ടിൽ കാളയെ മെരുക്കുന്നതിനിടെ 75 പേർക്ക് പരിക്കേറ്റിരുന്നു. എല്ലാ വർഷവും മാട്ടുപൊങ്കൽ ദിനത്തിൽ പാലമേട്ടിൽ നടക്കുന്ന ജെല്ലിക്കെട്ട് കടുത്ത മത്സരത്തിനാണ് സാക്ഷ്യം വഹിക്കുന്നത്.

തമിഴ്‌നാട്ടിലെ പുതുക്കോട്ടൈ, തിരുച്ചിറപ്പള്ളി, ദിണ്ടിഗൽ തുടങ്ങിയ ഭാഗങ്ങൾക്ക് പുറമെ മധുരയിലെ അലംഗനല്ലൂർ, ആവണിയാപുരം, പാലമേട് തുടങ്ങിയ സ്ഥലങ്ങളിലും ജെല്ലിക്കെട്ട് വളരെ ആവേശത്തോടെ സംഘടിപ്പിക്കാറുണ്ട്.





Similar Posts